ഒറ്റപ്പാലം: ഭരണം കൈയാളുന്ന സി.പി.എം കൗൺസിലർമാർ തന്നെ കൗൺസിൽ യോഗത്തിനിടെ നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുന്ന അപൂർവ കാഴ്ചക്ക് ഒറ്റപ്പാലം നഗരസഭ സാക്ഷിയായി. 22 അജണ്ടകൾ ചർച്ച ചെയ്യാനായി ഇടവേളക്ക് ശേഷം വീണ്ടും ചേർന്ന യോഗത്തിലാണ് മൂന്ന് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ഭരണപക്ഷത്തെ 16 കൗൺസിലർമാർ 'സി.പി.എം സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലെത്തിയത്.
'കോ.ലീ.ബി സഖ്യം' അജണ്ടയിലില്ലാത്ത വിഷയങ്ങൾ നിരന്തരം ഉന്നയിച്ച് നഗരസഭയുടെ വികസനം മുടക്കുകയും പദ്ധതികൾ അട്ടിമറിക്കുകയുമാണെന്ന മുദ്രാവാക്യം വിളികൾ ഉച്ചത്തിലുയർന്നു. വികസന സെമിനാർ ജൂലൈ നാലിന് പൂർത്തിയാക്കിയെങ്കിലും ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതികൾ ചേരാത്തതിനാൽ ധനകാര്യ കമ്മിറ്റി ചേരാനായിട്ടില്ല. ജില്ലയിൽ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട യാതൊന്നും നടക്കാത്ത നഗരസഭയാണ് ഒറ്റപ്പാലത്തേതെന്നും ഇതിന് കാരണം നഗരസഭയിലെ കോ.ലീ.ബി സഖ്യമാണെന്നും ഭരണപക്ഷം ആരോപിച്ചു. തുടർന്ന് അജണ്ടകൾ ചർച്ച ചെയ്യാതെ നഗരസഭ അധ്യക്ഷ ചേംബറിൽനിന്ന് ഇറങ്ങിപ്പോയി.
മാസങ്ങളായി വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ രംഗപ്രവേശം. അജണ്ടകൾ പിന്നീട് ചർച്ച ചെയ്താൽ മതിയെന്നും ലൈസൻസ് ലഭിക്കാത്തത് മൂലം വായ്പ ഉൾപ്പെടെയുള്ള അത്യാവശ്യങ്ങൾ തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ വീഴ്ച വ്യക്തമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
നഗരസഭയുടെ പി.എം.എ.വൈ ഭവന പദ്ധതിയെ വിശ്വസിച്ച് വീട് പൊളിച്ചിട്ടവർക്ക് പണം നൽകാത്തതുമൂലം തലചായ്ക്കാൻ ഇടമില്ലാത്തതിനെ ചൊല്ലിയായി അടുത്ത ആരോപണം. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കിടയിൽ ഒച്ചപ്പാടും ബഹളവും ആവർത്തിച്ചുകൊണ്ടിരുന്നു.
ഒന്നാം ഡി.പി.ആറിൽ തന്നെ തറപ്പണി പോലും നടത്താത്തവരും കെ.എൽ.യു ലഭിക്കാത്തവരും ഉണ്ടെന്നും ഒന്നും രണ്ടും ഡി.പി.ആറിന്റെ പട്ടിക തയാറാക്കിയതിൽ അമ്പതോളം പേർ തുക വാങ്ങാൻ ബക്കിയുണ്ടെന്നും ഇവരുടെ യോഗം വിളിച്ചപ്പോൾ 17 പേർ മാത്രമാണ് പങ്കെടുത്തതെന്നും നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ രാത്രി ഭക്ഷണം നൽകിയിരുന്ന പാലപ്പുറത്തെ കുടുംബശ്രീ യൂനിറ്റിനെ ഒഴിവാക്കി സുഭിക്ഷ ഹോട്ടലിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട ആരോപണമാണ് തർക്കം മൂത്ത് കൈയാങ്കളിയുടെ വക്കോളമെത്തിയത്.
രണ്ട് ലക്ഷം രൂപ കുടിശ്ശിക നിലനിൽക്കെ കാലാവധി കഴിഞ്ഞെന്ന കാരണം പറഞ്ഞാണ് കരാർ കൈമാറിയതെന്നും ഇതിന് എച്ച്.എം.സിയുടെയോ കൗൺസിലിന്റെയോ അംഗീകാരം നേടിയിട്ടില്ലെന്നും ചെയർപേഴ്സന്റെ തന്നിഷ്ടപ്രകാരമാണ് കരാർ കൈമാറിയതെന്നുമായിരുന്നു പ്രതിപക്ഷ ആരോപണം. ഇതേ തുടർന്ന് ഇരുപക്ഷവും നടുത്തളത്തിലിറങ്ങി. അന്തരീക്ഷം മോശമായതോടെ അര മണിക്കൂറിന് ശേഷം ചേരുമെന്ന അറിയിപ്പോടെ അധ്യക്ഷ കെ. ജാനകിദേവി യോഗം പിരിച്ചുവിടുകയായിരുന്നു. തുടർന്ന് ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാർ പുറത്തിറങ്ങി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.