ഇരിമ്പിളിയം: കാട്ടുപന്നികളുടെ വിളയാട്ടത്തിൽ വലഞ്ഞ് നെൽകർഷകരും. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ പെരുമ്പാടം പാടശേഖരത്തിലെ നെൽകൃഷിയാണ് രൂക്ഷമായ കാട്ടുപന്നി ആക്രമണത്തിൽ നശിക്കുന്നത്.
കൊയ്ത്തിന് പാകമാവാൻ ഒരു മാസം കൂടി കഴിയണം. അതിനിടെയാണ് പന്നികൾ കൂട്ടമായി വയലിൽ ഇറങ്ങുന്നത്. പന്നികളെ ആട്ടിയോടിക്കാൻ കർഷകർ രാത്രികാലങ്ങളിൽ കാവൽ ഇരുന്നാലും രാവിലെ വീണ്ടും കൂട്ടമായി വയലിൽ ഇറങ്ങുകയാണ്.പന്നിശല്യം തടയാൻ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് കൃഷിഭവനോ അധികാരികളോ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. വിവിധ പ്രദേശങ്ങളിലെ പച്ചക്കറികൾ, വാഴകൾ എന്നിവ നശിപ്പിക്കുന്നതും പതിവാണ്. കുറ്റിപ്പുറം ബ്ലോക്ക് പരിധിയിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്നത് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലാണ്. പെരുമ്പാടം പാടശേഖരത്തിൽ മാത്രം 50 ഏക്കറോളം സ്ഥലത്ത് നെൽകൃഷി ചെയ്തിട്ടുണ്ട്. പന്നിശല്യത്തിന് പരിഹാരമായില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് നെൽകർഷകർ. പ്രശ്നത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് പെരുമ്പട പാടശേഖര കമ്മിറ്റി ആവശ്യപ്പെട്ടു. കൺവീനർ ഡോ. പി.എ. അബ്ദുറഹീം, പാടശേഖര കമ്മിറ്റി അംഗങ്ങളായ നിസാമുദ്ദീൻ താമരശ്ശേരി, ടി.പി. നാരായണൻ, സി. അഷറഫലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.