തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ അവസാന ബജറ്റ് പ്രായോഗിക നിർദേശങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സ്വപ്ന ബജറ്റായിരിക്കില്ല അവതരിപ്പിക്കുക. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ആബാലവൃദ്ധം ജനങ്ങളെയും സ്വാധീനിക്കുന്നതായിരിക്കും ബജറ്റെന്നും ധനമന്ത്രി പറഞ്ഞു.
ചെയ്യാവുന്നത് മാത്രമേ പറയുവെന്നും പറയുന്നത് ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി. തുടർ ഭരണമുണ്ടായാൽ നടപ്പാക്കാൻ പോകുന്ന നിർദേശങ്ങളാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മെട്രോയിൽ കൂടി ഓടാൻ കഴിയുന്ന ആർ.ആർ.ടി.എസ് സംവിധാനമാണ് കേരളത്തിൽ കൊണ്ടുവരാൻ പോകുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണം, പങ്കാളിത്ത പെൻഷന് പകരമുള്ള പുതിയ ‘അഷ്വേർഡ് പെൻഷൻ’ പദ്ധതി എന്നിവയിൽ ബജറ്റിൽ അനുകൂല തീരുമാനം ഉണ്ടായേക്കും. റബർ സബ്‌സിഡി വർധിപ്പിക്കുന്നതും കാർഷിക ഉൽപന്നങ്ങളുടെ തറവില ഉയർത്തുന്നതും പരിഗണനയിലാണ്.
കേന്ദ്ര വിഹിതത്തിലെ കുറവും കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, വരുമാന വർധനക്ക് പുതിയ നികുതി പരിഷ്കാരങ്ങൾ ഉണ്ടാകുമോ എന്നതും സംസ്ഥാനം ഉറ്റുനോക്കുന്നു. യാഥാർഥ്യബോധത്തോടെയുള്ളതും എന്നാൽ വികസനത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതുമായ ബജറ്റായിരിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.