ചാലിശ്ശേരി സ്കൂളിന് നൂറ്​ ശതമാനം വിജയം

പെരുമ്പിലാവ്: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ ലഭിച്ചത് നൂറ് ശതമാനം വിജയം. 1957ൽ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി തിരികൊളുത്തിയ അക്ഷരവെളിച്ചമാണ് 63 വർഷത്തിനു ശേഷവും ചാലിശ്ശേരി ഗ്രാമത്തിൽ തലയെടുപ്പോടെ തിളങ്ങിനിൽക്കുന്നത്. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളോട് ചേർന്ന് നിൽക്കുന്ന സർക്കാർ വിദ്യാലയത്തിൽ ഭൂരിഭാഗവും സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്. 1997ൽ 12 ശതമാനം വിജയത്തിൽനിന്ന് തുടങ്ങിയത് 1999ൽ എത്തിയപ്പോൾ 39 ശതമാനമായി. നൂറ് ശതമാനം വിജയത്തിന് പിന്നിൽ അധ്യാപകർ പി.ടി.എ, എം.ടി.എ എന്നിവരുടെ പ്രയത്നം എടുത്തുപറയേണ്ടതാണ്. പ്രധാനാധ്യാപിക ടി.എസ്. ദേവികയുടെ നേതൃത്യത്തിൽ സഹ അധ്യാപകർ പഠനത്തിൽ പിറകിലുള്ള വിദ്യാർഥികളെ കണ്ടെത്തി അവർക്ക് മികച്ച പരിശീലനം നൽകി. പരീക്ഷ എഴുതിയ 335 വിദ്യാർഥികളിൽ 30 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 15 പേർ ഒമ്പത് എ പ്ലസും 18 പേർ എട്ട് എ പ്ലസും നേടി. വിജയികളെ പ്രിൻസിപ്പൽ ഗീത ജോസഫ്, പ്രധാനാധ്യാപിക ടി.എസ്. ദേവിക, പി.ടി.എ പ്രസിഡൻറ് പി.കെ. കിഷോർ എന്നിവർ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.