കല്ലടിക്കോട്: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം ജനങ്ങളെ ഭീതിയിലാഴ്ത്തി. കരിമ്പ പഞ്ചായത്തിലെ മൂന്നേക്കറിന് സമീപം മരുതംകാട് പ്രദേശത്താണ് കൊമ്പനുൾപ്പെടെ മൂന്നംഗ കാട്ടാനക്കൂട്ടം ഇറങ്ങിയത്. മരുതംകാട് ആനക്കല്ല് ക്വാറിയുടെ മുകളിലാണ് കാട്ടാനകൾ എത്തിയത്. ക്വാറിയുടെ താഴേക്ക് കാട്ടാനകൾ ഇറങ്ങിയാൽ മൂന്നേക്കറിലും പരിസരങ്ങളിലുമുള്ള ജനവാസ മേഖലയിലാണ് എത്തുക.
ശനിയാഴ്ച രാവിലെ 11 മണിയോടെ സമീപത്തെ പറമ്പുകളിൽ ജോലി എടുക്കുന്ന തൊഴിലാളികളാണ് കാട്ടാനകളെ കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിച്ചു. സ്ഥലത്തെത്തത്തിയ ദ്രുത പ്രതികരണ സേനയും വനപാലകരും കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ നടപടിയെടുത്തു.
ക്വാറിക്ക് മുകളിലെ കാട്ടിൽ മണിക്കൂറുകളോളം കാട്ടാനകൾ തമ്പടിച്ചതിനാൽ ഏത് സമയത്തും താഴെ ഇറങ്ങാനുള്ള സാധ്യത പരിഗണിച്ച് നാട്ടുകാരുടെ സഹായത്തോടെ ബഹളം വെച്ചും പടക്കം പൊട്ടിച്ചും കാട്ടാനകളെ തൊട്ടടുത്ത കരിമല വനമേഖലയിലേക്ക് തുരത്തി. ആറ്റ്ല പ്രദേശത്ത് നിന്നാണ് കാട്ടാനകൾ എത്തിയതെന്നാണ് സൂചന. ഒരാഴ്ച മുമ്പ് ചുള്ളിയാംകുളം ഭാഗത്ത് നിർത്തിയിട്ട ഓട്ടോ കാട്ടാന തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.