വട്ടപ്പാറ അപകടം; ഗ്യാസ് മാറ്റിയത് മണിക്കൂറുകളുടെ ശ്രമത്തിനൊടുവിൽ

വളാഞ്ചേരി: ദേശീയപാതയിലെ പ്രധാന അപകട മേഖലയായ വട്ടപ്പാറയിൽ അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കറിൽ നിന്നുള്ള പാചകവാതകം ഏറെ പരിശ്രമത്തിന് ശേഷം രാത്രിയോടെ മാറ്റി. ബുധനാഴ്ച്ച രാവിലെ 10.30ഓടെയാണ് ചേളാരി ഐ.ഒ.സി പ്ലാൻറിൽ നിന്നുള്ള റെസ്ക്യു ടീം എത്തി അപകടത്തിൽപെട്ട ടാങ്കറിൽനിന്ന്​ വാതകം മാറ്റാൻ തുടങ്ങിയത്. പകൽ ആരംഭിച്ച്​ രാത്രിയോടെ നാലോളം ടാങ്കറുകളിലായി പാചക വാതകം മാറ്റിനിറച്ചു. മംഗലാപുരത്തുനിന്ന്​ കൊച്ചിയിലേക്ക് പോകുകയായിരുന്ന ഗ്യാസ് ടാങ്കർ ചൊവ്വാഴ്ച രാത്രി 11നാണ് വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണംവിട്ട് 40 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ടാങ്കർ ലോറിയുടെ വീഴ്ചയിൽ സമീപത്തുള്ള വലിയ മരവും തെങ്ങും കടപുഴകി വീണു. തെങ്ങ് തൊട്ടടുത്തുള്ള വീടി​ൻെറ മുകളിൽ ആണ് പതിച്ചത്. ഈ വീട്ടുകാരെ മാറ്റി പാർപ്പിച്ചു. വീഴ്ചയിൽ ടാങ്കർ ലോറിയുടെ കാബിനും ടാങ്കറും വേർപ്പെട്ടിരുന്നു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് പ്രവർത്തിച്ചുകൊണ്ടിരുന്ന ടാങ്കർ ലോറിയുടെ എൻജിൻ ബാറ്ററിയിലെ വയർ അഴിച്ചുമാറ്റി ഓഫ് ചെയ്തത്. ഗ്യാസ് ചോർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് പാലക്കാട് റീജനൽ ഫയർഫോഴ്‌സ് ഓഫിസർ സുജിത്, ജില്ല ഫയർ ഓഫിസർ മൂസ വടക്കേതിൽ എന്നിവർ രാത്രിയോടെ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. തിരൂർ, പൊന്നാനി, മലപ്പുറം, തിരുവാലി, മഞ്ചേരി, കോഴിക്കോട് മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നുള്ള ഒമ്പത് യൂനിറ്റ് അഗ്നിരക്ഷാസേനകളും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. ടാങ്കർ താഴ്ചയിൽ ആയതിനാൽ ഫയർ ഫോഴ്സ് വെള്ളം ശക്തിയായി പമ്പ് ചെയ്താണ് പാചക വാതകം മറ്റ്​ ടാങ്കറിലേക്ക് മാറ്റിയത്. വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ എൻ. കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അപകടസ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. തിരൂർ തഹസിൽദാർ മുരളീധരൻ, ഹെഡ് ക്വാർട്ടർ ഡെ. തഹസിൽദാർ ശ്രീനിവാസൻ, കാട്ടിപ്പരുത്തി വില്ലേജ് ഓഫിസർ ജയശങ്കർ എന്നിവരും പ്രദേശത്ത് എത്തിയിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചു. അപകടത്തെ തുടർന്ന് കോഴിക്കോട് ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങൾ പുത്തനത്താണിയിൽ നിന്നും തൃശൂർ ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങൾ കുറ്റിപ്പുറത്ത് നിന്നും വഴി തിരിച്ചുവിട്ടു. phoot mustahfa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.