സുബ്രഹ്മണ്യൻ ( 52) 

കണ്ണീരിൽ മുങ്ങി പ്രവേശനോത്സവം: വെട്ടത്ത് സ്കൂൾ ജീവനക്കാരൻ കുഴഞ്ഞ് വീണു മരിച്ചു

തിരൂർ: നാടെങ്ങും ആഹ്ലാദാരവങ്ങളോടെ പ്രവേശനോത്സവം നടക്കുന്നതിനിടെ കണ്ണീരിൽ മുങ്ങി തിരൂരിലെ രണ്ട് സ്കൂളുകളിലെ പ്രവേശനോത്സവം. പ്രവേശനോത്സവത്തിനിടെ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചതാണ് തിരൂർ വെട്ടം ശാന്തി സ്പെഷ്യൽ സ്കൂളിനെ കണ്ണീരിലാഴ്ത്തിയതെങ്കിൽ, എം.ഇ.എസ് സ്കൂളിൽ ചൊവ്വാഴ്ച സൈക്കിൾ യാത്രക്കിടെ വിദ്യാർഥി കുളത്തിൽ വീണ് മരണപ്പെടുകയായിരുന്നു.

വെട്ടം ശാന്തി സ്പെഷ്യൽ സ്കൂൾ പ്രവേശനോത്സവത്തിനിടെ വെട്ടം ആലിശ്ശേരി സ്വദേശിയും സജീവ പാലിയേറ്റീവ് പ്രവർത്തകനും വെട്ടത്തെ പി. ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂൾ ജീവനക്കാരനുമായിരുന്ന മൂലശ്ശേരി സുബ്രഹ്മണ്യൻ എന്ന മണിയാണ് ( 52) കുഴഞ്ഞു വീണു മരിച്ചത്. വിദ്യാലയത്തിലെത്തിയവരെയും നാട്ടുകാരെയും ഒരു പോലെ ദുഃഖത്തിലാഴ്ത്തി.

പത്ത് വർഷത്തെ പ്രവാസ ജീവിതത്തിന് നാട്ടിൽ പാലിയേറ്റീവ് പ്രവർത്തകനായും വെട്ടം പഞ്ചായത്തിലെ പത്താം വാർഡിൽ വെട്ടം കലാ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായും അതിന് കീഴിൽ നടുവിലക്കടവിൽ പ്രവർത്തിച്ച് വരുന്ന സ്പെഷ്യൽ സ്കൂളിൽ ആറ് മാസത്തോളമായി ജീവനക്കാരനായും പ്രവർത്തിച്ച് വരികയായിരുന്നു. പ്രദേശത്തെ കലാകാരൻ, സാംസ്കാരിക പ്രവർത്തകനും വെട്ടത്തെ സജീവ കോൺഗ്രസ് പ്രവർത്തകനുമാണ്. കഴിഞ്ഞ ദിവസം ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ പ്രശ്നങ്ങൾ കാണത്തിനാൽ വീട്ടിലേക്ക് മടങ്ങി സ്കൂളിലെ പ്രവേശനോത്സവ പരിപാടികളിൽ സജീവമാവുകയായിരുന്നു. പരിപാടി നടക്കുന്നതിനിടെ കുഴഞ്ഞ് വീണതിനെ തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. ഇതോടെ പ്രവേശനോത്സവം ഒഴിവാക്കി. മൃതദേഹം ബുധനാഴ്ച വൈകീട്ട് നാലു മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

പിതാവ്: പരേതനായ വാസു. മാതാവ്: കുഞ്ഞിമോൾ. ഭാര്യ: സതി. മക്കൾ: രാഹുൽ, അനഘ, അജയ്.

അതേസമയം, ചൊവ്വാഴ്ച സൈക്കിൾ യാത്രക്കിടെ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചതിനെ തുടർന്ന് തിരൂർ എം.ഇ. എസ്. സ്ക്കൂളിൽ പ്രവേശനോത്സവം ഒഴിവാക്കി ബുധനാഴ്ച സ്കൂളിന് അവധി നൽകി.

തിരൂർ എം.ഇ.എസ് സെൻട്രൽ സ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയും കോട്ട് പഴങ്കുളങ്ങര മുച്ചിരി പറമ്പിൽ രാജേഷിന്റെ മകൻ ആകാശാണ് (12) വീട്ടിലേക്ക് സൈക്കിൾ ചവിട്ടി പോകുന്നതിനിടെ ബാലൻസ് തെറ്റി വീടിന് സമീപത്തെ നീലിക്കുളത്തിലേക്ക് വീണ് ദാരുണ അന്ത്യം സംഭവിച്ചത്.

അമ്മ: റീമ. സഹോദരൻ: അര്‍ജുന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.