സി.ടി. ജസീന
തുവ്വൂർ: ഗ്രാമപഞ്ചായത്ത് പുതിയ പ്രസിഡന്റായി മുസ്ലിം ലീഗിലെ സി.ടി. ജസീന സ്ഥാനമേറ്റു. കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്ന തെരഞ്ഞെടുപ്പിൽ ലീഗിലെ പത്ത് അംഗങ്ങളുടെ പിന്തുണയിലാണ് ജസീന തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ 11ന് നടന്ന തെരഞ്ഞെടുപ്പ് വണ്ടൂർ സബ് രജിസ്ട്രാർ വിനോദ് പാറക്കൽ നിയന്ത്രിച്ചു.
വൈസ് പ്രസിഡന്റ് കൂടിയായ ടി.എ. ജലീൽ ജസീനയുടെ പേര് നിർദേശിക്കുകയും കെ.സുബൈദ പിന്താങ്ങുകയും ചെയ്തു. എട്ടാം വാർഡ് കക്കറയിലെ അംഗമാണ് ജസീന. 2020 ൽ നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ 17ൽ 17 സീറ്റുകളും പിടിച്ച് യു.ഡി.എഫ് തുവ്വൂരിൽ ചരിത്ര വിജയം നേടിയിരുന്നു. രണ്ടര വർഷത്തെ കാലാവധിക്ക് ശേഷം ലീഗ് 15 മാസം പ്രസിഡന്റ് പദവി കോൺഗ്രസിന് നൽകി. ഈ കാലാവധി പൂർത്തിയാക്കി കോൺഗ്രസിലെ പി.ടി. ജ്യോതി കഴിഞ്ഞ 28ന് രാജിവെച്ചതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജ്യോതിയുടെ രാജി സംബന്ധിച്ച തർക്കം കോൺഗ്രസ്-ലീഗ് ഭിന്നതക്കിടയാക്കിയിരുന്നു. ഈ ഭിന്നതയാണ് കോൺഗ്രസിന്റെ പ്രതിഷേധത്തിലും വിട്ടുനിൽക്കലിലും കലാശിച്ചത്.
തുവ്വൂർ: പ്രസിഡന്റ്, വൈസ് പ്രസിഡന്റ് വിഷയത്തിൽ യു.ഡി.എഫുണ്ടാക്കിയ കരാർ മുസ്ലിം ലീഗ് ലംഘിച്ചെന്ന് കോൺഗ്രസ്. ഇതിൽ പ്രതിഷേധിച്ചാണ് തങ്ങൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ മാറിനിന്നതെന്ന് ഗ്രാമപഞ്ചായത്ത് അംഗവും മണ്ഡലം പ്രസിഡന്റുമായ കെ.കെ. സുരേന്ദ്രൻ പറഞ്ഞു. പി.ടി. ജ്യോതി രാജിവെക്കുന്ന ദിവസം തന്നെ വൈസ് പ്രസിഡന്റും രാജിവെക്കണമെന്നായിരുന്നു കരാർ. എന്നാൽ വൈസ് പ്രസിഡന്റ് ഇതുവരെയും രാജിവെച്ചിട്ടില്ല. യു.ഡി.എഫിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദങ്ങൾ ലീഗ് തന്നെ വഹിക്കുന്നത് ശരിയായ നടപടിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഏഴ് അംഗങ്ങളാണ് കോൺഗ്രസിനുള്ളത്.
തുവ്വൂർ: സത്യപ്രതിജ്ഞ ചൊല്ലിയതിന് പിന്നാലെ അവധിയിൽ പ്രവേശിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ശനിയാഴ്ച പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി.ടി. ജസീനയാണ് തൊട്ടുടനെ ആറ് മാസത്തെ അവധിയിൽ പ്രവേശിച്ചത്. പ്രസവാനന്തര പരിചരണത്തിനും വിശ്രമത്തിനുമാണ് അവധി. നിലവിൽ വികസന സ്ഥിരം സമിതി അധ്യക്ഷയായിരുന്ന ജസീന കഴിഞ്ഞ മാസമാണ് പ്രസവിച്ചത്.
ഇവരെ തന്നെ പുതിയ പ്രസിഡന്റായി പാർട്ടി നിയോഗിക്കുകയും ചെയ്തു. പ്രസിഡന്റിന്റെ അഭാവത്തിൽ മൂന്നാഴ്ചയായി ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ടി.എ. ജലീലിൽനിന്ന് ചുമതല ഏറ്റെടുക്കാതെ തന്നെ ജസീന അവധിയിൽ പോവുകയായിരുന്നു. ഇനി ആറു മാസം ജലീൽ തന്നെ പ്രസിഡന്റിന്റെ ചുമതലയിൽ തുടരും. അതേസമയം, മുസ്ലിം ലീഗിൽ വേറെയും വനിതകൾ ഉണ്ടായിട്ടും ജസീനയെ തന്നെ പ്രസിഡന്റാക്കിയ നടപടി വരും ദിവസങ്ങളിൽ വിവാദമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.