ബെമൽ കൈമാറ്റം മാർച്ച്​ 31നകം; ആസ്തിയിൽ കണ്ണുവെച്ച്​ സ്വകാര്യ കമ്പനികൾ

പാലക്കാട്​: പൊതുമേഖല സ്ഥാപനമായ ബെമലിന്‍റെ ഉടമസ്ഥാവകാശം നേടാൻ മത്സരിക്കുന്ന സ്വകാര്യ കമ്പനികളുടെ ലക്ഷ്യം റിയൽ എസ്​റ്റേറ്റ് കച്ചവടം​​. ബെമ​ലിന്​ ഓഹരി വിലയായി നിശ്ചയിച്ച 1800 കോടി രൂപക്ക്​ സ്വകാര്യ കമ്പനികളുടെ കൈവശമെത്തുന്നത്​ 25,000 കോടി രൂപയുടെ സർക്കാർ ആസ്തി. ഒരു വർഷമായി തുടരുന്ന തൊഴിലാളി സമരം അവഗണിച്ചാണ്​ കേന്ദ്ര സർക്കാർ ​ഓഹരി വിൽപനയുമായി മുന്നോട്ടുപോകുന്നത്​. മാർച്ച്​ 31ന്​​ ടെൻഡർ ഉറപ്പിക്കും​. ​ബെമലിന്‍റെ (ഭാരത്​ എർത്ത്​ മൂവേഴ്​സ് ലിമിറ്റഡ്​​) ഓഹരി വിറ്റഴിക്കാൻ 2019 ജനുവരിയിലാണ്​ കേന്ദ്ര സർക്കാർ താൽപര്യപത്രം ക്ഷണിച്ചത്​. കേന്ദ്ര സർക്കാറിന്‍റെ കൈവശമുള്ള 54 ശതമാനം ഓഹരിയിൽ 26 ശതമാനമാണ്​ വിറ്റഴിക്കുന്നത്​. മാനേജ്​മെന്‍റ്​ അധികാരവും ഓഹരി വാങ്ങുന്ന കമ്പനിക്കാകും. രണ്ട്​ വിദേശ കമ്പനികൾ ഉൾപ്പെടെ ആറ്​ കമ്പനികളാണ് ​താൽപര്യപത്രം സമർപ്പിച്ചത്​. ഓരോ വർഷവും കേന്ദ്ര സർക്കാറിന്​ കോടികൾ ലാഭം ഉണ്ടാക്കിത്തരുന്ന, പ്രതിരോധ മന്ത്രാലയത്തിന്​ കീഴിലുള്ള മിനിരത്ന ഒന്നിൽപെട്ട കമ്പനിയാണിത്​. മെട്രോ റെയിൽ കോച്ചുകൾ, സൈനിക ട്രക്കുകൾ എന്നിവയാണ്​ ബെമൽ പ്രധാനമായും നിർമിക്കുന്നത്​. ബംഗളൂരു നഗരത്തിൽ 110 ഏക്കറും മൈസൂരുവിൽ 200 ഏക്കറും കോലാറിൽ 2400 ഏക്കറും കഞ്ചിക്കോട്ട്​​ 145 ഏക്കറും ബെമലിനുണ്ട്​. ബംഗളൂരുവിൽ ഒരു ചതുരശ്ര അടി സ്ഥലത്തിന് ​25,000 രൂപയാണ്​ വിപണിവില. ചെന്നൈ, മുംബൈ, കൊച്ചി എന്നിവിടങ്ങളിലും ബെമലിന്​ ഭൂമിയുണ്ട്. ഇതുൾപ്പെടെ 56,000 കോടി രൂപ ആസ്തിയുള്ള മിനിരത്ന ഒന്നിൽപെട്ട സ്ഥാപനമാണ്​ ഓഹരിവില കണക്കാക്കി തുച്ഛ വിലയ്ക്ക്​ ​വിൽക്കുന്നത്​. ബെമ​ൽ ഭൂമിയിലാണ്​ സ്വകാര്യ കുത്തകകൾ കണ്ണുവെക്കുന്നത്​. 2020-21ൽ 3557 കോടി വിറ്റുവരവും 93 കോടി ലാഭവുമുണ്ടാക്കിയ ബെമലിന്​ അടുത്ത മൂന്ന് ​വർഷത്തേക്ക്​ 10,000 കോടി രൂപയുടെ ഉൽപാദനത്തിനും കരാർ ​ലഭിച്ചിട്ടുണ്ട്​. മുംബൈ മെട്രോയുടെ 4000​ കോടിയുടെ ഓർഡർ ഉൾപ്പെടെയാണിത്​. ഓഹരി വിറ്റഴിക്കലിനെതിരെ പാലക്കാട്​ അടക്കം വിവിധ സംസ്ഥാനങ്ങളിലെ ആറു നിർമാണ യൂനിറ്റുകളിലും പത്ത്​ റീജനൽ ഓഫിസുകളിലും നാല്​ സർവിസ്​ സൻെററുകളിലും ജീവനക്കാർ അനിശ്ചിതകാല സമരത്തിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.