മണ്ണാര്‍ക്കാട്: മണ്ണാർക്കാട് ആസ്ഥാനമായ ജില്ല പട്ടികജാതി-പട്ടികവര്‍ഗ കോടതിയിൽ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനം നീളുന്നത് പ്രതിസന്ധിയാകുന്നു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുള്‍പ്പെടെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ കോടതിയിലാണ്.
ഏഴ് മാസമായി തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്. മുമ്പുണ്ടായിരുന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ 2025 ജൂലായ് 11നാണ് കാലാവധികഴിഞ്ഞതിനെ തുടര്‍ന്ന് ഒഴിഞ്ഞത്. പകരം ഇതുവരെയും ആളെ നിയമിച്ചിട്ടില്ല. ഇതോടെ കോടതിയില്‍ വിചാരണക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന കേസുകളിലുള്‍പ്പെടെ എത്തുന്ന സാക്ഷികള്‍ കോടതിയില്‍വന്ന് മടങ്ങിപോകേണ്ടിവരുന്ന സാഹചര്യമുണ്ട്. സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ അഭാവത്തില്‍, കസ്റ്റഡി അപേക്ഷകള്‍പോലെയുള്ളവയില്‍ ജില്ല ഗവ. പ്ലീഡര്‍മാര്‍ ഓണ്‍ലൈനായി എത്തിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ കീഴിലാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമന നടപടികള്‍ നടക്കേണ്ടത്. മൂന്നുവര്‍ഷമാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ കാലാവധി.
അട്ടപ്പാടി താലൂക്ക് ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ അധികാരപരിധിയുള്ള കോടതികൂടിയാണിത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കല്‍, മര്‍ദിച്ച് പരിക്കേല്‍പ്പിക്കല്‍, വധശ്രമം, പീഡനം, കൊലപാതകം തുടങ്ങിയ നിരവധി കേസുകള്‍ ഇവിടേക്കാണ് എത്താറുള്ളത്.
ഇത്തരം കേസുകളുടെ ഭാഗമായി കിലോമീറ്ററുകള്‍ സഞ്ചരിച്ച് കോടതിയിലെത്തുന്ന ആദിവാസികളുള്‍പ്പെടെയുള്ളവര്‍ അകാരണമായി മടങ്ങേണ്ടിവരുന്ന സഹാചര്യമാണ്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറില്ലാത്തതിനാല്‍ വിചാരണ മുന്നോട്ടുകൊണ്ടുപോകാനുമാകുന്നില്ല.
സാക്ഷികള്‍ക്ക് സമന്‍സ് അയക്കുന്നതുപോലും നിര്‍ത്തിവെച്ചിരിക്കുകയാണ്. മുന്‍കൂര്‍ജാമ്യാപേക്ഷയും മറ്റും പരിഗണിക്കാനും ബുദ്ധിമുട്ടനുഭവപ്പെടുന്നു. വിചാരണനടപടികള്‍ പൂര്‍ത്തിയായാല്‍മാത്രമേ കേസില്‍ വിധിനിര്‍ണയം നടത്താന്‍ ജഡ്ജിക്കും കഴിയൂ. അടുത്തിടെ നടന്ന വാളയാറില്‍നടന്ന ആള്‍ക്കൂട്ടകൊലപാതകകേസ് വരെ ഈ കോടതിയിലേക്കാണ് എത്താനുള്ളത്. '
ഇതിനാല്‍, എസ്.സി -എസ്.ടി കോടതിയിലെ വിചാരണ നടപടികള്‍ കാലതാമസമില്ലാതെ ആരംഭിക്കുന്നതിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം ഉടനെയുണ്ടാകണമെന്ന പൊതുആവശ്യവും ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.