തിരൂർ: പഞ്ചായത്ത് രൂപീകരണം മുതൽ അരനൂറ്റാണ്ടിലേറെ സി.പി.എം ഒറ്റക്ക് ഭരിച്ച പുറത്തൂർ പഞ്ചായത്തിൽ യു.ഡി.എഫ് നേടിയ വിജയം ഞെട്ടിക്കുന്നതായിരുന്നു. പുറത്തൂർ സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായാണ് അറിയപ്പെട്ടിരുന്നത്. ഇവിടത്തെ എൽ.ഡി.എഫ് മുന്നണിയിൽ സി.പി.എം മാത്രമേയുള്ളൂ എന്നതും പ്രത്യേകതായാണ്. ഇവിടെയാണ് യു.ഡി.എഫ് ആധികാരിക വിജയവുമായി പഞ്ചായത്ത് ഭരണത്തിലെത്തുന്നത്. ആകെയുള്ള 20 സിറ്റിൽ 11 സീറ്റ് യു.ഡി.എഫ് വിജയിച്ചു.
മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാർഥിയടക്കം ആറും കോൺഗ്രസ് അഞ്ചും സീറ്റുകളാണ് നേടിയത്. ഇത്തവണ പഞ്ചായത്തിലെ ഭരണമാറ്റത്തിനു നിർണായകമായത് 13ാം വാർഡ് പുറത്തൂർ അങ്ങാടിയിലെയും 20ാം വാർഡ് പടിഞ്ഞാറെക്കരയിലെ പണ്ടാഴിയിലെയും അട്ടിമറി വിജയമാണ്.
നിലവിലെ പുറത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഭരണം ലഭിച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കാനിടയായിരുന്ന സുഹറ ആസിഫ്, പഴയ എൻ.സി.പി നേതാവും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനിടയുണ്ടായിരുന്ന സി.എം. വിശ്വനാഥൻ തുടങ്ങിയ സി.പി.എം നേതാക്കൾ പരാജയപ്പെട്ടു.
പഞ്ചായത്തിനൊപ്പം പുറത്തൂർ പരിധിയിലെ രണ്ടു ബ്ലോക്ക് സീറ്റുകളും യു.ഡി.എഫ് സ്വന്തമാക്കി.
പുറത്തൂർ ഡിവിഷനിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. റഹ്മത്ത് സൗദയെ തോൽപ്പിച്ച് ലീഗിലെ ഷബ്ന ടീച്ചറാണ് സീറ്റ് പിടിച്ചെടുത്തത്. പുതുപ്പള്ളി സീറ്റിൽ കോൺഗ്രസിലെ കരുവാനത്ത് അമീനും മികച്ച വിജയം നേടി.
ജില്ല പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി കോൺഗ്രസിലെ ആരതി പ്രദീപും പഞ്ചായത്തിൽനിന്ന് മികച്ച ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു. പഞ്ചായത്തിലെ കിഴക്കൻ മേഖലയിൽ യു.ഡി.എഫിനാണ് മുൻതൂക്കം. കടലോര മേഖലയായ പടിഞ്ഞാറെക്കരയിലെ സീറ്റുകളുടെ ബലത്തിലാണ് കാലങ്ങളായി സി.പി.എം അധികാരത്തിൽ തുടരുന്നത്.
കഴിഞ്ഞതവണ സി.പി.എമ്മിന് പത്തും യു.ഡി.എഫിന് ഒമ്പതും സീറ്റും ലഭിച്ചിരുന്നു. പുറത്തൂരിൽ യു.ഡി.എഫ് തനിച്ച് അധികാരത്തിലെത്തുന്ന ആദ്യ ഭരണസമിതിയാണ് ഇത്തവണത്തേത്. പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ 16ഉം പടിഞ്ഞാറൻ മേഖലയിൽ മൂന്നും വാർഡുകൾ ഉൾപ്പെടെ 19 വാർഡുകളായിരുന്നു ഉണ്ടായിരുന്നത്. 16 വാർഡുകളുള്ള ഭാഗം ഒഴിവാക്കി കേവലം മൂന്ന് വാർഡുകളുള്ളത് നാലാക്കി മുഴുവുൻ വാർഡുകളിലും വിജയിക്കാമെന്ന സി.പി.എമ്മിന്റെ മോഹത്തിന് കനത്ത തിരിച്ചടിയാണുണ്ടായത്. മൂന്നെണ്ണത്തിൽ വിജയിച്ചെങ്കിലും 19ാം വാർഡിൽ കേവലം ഏഴ് വോട്ടാണ് ഭൂരിപക്ഷമുണ്ടായത്. ഇത്തവണയും പഞ്ചായത്തിൽ ബി.ജെ.പി സംപൂജ്യരായി. പഞ്ചായത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷമായ 607 വോട്ടുനേടി വിജയിച്ചത് മുട്ടനൂർ ഈസ്റ്റിൽനിന്ന് മത്സരിച്ച മുസ്ലിം ലീഗിലെ ഹുസൈൻ പൂതേരിയും ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ ഏഴ് വോട്ടിന് വിജയിച്ചത് അഴിമുഖം വാർഡിൽനിന്ന് ജനവിധി തേടിയ സി.പി.എമ്മിലെ രാജേഷുമാണ്.
വാർഡ്, വിജയി, കക്ഷി, ഭൂരിപക്ഷം എന്നിങ്ങനെ: 1. മൂന്നങ്ങാടി: അബ്ദുൽമജീദ് (സി.പി.എം)- 221, 2. ജെ. സരസ്വതി (കോൺഗ്രസ്) -203, 3. മുട്ടന്നൂർ ഈസ്റ്റ്: ഹുസൈൻ പൂതേരി (മുസ്ലിം ലീഗ്) -607, 4. ചിറക്കൽ: പ്രദീപ് ചാലിൽ (കോൺഗ്രസ്) -199, 5. മരവന്ത: പി. സാദിഖലി (മുസ്ലിം ലീഗ്) -222, 6. അത്താണിപ്പടി: ഫാജിഷ ഫിറോസ് (മുസ്ലിം ലീഗ്) - 137, 7. പുതുപ്പള്ളി: ജെസ്ന ബാനു (മുസ്ലിം ലീഗ്) -240, 8. കുറ്റിക്കാട്: എം. അനിത (സി.പി.എം) -52 , 9. തൃത്തല്ലൂർ സൗത്ത്: എൻ. അനിൽ മാസ്റ്റർ (സി.പി.എം) -158, 10. ഏഴിപ്പാടം: ഷെമീന നാലകത്ത് (കോൺഗ്രസ്) -40, 11. കളൂർ: ടി.പി. പ്രഭാകരൻ (കോൺഗ്രസ്) -517, 12. മുനമ്പം: ജ്യോതി (സി.പി.എം) -106, 13. പുറത്തൂർ: വിനിത തെയ്യത്ത് (കോൺഗ്രസ്) -90, 14. കാവിലക്കാട് സൗത്ത്: ഷറഫുദ്ദീൻ (സി.പി.എം) -46 , 15. കാവിലക്കാട്: ശാന്ത (സി.പി.എം)- 473, 16. തൃത്തല്ലൂർ: രേഷ്മ ജയൻ (സി.പി.എം)- 48, 17. എടക്കനാട്: ടി. സുഹറ (മുസ്ലിം ലീഗ്)-105, 18. അഴിമുഖം: രാജേഷ് (സി.പി.എം)- 7, 19. പടിഞ്ഞാറെക്കര: നിഷ (സി.പി.എം) -185, 20. പണ്ടാഴി: ജുനൈനത്ത് ഹുസൈൻ (ലീഗ് സ്വതന്ത്ര)- 31.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.