പൊന്നാനി: ട്രിപ്പിൾ ലോക് ഡൗണിനെ തുടർന്ന് നിയന്ത്രണമേർപ്പെടുത്തിയ പൊന്നാനി താലൂക്കിൽ കൂടുതൽ കടകൾ തുറക്കാൻ അനുമതി. ആദ്യദിവസം ഒരു പഞ്ചായത്തിൽ ഒരു കടയും നഗരസഭയിൽ മൂന്ന് കടകളുമായിരുന്നു തുറന്നത്. ഇത് ജനങ്ങൾക്കുണ്ടാക്കിയ പ്രയാസം മനസ്സിലാക്കി ഒരു പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി അഞ്ചു കടകളും നഗരസഭയിൽ 10 കടകളും തുറന്ന് ഹോം ഡെലിവറി മാത്രം നടത്താൻ തീരുമാനിച്ചു. സ്ഥലങ്ങളും കടകളും ഗ്രാമപഞ്ചായത് നിശ്ചയിച്ച് തഹസിൽദാർക്ക് നൽകണം. ഹോം ഡെലിവറിക്കായി ആവശ്യമുള്ള വളൻറിയർമാരെ ഗ്രാമപഞ്ചായത്ത് സന്നദ്ധ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് നൽകണം. ഇവർക്ക് തിരിച്ചറിയൽ കാർഡും ടാഗും നൽകണം. എടപ്പാളിലെ രണ്ട് ആശുപത്രി കേന്ദ്രീകരിച്ചും ടെസ്റ്റിനായി സാമ്പിൾ എടുത്തുകൊണ്ടിരിക്കുകയാണ്.
കൂടുതൽ സാമ്പിൾ എടുക്കുന്നതിനും ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിനും തീരുമാനിച്ചു. എല്ലാവീടുകളും ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു. എടപ്പാളിലെ ആശുപത്രികളിൽ ജൂണിൽ സന്ദർശിച്ചവരുടെ കണക്ക് എടുത്തുവരുന്നു. ഒരു ദിവസംകൊണ്ട് ഏകദേശം പകുതി പൂർത്തിയായെന്ന് ഡി.എം.ഒ അറിയിച്ചു.
ജൂണിലെ റേഷൻ ഇനിയും വാങ്ങാനുള്ളവർക്ക് വളൻറിയർമാർ മുഖേനയോ അല്ലെങ്കിൽ, സമയം ദീർഘിപ്പിച്ചുനൽകിയോ എത്തിക്കാൻ ജില്ല സപ്ലൈ ഓഫിസറെ ചുമതലപ്പെടുത്തി. പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാൻ ഡ്രോൺ കാമറ ഉപയോഗിച്ച് പരിശോധന നടത്തും. പൊന്നാനി താലൂക്കിൽ 100 ബൈക്കുകളിൽ പൊലീസിെൻറ പ്രത്യേക പട്രോളിങ് നടത്തും. പൊന്നാനിയിലെ ലോക്ഡൗൺ കാര്യങ്ങൾ വിലയിരുത്തുന്നതിനായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിളിച്ചുചേർത്ത വിഡിയോ കോൺഫറൻസ് യോഗത്തിലാണ് തീരുമാനം. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ജില്ല കലക്ടർ, ഡി.എം.ഒ, ഡിവൈ.എസ്.പിമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.