നാടുകാണി ചുരത്തിൽ കാറിനും ലോറിക്കും മുകളിൽ മരങ്ങൾ വീണു

നിലമ്പൂർ: നാടുകാണി ചുരത്തിൽ ലോറിക്കും കാറിനും മുകളിൽ മരങ്ങൾ വീണു. യാത്രക്കാർ പരിക്കേൽക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. കൈകുഞ്ഞുമായി കാറിൽ ചുരം ഇറങ്ങുന്നതിനിടെയാണ് കുടുംബം വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ ജാറത്തിന് താഴെ തണുപ്പൻ ചോലക്ക് സമീപം അപകടത്തിൽപെട്ടത്. റോഡിന് മുകൾ ഭാഗത്ത് നിന്നും കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു. കാറിന്‍റെ മുൻഭാഗം ബോണറ്റിന് ഉരസിയാണ് മരം നിലംപൊത്തിയത്. മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്ന ഗുഡല്ലൂർ സ്വദേശികൾ പരിക്കേൽകാതെ രക്ഷപ്പെട്ടു. പെരിന്തൽമണ്ണയിലേക്ക് പോരുകയായിരുന്ന കുടുംബം പിന്നീട് യാത്ര ഒഴിവാക്കി നാട്ടിലേക്ക് മടങ്ങി. ഏതാണ്ട് ഇതേ സമയത്ത് തന്നെ കല്ലളഭാഗത്ത് ലോറിക്ക് മുകളിൽ മരം വീണു.

ഗുഡല്ലൂരിൽ ചരക്ക് ഇറക്കി മടങ്ങുകയായിരുന്ന ലോറിക്ക് മുകളിലേക്കാണ് മരം വീണത്. വഴിക്കടവ് സ്വദേശികളായ ഡ്രൈവറും ക്ലീനറും പരിക്കേൽകാതെ രക്ഷപ്പെട്ടു. ഉച്ചക്കുശേഷം മൂന്നരയോടെ അതിർത്തിയോട് ചേർന്നും കൂറ്റൻമരത്തിന്‍റെ കൊമ്പ് പൊട്ടിവീണു. രാവിലെയും വൈകീട്ടും ചുരം റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വനം വകുപ്പും വഴിക്കടവ് പൊലീസും ഫയർഫോഴ്സും ട്രോമാകെയർ യൂനിറ്റും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. ചുരം റോഡിന്‍റെ വിവിധ ഭാഗങ്ങളിൽ വീഴാറായി നിൽകുന്ന മരങ്ങൾ ഇനിയും ഭീഷണിയിലുണ്ട്. കനത്ത മഴയിൽ ഇവ കടപുഴകി വീഴാൻ സാധ‍്യതയേറെയാണ്.

Tags:    
News Summary - Trees fell on cars and lorries at Nadukani pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.