പെരിന്തൽമണ്ണ: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന്റെ പൂർണഫലം ലഭിക്കാതെ വിഭജനം കാത്തുകിടക്കുന്ന ഗ്രാമപഞ്ചായത്തുകൾ. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പ്രാഥമിക കണക്കെടുപ്പ് നടത്തിയപ്പോൾ ജില്ലയിൽ 24 പഞ്ചായത്തുകളാണ് വിഭജന പട്ടികയിൽ വന്നത്. വഴിക്കടവ്, പള്ളിക്കൽ, പാണ്ടിക്കാട്, തൃക്കലങ്ങോട്, വള്ളിക്കുന്ന്, ഊർങ്ങാട്ടിരി, മുന്നിയൂർ, വണ്ടൂർ, എടക്കര, അമരമ്പലം, മമ്പാട്, കാളികാവ്, കരുവാരകുണ്ട്, ചുങ്കത്തറ, താഴേക്കോട്-ആലിപ്പറമ്പ്, തിരുവാലി, വെട്ടത്തൂർ, കീഴാറ്റൂർ, എടവണ്ണ, പുലാമന്തോൾ, കുറുവ, ആനക്കയം, അങ്ങാടിപ്പുറം എന്നിവയാണിവ.
പിന്നീട് ഒരു ഗ്രാമപഞ്ചായത്തിൽ വേണ്ട ജനസംഖ്യ 27,430 ആയി കണക്കാക്കിയിരുന്നു. സംസ്ഥാനത്തെ പഞ്ചായത്തുകളിലെ ആകെ ജനസംഖ്യയും പഞ്ചായത്തുകളുടെ എണ്ണവും ചേർത്താണ് ഈ അനുപാതം. 32 ചതുരശ്ര കി.മിൽ കൂടുക, വർഷത്തിൽ വിവിധ ഇനം വരുമാനങ്ങളായി 50 ലക്ഷത്തിന് മുകളിൽ ലഭിക്കുക എന്നിവയും മാനദണ്ഡങ്ങളായിരുന്നു. 2015ൽ ഇപ്രകാരം വിഭജനത്തിന്റെ പട്ടികയിൽ വന്നത് 12 പഞ്ചായത്തുകളായിരുന്നു.
രണ്ടുഘട്ടത്തിലും വിഭജനം നടന്നില്ല. ജില്ലയിൽ 27 ഗ്രാമപഞ്ചായത്തുകൾ പരമാവധി വാർഡുകളായ 24ൽ എത്തി നിൽക്കുന്നുണ്ട്. അതിൽതന്നെ ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന പഞ്ചായത്തുകളിൽ വാർഡ് വിഭജനം 24ൽ പരിമിതിപ്പെടുത്തേണ്ടി വന്നപ്പോൾ 2500ന് മുകളിൽ വോട്ടുവരെയായി. വാർഡ് വിഭജനത്തിനു മുമ്പുള്ള തീരുമാനമനുസരിച്ച് 15,000 ജനസംഖ്യക്ക് 13 മുതൽ 23 വരെ വാർഡുകളായിരുന്നു. ഇത് 2500 വരെ വർധനവിന് ഒരുവാർഡ് കൂടി വർധിപ്പിച്ച് വാർഡുകളുടെ പരാമവധി എണ്ണം 24 വരെയാക്കുകയായിരുന്നു.
എല്ലായിടത്തും വാർഡ് വിഭജനത്തിൽ വോട്ടർമാരുടെ എണ്ണം താരതമ്യേന കുറഞ്ഞപ്പോൾ വിഭജനം കാത്തുകിടന്ന തദ്ദേശ സ്ഥാപനങ്ങളിൽ വാർഡുകളിൽ വോട്ടർമാർ കൂടി. സംസ്ഥാനത്ത് ഒരു പഞ്ചായത്തിൽ പരമാവധി വാർഡുകൾ 23ഉം കുറഞ്ഞത് 13ഉം ആയിരുന്നതാണ് 24ഉം 14ഉം ആയി നിജപ്പെടുത്തിയത്. 23 വാർഡുകളുണ്ടായിരുന്ന പഞ്ചായത്തുകളിൽ നാല് വാർഡുകൾ വരെ വർധിപ്പിക്കാൻ വോട്ടർമാരുണ്ടായിരുന്നെങ്കിലും ഒരു വാർഡ് മാത്രം വർധിപ്പിക്കേണ്ടി വന്നപ്പോഴാണ് മിക്കയിടത്തും വോട്ടർമാർ കൂടിയത്.
പെരിന്തൽമണ്ണ: സംസ്ഥാനത്തുതന്നെ ഏറ്റവും ഉയർന്ന ജനസംഖ്യയും വിസ്തൃതിയും ഉള്ള അങ്ങാടിപ്പുറം പഞ്ചായത്തിൽ 23ൽനിന്ന് വാർഡുകൾ 24 ആയെങ്കിലും ചില വാർഡുകളിൽ രണ്ടു വാർഡുകളിലേക്കുള്ള വോട്ടർമാരാണിപ്പോഴും. 49,387 വോട്ടർമാരാണ് ഇതിനകം പുറത്തിറങ്ങിയ പട്ടികയിൽ. രണ്ടുദിവസം മുമ്പുള്ള കണക്കുപ്രകാരം 824 പേർ വോട്ടർപട്ടികയിൽ ചേരാൻ ഹിയറിങ് കാത്തുകിടക്കുന്നുമുണ്ട്.
ഇവരടക്കം 1000 പേർ ഇനിയും പട്ടികയിൽ വരുന്നതോടെ ശരാശരി 50, 500ന് അടുത്താവും പഞ്ചായത്തിൽ വോട്ട്. വോട്ടർമാരുടെ ആധിക്യം കൊണ്ട് ഒരു വാർഡിൽ മൂന്നു ബൂത്തുവരെ അനുവദിച്ചത് അപൂർവമാണ്. അങ്ങാടിപ്പുറം പഞ്ചായത്തിൽ രണ്ടു വാർഡുകളിൽ മൂന്നു വീതമാണ് ബൂത്തുകൾ. വാർഡ് അഞ്ച് വലമ്പൂരിൽ 2,684 വോട്ടും വലമ്പൂർ എ.എം.എൽ.പി സ്കൂളിൽ മൂന്നു ബൂത്തുകളുമാണ്. മേലേ അരിപ്ര വാർഡിൽ 2668 വോട്ടും ഇവർക്കായി അരിപ്ര മേൽമുറി എ.എൽ.പി സ്കൂളിൽ മൂന്നു ബൂത്തുകളുമുണ്ട്. 2400 ന് മുകളിൽ നേരത്തേ വോട്ടുള്ള വാർഡുകളാണിവ. 2010 മുതൽ വിഭജനം കാത്തുകിടന്ന ഗ്രാമപഞ്ചായത്തുകളുടെ പട്ടികയിലാണ് അങ്ങാടിപ്പുറം. ശരാശരി 2000ന് മുകളിൽ അഞ്ചു വാർഡുകളിൽ വോട്ടുണ്ട്. വാർഡ് ഒന്ന് മണ്ണാറമ്പിൽ 2024 വോട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.