പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് രണ്ടാം ദിനമായിട്ടും ജില്ലയിലെ യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ സ്ഥാനാർഥി പ്രഖ്യാപനം എങ്ങുമെത്തിയില്ല. എൽ.ഡി.എഫിൽ പാലക്കാട് മണ്ഡലത്തിലും ഏകദേശ ധാരണയേ ആയിട്ടുള്ളൂ. ജില്ലയിലെ സ്ഥാനാർഥി നിർണയത്തെക്കുറിച്ച് പുറത്തുവന്ന ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം യു.ഡി.എഫ് പാലക്കാട് മണ്ഡലത്തിൽ നടൻ രമേശ് പിഷാരടിയെ സ്ഥാനാർഥിയാക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ മത്സരരംഗത്തുനിന്ന് മാറിയ സാഹചര്യത്തിലാണ് പിഷാരടിയെ പരിഗണിക്കുന്നത്. ഷാഫി പറമ്പിൽ പക്ഷം പിഷാരടിയുടെ പേരിന് ശക്തമായ പിന്തുണ നൽകുന്നുണ്ടെങ്കിലും, പുറത്തുനിന്നുള്ളയാളെ കൊണ്ടുവരുന്നതിൽ ചില പ്രാദേശിക നേതാക്കൾക്ക് വിയോജിപ്പുണ്ട്. മറ്റ് മണ്ഡലങ്ങളിലൊന്നും യു.ഡി.എഫ് ചിത്രം തെളിഞ്ഞിട്ടില്ല. പ്രമുഖ ഹോട്ടൽ വ്യവസായി എൻ.എം.ആർ. റസാഖിനെ പാലക്കാട്ട് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ശിപാർശ ചെയ്തതായാണ് വിവരം.
വിജയസാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി പി. സരിൻ പാലക്കാട്ട് മത്സരിക്കാനില്ലെന്ന് അറിയിച്ചതിനെത്തുടർന്നാണ് പുതിയ പേരുകൾ പരിഗണിച്ചത്. എൽ.ഡി.എഫിന് വേണ്ടി ചിറ്റൂരിൽ വി. മുരുകദാസിന്റെ (ഐ.എസ്.ജെ.ഡി.) പേര് തിങ്കളാഴ്ച ഔദ്യോഗികമായി പാലക്കാട്ട് പ്രഖ്യാപിച്ചു. പാലക്കാട് മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെയും മലമ്പുഴയിൽ സി. കൃഷ്ണകുമാറിനെയും ഒറ്റപ്പാലത്ത് മേജർ രവിയെയും ഷൊർണൂരിൽ ശങ്കു ടി. ദാസിനെയും ആദ്യ സ്ഥാനാർഥി പട്ടികയിൽ ബി.ജെ.പി ഉൾപ്പെടുത്തി. ശോഭ സുരേന്ദ്രനും കൃഷ്ണകുമാറും ഇതിനകം തന്നെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പാലക്കാട് ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് പ്രചാരണം തുടങ്ങിയിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ല കലക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വിധത്തിൽ ഒരു പ്രവർത്തനങ്ങളും സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ജില്ല കലക്ടർ പറഞ്ഞു.
രാഷ്ട്രീയകക്ഷികൾക്ക് ചിലവഴിക്കാവുന്ന തുക വിലയിരുത്തുന്നതിനും നിർദേശങ്ങൾ സ്വീകരിക്കുന്നതിനുമായാണ് യോഗം ചേർന്നത്. ഹരിതചട്ടം പാലിക്കുക, ഫ്ലക്സ്, പോസ്റ്ററുകൾ തുടങ്ങിയവയിൽ അച്ചടിക്കുന്ന സ്ഥാപനത്തിന്റെയും പബ്ലിഷറുടെയും പേരും മറ്റു വിവരങ്ങളും ഉൾപ്പെടുത്തുക, സമയബന്ധിതമായി നാമനിർദേശപത്രികകൾ സമർപ്പിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും യോഗത്തിൽ വ്യക്തമാക്കി. ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.ജി. പ്രാൺ സിങ്, തെരഞ്ഞെടുപ്പ് വിഭാഗം ഹെഡ് ക്ലർക്ക് പി.എ. ടോംസ്, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
നിയമസഭ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ മാധ്യമ പരസ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിനും പെയ്ഡ് ന്യൂസുകള്‍ നിരീക്ഷിക്കുന്നതിനുമായി ജില്ലതല മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) രൂപവത്കരിച്ച് ജില്ല കലക്ടര്‍ ഉത്തരവിറക്കി. ജില്ല തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ല കലക്ടർ എം.എസ്. മാധവിക്കുട്ടിയാണ് സമിതിയുടെ അധ്യക്ഷ. ആര്.ഡി.ഒയും എസ്.ഡി.എമ്മുമായ പി. അന്‍വര്‍ സാദത്ത്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് സുരേഷ്, പാലക്കാട് പ്രസ് ക്ലബ് പ്രസിഡന്റ് നോബിള്‍ ജോസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സമിതി പരിശോധിച്ച് അനുമതി നല്‍കും. സ്ഥാനാർഥികള്‍ നല്കുന്ന പത്രവാര്‍ത്തകള്‍ പെയ്ഡ് ന്യൂസ് ആണോ എന്ന് പരിശോധിക്കുന്നതും സമിതിയുടെ ചുമതലയാണ്. പത്രങ്ങള്‍, ചാനലുകള്‍, കേബിള്‍ നെറ്റ്വര്ക്കുകള്, റേഡിയോ, സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് തുടങ്ങിയ എല്ലാ മാധ്യമങ്ങളും സമിതിയുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.
സ്ഥാനാർഥികളുടെ ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ടും സമിതി പരിശോധന നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന നോട്ടീസുകള്‍, പോസ്റ്ററുകള്‍ എന്നിവയില്‍ പ്രിന്ററുടെയും പബ്ലിഷറുടെയും പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തണം. സ്ഥാനാര്‍ഥിയുടെ അനുമതിയില്ലാതെ പത്രങ്ങളില്‍ പരസ്യം നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.