ഒറ്റപ്പാലത്ത് സപ്ലൈകോ ഗോഡൗണിന് മുന്നിൽ സമരം; നേതാക്കൾക്ക് നേരെ ബലപ്രയോഗവും അറസ്​റ്റും  

ലോറികൾ നിർത്തിയിട്ട് നടന്ന സമരത്തിൽ സ്ത്രീകളും കുട്ടികളും പങ്കെടുത്തിരുന്നു ഒറ്റപ്പാലം: മനിശ്ശേരിയിലെ സപ്ലൈകോ ഗോഡൗണിന് മുന്നിൽ ലോറി തൊഴിലാളികൾ നടത്തിയ സമരത്തിൽ ബലപ്രയോഗവും അറസ്​റ്റും. ഗോഡൗണിൽനിന്ന്​ റേഷൻ കടകളിലേക്ക് സാധനങ്ങൾ സ്ഥിരമായി എത്തിച്ചിരുന്ന ലോറി തൊഴിലാളികളെ കരാറുകാരൻ അവഗണിക്കുകയും തൊഴിൽ നഷ്​ടം സൃഷ്​ടിക്കുകയും ചെയ്യുന്നതായി ആരോപിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലായിരുന്നു സമരം. കഴിഞ്ഞ ദിവസം ഒറ്റപ്പാലം സബ് കലക്ടർ ശിഖ സുരേന്ദ്ര​ൻെറ നേതൃത്വത്തിൽ ലോറി തൊഴിലാളികളെയും കരാറുകാരനെയും വിളിച്ച്​ നടത്തിയ ചർച്ച അലസിയ പശ്ചാത്തലത്തിലായിരുന്നു ചൊവ്വാഴ്ചത്തെ സമരം. ലോറികൾ നിർത്തിയിട്ട് ഗോഡൗണിന് മുന്നിൽ നടന്ന സമരത്തിൽ സ്ത്രീകളും കുട്ടികളും പങ്കെടുത്തിരുന്നു. ഒറ്റപ്പാലം, പട്ടാമ്പി, ഷൊർണൂർ സ്​റ്റേഷനുകളിൽനിന്നുള്ള പൊലീസും സ്ഥലത്തെത്തിയിരുന്നു. ഒറ്റപ്പാലം സി.ഐ വി. ബാബുരാജൻ സമരക്കാരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചെങ്കിലും തൊഴിൽ നഷ്​ടത്തിന് പരിഹാരം കാണുന്നത് വരെ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. ഇതോടെ ഒഴിപ്പിക്കൽ നടപടികളുമായി പൊലീസ് രംഗത്തിറങ്ങി. മുദ്രാവാക്യങ്ങൾക്കിടയിലും പൊലീസ് സേനാംഗങ്ങൾ സമരക്കാരെ ബലം പ്രയോഗിച്ച് അറസ്​റ്റ്​ ചെയ്ത് നീക്കി. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ഒ.കെ. സൈതലവി, മണ്ഡലം സെക്രട്ടറി ആർ. അഭിലാഷ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ആർ. രാഹുൽ തുടങ്ങിയ സമരനേതാക്കളെയാണ് അറസ്​റ്റ്​ ചെയ്ത് നീക്കിയത്. സമരവേദിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിച്ച പൊലീസ് ലോറികളും നീക്കം ചെയ്തു. ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു. ഒറ്റപ്പാലത്തെ രണ്ട് സംഭരണ കേന്ദ്രങ്ങളിൽ കരാറുകാരനും ലോറി ജീവനക്കാരും ആഴ്ചകളായി തുടരുന്ന തർക്കമാണ് സമരത്തിലേക്കും തുടർന്ന് ബലപ്രയോഗത്തിലൂടെയുള്ള അറസ്​റ്റിലേക്കും വഴിമാറിയത്. സംഭരണകേന്ദ്രങ്ങളിൽനിന്ന് കടകളിലേക്ക് റേഷൻ സാധനങ്ങൾ എത്തിക്കാൻ കോതകുറുശ്ശി സ്വദേശിയുമായി ഒക്ടോബറിൽ കരാർ ഉറപ്പിച്ചിരുന്നു. ഇദ്ദേഹം കരാർ ഏറ്റതുമുതൽ സ്ഥിരമായി റേഷൻ സാധനങ്ങൾ കടത്തിക്കൊണ്ടിരുന്ന ലോറികൾക്ക് തൊഴിലിൽ മുടക്കം നേരിട്ടതായാണ് സമരക്കാരുടെ ആരോപണം. കരാറുകാരൻ സ്വന്തമായി ലോറികൾ ഏർപ്പെടുത്തിയതാണ് ഇതിന് കാരണം. ഇതിനെതിരെ അന്നുമുതൽ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ സമരവും ആരംഭിച്ചിരുന്നു. റേഷൻ വിതരണത്തിലെ തടസ്സങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ച കരാറുകാരന് അനുകൂല വിധി ലഭിച്ചിരുന്നു. സ്വന്തം ലോറികളിലാണ് സാധനങ്ങൾ കടത്തുന്നതെന്നും പുറമെനിന്നുള്ള വാഹനങ്ങൾക്ക് വാടക നൽകേണ്ടിവന്നാൽ നഷ്​ടം നേരിടുമെന്നുമുള്ള വാദമാണ് കരാറുകാരൻ ഉന്നയിക്കുന്നത്. pew_otp_1 പടം മനിശ്ശേരിയിലെ സപ്ലൈകോ ഗോഡൗണിന് മുന്നിലെ സമരക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്​റ്റ്​ ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.