കൊണ്ടോട്ടി: യു.ഡി.എഫിന്റെ പച്ചത്തുരുത്തായ കൊണ്ടോട്ടി നിയമസഭ മണ്ഡലം രൂപവത്കൃതമായ കാലംമുതൽ മുസ്ലിം ലീഗിനോടുള്ള മുഹബ്ബത്തിന് പോറലേൽപ്പിച്ചിട്ടില്ല. ഏത് പ്രതികൂല രാഷ്ട്രീയാന്തരീക്ഷത്തിലും പച്ചക്കൊടിയും കോണിചിഹ്നവും നെഞ്ചേറ്റിയ പാരമ്പര്യമാണ് കൊണ്ടോട്ടിയുടേത്. 1957 മുതല്‍ കൊണ്ടോട്ടി ലീഗിന്റെ തട്ടകമാണ്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും വിജയത്തെപ്പറ്റിയല്ല, ഭൂരിപക്ഷത്തെപ്പറ്റിയാണ് ലീഗണികളുടെ ചര്‍ച്ച. പ്രമുഖ നേതാക്കള്‍ വിജയക്കൊടി പാറിച്ച മണ്ഡലത്തില്‍ ലീഗിന്റെ തോളിലേറി യു.ഡി.എഫ് അല്ലാതെ ഒരു മുന്നണിയും വിജയിച്ച ചരിത്രമില്ല. 1957ല്‍ വിജയിച്ച എം.പി.എം. അഹമ്മദ് കുരിക്കളാണ് ആദ്യ ജനപ്രതിനിധി. നാലു തവണ പി. സീതി ഹാജി കൊണ്ടോട്ടിയില്‍ നിന്ന് നിയമസഭയിലെത്തി.
1977, 1980, 1982, 1987 തെരഞ്ഞെടുപ്പുകളിലായിരുന്നു ഇത്. എം. മൊയ്തീന്‍കുട്ടി ഹാജി, ഉമര്‍ ബാഖഫി തങ്ങള്‍, സി.എച്ച്. മുഹമ്മദ് കോയ, കെ.കെ. അബു, പി.കെ.കെ. ബാവ, കെ.എന്‍.എ. ഖാദര്‍, കെ. മുഹമ്മദുണ്ണിഹാജി തുടങ്ങിയ അതികായരെല്ലാം ലീഗിന്റെ ബാനറില്‍ നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. കഴിഞ്ഞ പത്തു വര്‍ഷമായി ടി.വി. ഇബ്രാഹിമാണ് കൊണ്ടോട്ടിയെ നയിക്കുന്നത്. ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തോല്വികളിലൊന്നായ 2004ലെ മഞ്ചേരി ലോക്സഭ തെരഞ്ഞെടുപ്പില്‍പോലും കൊണ്ടോട്ടിയിലെ വോട്ടര്‍മാര്‍ ലീഗിനെ നെഞ്ചോടുചേര്‍ത്ത ചരിത്രമാണുള്ളത്. ആ തെരഞ്ഞെടുപ്പില്‍ രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ ലീഗിന് ലഭിച്ചത്.
ചെറുകാവ്, ചീക്കോട്, മുതുവല്ലൂര്‍, പുളിക്കല്‍, വാഴയൂര്‍, വാഴക്കാട് പഞ്ചായത്തുകളും കൊണ്ടോട്ടി നഗരസഭയും ചേര്‍ന്നതാണ് കൊണ്ടോട്ടി നിയമസഭ മണ്ഡലം. ഇതില്‍, വാഴയൂര്‍ ഗ്രാമപഞ്ചായത്തില്‍ മാത്രമാണ് എല്‍.ഡി.എഫ് ഭരിക്കുന്നത്. നേരത്തേ, പുളിക്കല്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പുളിക്കല്‍ യു.ഡി.എഫ് തിരിച്ചുപിടിച്ചു. 2011ല്‍ കെ. മുഹമ്മദുണ്ണി ഹാജി 28,149 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തില്‍നിന്ന്
സ്വന്തമാക്കിയിരുന്നു. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ 10,654 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി.വി. ഇബ്രാഹിം നിയമസഭയിലെത്തിയത്. 2017 ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി മണ്ഡലത്തില്‍നിന്ന് ലീഡ് ഇരട്ടിയിലധികമാക്കി. 25,904 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി മണ്ഡലത്തില്‍നിന്ന് നേടിയത്. 2019 ലോക്സഭ തെരഞ്ഞെടുപ്പ് ഫലം കൊണ്ടോട്ടി ലീഗിന്റെ ഉരുക്കുകോട്ടതന്നെയെന്ന് തെളിയിച്ചു. 39,313 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് മണ്ഡലം കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയത്.
കണക്കുകളും പാരമ്പര്യവും യു.ഡി.എഫിന് അനുകൂലമെങ്കിലും ആരാകണം സ്ഥാനാര്‍ഥിയെന്നതില്‍ മണ്ഡലത്തിലെ യു.ഡി.എഫ് അണികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. മണ്ഡലത്തില്‍ നിന്നുതന്നെയുള്ള സ്ഥാനാര്‍ഥി വേണമെന്ന വികാരമാണ് ഒരു വിഭാഗത്തിന്. എല്‍.ഡി.എഫില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച പ്രാരംഭ ഘട്ടത്തിലാണ്. സി.പി.എമ്മാണ് കൊണ്ടോട്ടിയില്‍ മത്സരിക്കാറ്. യു.ഡി.എഫിലെ ഭിന്നാഭിപ്രായങ്ങള്‍ മുതലെടുത്ത് മികച്ച പോരാട്ടത്തിന് വേദിയൊരുക്കണമെന്ന അഭിപ്രായമാണ് എല്‍.ഡി.എഫ് പാളയത്തിലുള്ളത്. എന്‍.ഡി.എയും മത്സര രംഗത്തുണ്ടാകും.
ആരാവും സ്ഥാനാര്‍ഥി
നിലവിലെ എം.എല്‍.എ ടി.വി. ഇബ്രാഹിമിന് ഒരു തവണകൂടി ലീഗ് അവസരം നൽകിയേക്കും. അദ്ദേഹം മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് മാറുന്നപക്ഷം പുതുമുഖം വരുമെന്നാണ് സൂചന. മുസ്ലിം ലീഗ് ജില്ല സെക്രട്ടറിമാരായ നൗഷാദ് മണ്ണിശ്ശേരി, പി.എം.എ. ഷമീര്‍ എന്നിവരുടെ പേരുകൾ സാധ്യത പട്ടികയിലുണ്ട്. ഏറനാട് എം.എല്‍.എയായ പി.കെ. ബഷീര്‍ കൊണ്ടോട്ടിയിലേക്ക് കളം മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയെ രംഗത്തിറക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞതവണ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച കാട്ടിപ്പരുത്തി സുലൈമാന്‍ ഹാജിക്ക് മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നു.
2021 നിയമസഭ തെരഞ്ഞെടുപ്പ്
ടി.വി. ഇബ്രാഹിം (യു.ഡി.എഫ്) 82,759
കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജി (എല്‍.ഡി.എഫ് സ്വത.) 65,093
ഷീബ ഉണ്ണികൃഷ്ണന് (എന്‍.ഡി.എ) 11,114
റസാഖ് പാലേരി (വെല്‍ഫെയര്‍ പാര്‍ട്ടി) 2579
ഭൂരിപക്ഷം 17,666
2024 ലോക്സഭ തെരഞ്ഞെടുപ്പ്
ഇ.ടി. മുഹമ്മദ് ബഷീര്‍ (യു.ഡി.എഫ്)-95,025
വി. വസീഫ് (എല്‍.ഡി.എഫ്)-50,038
ഡോ. അബ്ദുസ്സലാം (ബി.ജെ.പി)-14,150
ഭൂരിപക്ഷം- 44,987
2025 തദ്ദേശ തെരഞ്ഞെടുപ്പ് കക്ഷിനില
കൊണ്ടോട്ടി നഗരസഭ- യു.ഡി.എഫ് 33, എല്‍.ഡി.എഫ് 6, വെല്‍ഫെയര്‍ പാര്‍ട്ടി 1, സ്വതന്ത്രന് 1
പുളിക്കല്‍ -യു.ഡി.എഫ് 21, എല്‍.ഡി.എഫ് 3
ചെറുകാവ് -യു.ഡി.എഫ് 15, എല്‍.ഡി.എഫ് 6, ബി.ജെ.പി 1
മുതുവല്ലൂര്‍ -യു.ഡി.എഫ് 13, എല്‍.ഡി.എഫ് 5
വാഴയൂര്‍ -എല്‍.ഡി.എഫ് 12, യു.ഡി.എഫ് 8
വാഴക്കാട് -യു.ഡി.എഫ് 17, എല്‍.ഡി.എഫ് 4, വെല്‍ഫെയര്‍ പാര്‍ട്ടി 1
ചീക്കോട് -യു.ഡി.എഫ് 15, എല്‍.ഡി.എഫ് 5, സ്വതന്ത്രന് - 1
2025 തദ്ദേശ തെരഞ്ഞെടുപ്പ് വോട്ട് നില
യു.ഡി.എഫ് -99483
എല്‍.ഡി.എഫ് -72106
എന്‍.ഡി.എ -9079
യു.ഡി.എഫ് ലീഡ് - 27377
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.