കൊച്ചി: കോവിഡ് കാലത്തെ വിവര ശേഖരണത്തിനായി സ്പ്രിംഗ്ലർ കമ്പനിയെ ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൗരന്മാരുടെ വ്യക്തിവിവരങ്ങൾ ചോർന്നുവെന്ന വാദം തള്ളി ഹൈകോടതി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ തുടങ്ങിയവരടക്കം നൽകിയ പൊതുതാൽപര്യ ഹരജികൾ തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം.
കോവിഡ് കാലത്ത് രോഗികളെ തിരിച്ചറിയുന്നതിന് മാത്രമാണ് സർക്കാർ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെങ്കിലും മഹാമാരിയുടെ അസാധാരണ സാഹചര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടിയായി മാത്രമേ ഇതിനെ കാണാനാവൂ. അതിനാൽ, സർക്കാർ നടപടി ന്യായീകരിക്കത്തക്കതാണെന്നും കോടതി വ്യക്തമാക്കി.
വ്യക്തിവിവരങ്ങൾ വിദേശ കമ്പനിക്ക് കൈമാറുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും ഭരണഘടനയുടെ 299ാം അനുഛേദം പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. സ്പ്രിംഗ്ലർ കരാറിന് പിന്നിൽ ഐ.ടി മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാപിത താൽപര്യമുണ്ടെന്നും ആരോപിച്ചിരുന്നു. എന്നാൽ, സേവനം സൗജന്യമായിരുന്നുവെന്നും വിവരങ്ങൾ സുരക്ഷിതണെന്നുമായിരുന്നു സർക്കാറിന്‍റെ വാദം. വിവരങ്ങൾ ചോർന്നതായി പരാതികളില്ല. അത്യാവശ്യ ഘട്ടത്തിൽ പൊതുജനാരോഗ്യം മുൻനിർത്തിയാണ് തീരുമാനമെടുത്തതെന്നും സർക്കാർ വാദിച്ചു.
വിവരങ്ങൾ ചോർന്നതായോ ഇടപാടിൽ അഴിമതി നടന്നതായോ ഹരജിക്കാർക്ക് ബോധ്യപ്പെടുത്താനായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. കോവിഡ് ബാധിതരെ തിരിച്ചറിയാൻ സ്പ്രിംഗ്ലറിന്റെ സാങ്കേതിക വിദ്യ മാത്രമാണ് സർക്കാർ ഉപയോഗിച്ചത്. വിവരങ്ങൾ കൈമാറുന്ന പ്രശ്നം ഇതിലില്ലെന്നും കോടതി വ്യക്തമാക്കി. മഹാമാരിയുടെ സങ്കീർണ സാഹചര്യം കണക്കിലെടുത്ത് സർക്കാറിന്റെ വിശദീകരണം അംഗീകരിക്കുകയാണെന്ന് വ്യക്തമാക്കിയ കോടതി കരാറുകൾക്ക് 299ാം അനുഛേദം ബാധകമല്ലെന്ന സർക്കാർ വാദം തള്ളുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.