പാലക്കാട്: പരിസ്ഥിതി പ്രവർത്തകൻ എം.കെ. പ്രസാദിന്‍റെ വേർപാടോടെ വിട പറയുന്നത് പാലക്കാടിന്‍റെ പാരിസ്ഥിതിക സന്തുലനാവസ്ഥക്ക് സമഗ്ര സംഭാവന നൽകിയ അതുല്യ വ്യക്തിത്വം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ഗവേഷണ സ്ഥാപനമായ ഐ.ആർ.ടി.സിയുടെ ഡയറക്ടറായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ ഊർജസംരക്ഷണ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നിർദേശങ്ങളാണ് പ്രസാദ് നൽകിയിരുന്നതെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. നിർദേശങ്ങൾ മാത്രമല്ല, സാധാരണക്കാരിലേക്ക് പ്രായോഗിക തലത്തിൽ അത് എത്തിക്കുന്നതിലും അദ്ദേഹത്തിന് സാധിച്ചു. പരിഷത്ത് വികസിപ്പിച്ച 'ചൂടാറാപ്പെട്ടി' ഇതിനുദാഹരണമാണ്. കുറഞ്ഞ ചെലവിൽ ഭക്ഷണം ചൂടോടെ സൂക്ഷിക്കാനും ഇന്ധന ചെലവ് കുറക്കാനും സഹായമായിരുന്നു ഈ കൊച്ചു കണ്ടുപിടിത്തം. വൻകിട ജലവൈദ്യുത പദ്ധതികൾക്ക് ബദലായി ചെറുകിട പദ്ധതിയെന്ന ആശയം മുന്നോട്ടുവെക്കുന്നതോടൊപ്പം അത് പ്രായോഗികമായി ആവിഷ്കരിക്കാനും പ്രസാദ് എന്നും മുന്നിലുണ്ടായിരുന്നു. സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ജില്ല പഞ്ചായത്ത് നിർമിച്ച മീൻവല്ലം ജലവൈദ്യുത പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായവുമായി ഐ.ആർ.ടി.സിക്കൊപ്പം പ്രസാദുമുണ്ടായിരുന്നു. 1970കളുടെ ഒടുവിൽ സൈലന്റ് വാലിയിൽ അണക്കെട്ട് നിർമിക്കാൻ വൈദ്യുതി ബോർഡ് മുന്നോട്ടുവെച്ച പദ്ധതി അവിടുത്തെ അപൂർവ ജൈവവൈവിധ്യത്തിനും കേരളത്തിലെ പരിസ്ഥിതിക്കും വലിയ ദോഷം വരുത്തുമെന്ന് സ്ഥാപിക്കാൻ പ്രഫ. എം.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവർത്തകർക്ക് കഴിഞ്ഞു. തുടർന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് 'സേവ് സൈലൻറ് വാലി' കാമ്പയിൻ ആവിഷ്കരിച്ചപ്പോൾ പ്രസാദ് മുൻനിരയിലുണ്ടായിരുന്നു. പരിസ്ഥിതിയെയും വികസനത്തെയും ഒരുമിച്ച് നിർത്തി സുസ്ഥിര വികസന കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കുന്നതിലും പാരിസ്ഥിതികാവബോധം കരുപ്പിടിപ്പിക്കുന്നതിലും സൈലൻറ് വാലി സമരവും അതിന് നേതൃത്വം കൊടുത്ത പ്രഫ. എം.കെ. പ്രസാദും വലിയ പങ്ക് വഹിച്ചു. ഇൻഫർമേഷൻ കേരള മിഷൻ ചെയർമാനെന്ന നിലയിൽ പഞ്ചായത്തുകളുടെ ഡിജിറ്റൽവൽക്കരണത്തിലും ജനകീയാസൂത്രണത്തിൽ വിവിധ തലങ്ങളിലെ പ്രവർത്തനങ്ങളിലും വലിയ സംഭാവന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.