കലക്ടറ്റേറ്റിലെ ബുക്ക് ഡിപ്പോയിലെത്തിയ പാഠപുസ്തകങ്ങൾ ജില്ല കലക്ടർ വി.ആർ. വിനോദ് പരിശോധിക്കുന്നു
മലപ്പുറം: ജില്ലയിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു. ആദ്യ ദിനം മലപ്പുറം എ.ഇ.ഒ തലത്തിലേക്ക് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലേക്കായി 93,748 പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കുമായി 73.16 ലക്ഷം പുസ്തകങ്ങളാണ് ആകെ ആവശ്യമുള്ളത്. ഇതിലേക്ക് 13.75 ലക്ഷം പുസ്തകങ്ങൾ വിതരണത്തിനെത്തിയിട്ടുണ്ട്.
എല്ലാ ക്ലാസുകളിലേക്കും മുഴുവൻ പുസ്തകങ്ങളുമെത്തിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ ബാക്കി വരുന്ന പുസ്തകങ്ങളുമെത്തുമെന്ന് അധികൃതർ അറിയിച്ചു. പുസ്തകങ്ങൾ വരുന്ന മുറക്ക് ബന്ധപ്പെട്ട എ.ഇ.ഒ തലങ്ങളിലേക്ക് അടുത്ത ദിവസങ്ങളിൽ വിതരണം നടക്കും. രാവിലെ എട്ട് മുതൽ അഞ്ച് വരെ 15 അംഗ കുടുംബശ്രീ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് വിതരണം.
സർക്കാർ,എയ്ഡഡ് വിദ്യാലയങ്ങളിലേക്കുള്ള പാഠപുസ്തക വിതരണം പൂർത്തിയായതിന് ശേഷം അൺ എയ്ഡഡ് തലങ്ങളിലേക്കുള്ള വിതരണം നടക്കും. രണ്ട് മാസത്തിനകം വിതരണം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. നിലവിൽ പരിമിതമായ സൗകര്യത്തിലാണ് ബുക്ക് ഡിപ്പോ കലക്ടറേറ്റിൽ പ്രവർത്തിക്കുന്നത്. പുസ്തക വിതരണോദ്ഘാടനം ജില്ല കലക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. ജില്ല വിദ്യാഭ്യാസ ഓഫിസർ പി.വി. റഫീഖ് സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.