ജീവിതസമരപ്പന്തലിൽനിന്ന് മയിലമ്മ വിടവാങ്ങിയിട്ട് ഒന്നര പതിറ്റാണ്ട്

ദിലീപ്​ ചിറ്റൂർ പ്ലാച്ചിമട: കൊക്കക്കോള വിരുദ്ധ സമരനായിക മയിലമ്മ ജീവിതത്തിന്‍റെ സമരപ്പന്തലിൽനിന്ന് വിട പറഞ്ഞിട്ട് ഇന്ന് 15 വർഷം. ജലസംരക്ഷണത്തിന് പ്രാധാന്യം നൽകി മയിലമ്മയെന്ന ആദിവാസി വീട്ടമ്മയുടെ നേതൃത്വത്തിൽ നടന്ന സമരം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ച പോരാട്ടമായി ചരിത്രത്തിൽ ഇടം നേടി. പ്ലാച്ചിമടയിലെ ഭൂഗർഭജലത്തിന്‍റെ അവസാന തുള്ളിയും ഊറ്റിയെടുക്കാനിറങ്ങിയ കൊക്കക്കോള എന്ന ആഗോള ഭീമനെ നിശ്ചയദാർഢ്യം കൊണ്ട് മുട്ടുകുത്തിക്കാൻ നിരക്ഷരയായ മയിലമ്മക്ക്​ കഴിഞ്ഞു. കൊക്കക്കോള കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നതുവരെ ഒരു രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയില്ലാതെ അവർ സമരമുഖത്ത് ഉറച്ചുനിന്നു. സമീപവാസികളായ വീട്ടമ്മമാരുടെയും സാമൂഹിക പ്രവർത്തകരുടെയും പിന്തുണയോടെ നടന്ന സമരത്തിനും നിയമപോരാട്ടങ്ങൾക്കുമൊടുവിൽ 2004 മാർച്ചിൽ കമ്പനി അടച്ചുപൂട്ടി. 1937 ആഗസ്റ്റ് 10ന് പാലക്കാട് മുതലമട പഞ്ചായത്തിൽ ആട്ടയാംപതിയിലെ ആദിവാസി വിഭാഗമായ ഇരവാളർ സമുദായാംഗമായ രാമൻ-കുറുമാണ്ട ദമ്പതികളുടെ മകളായാണ് മയിലമ്മ ജനിച്ചത്. പതിനഞ്ചാം വയസ്സിൽ പെരുമാട്ടി വിജയനഗർ കോളനിയിലെ മാരിമുത്തുവിന്‍റെ ഭാര്യയായെത്തുമ്പോൾ നീണ്ട സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകേണ്ടി വരുമെന്ന് മയിലമ്മ കരുതിയിരുന്നില്ല. നാട്ടിൽ അടിക്കടി ഉണ്ടാകുന്ന ജലക്ഷാമവും കിണർ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ മലിനമാകുന്നതും അവരെ ചിന്തിപ്പിച്ചു. പ്ലാച്ചിമടയെ ഊറ്റിക്കുടിക്കുന്നത് കൊക്കക്കോള എന്ന കുത്തക ഭീമനാണെന്ന് കണ്ടെത്തിയ മയിലമ്മ ജലചൂഷണത്തിനെതിരെ 2002 ഏപ്രിൽ 22ന് ആദിവാസികളെ സംഘടിപ്പിച്ച്​ പ്രതീകാത്മക സമരത്തിന് നേതൃത്വം കൊടുത്തു. സമരക്കാർ ഫാക്ടറിയുടെ വാതിൽ ഉപരോധിച്ചു. നീണ്ട പോരാട്ടങ്ങളെ തുടർന്ന് ഫാക്ടറിയുടെ ലൈസൻസ് പഞ്ചായത്ത് റദ്ദാക്കി സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. 2007 ജനുവരി ആറിന് അറുപത്തിയൊമ്പതാം വയസ്സിൽ മയിലമ്മ അന്തരിച്ചു. കൊക്കക്കോള കമ്പനിയുടെ പ്രവർത്തനം നിലച്ചെങ്കിലും കമ്പനി ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് പരിസ്ഥിതിക്കേൽപിച്ച ആഘാതം ചെറുതല്ല. ജലവും മണ്ണും മലിനമായതിന്​ നഷ്​ടപരിഹാരം തേടി 2011ൽ അന്നത്തെ ഇടത്​ സർക്കാർ പാസ്സാക്കിയ പ്ലാച്ചിമട ​ട്രൈബ്യൂണൽ ബിൽ ഒരു പതിറ്റാണ്ടിനപ്പുറവും എങ്ങുമെത്താതെ കിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.