പുളിക്കല്‍: രാത്രിയുടെ മറവിൽ ജനവാസ പ്രദേശത്തെ പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയില്‍ ടണ്‍ കണക്കിന് ആശുപത്രി മാലിന്യം തള്ളിയത് കൈയോടെ പിടികൂടി നാട്ടുകാര്‍. പുളിക്കല്‍ ആന്തിയൂര്‍ക്കുന്നില്‍ അരൂര്‍-ചെവിട്ടാണിക്കുന്ന് റോഡരികിലെ കരിങ്കല്‍ ക്വാറിയിലാണ് ടോറസ് ലോറിയിലെത്തിച്ച മാലിന്യം തള്ളിയത്. സംഭവമറിഞ്ഞ് ശനിയാഴ്ച അര്‍ധരാത്രിക്ക് ശേഷം നാട്ടുകാര്‍ തടിച്ചുകൂടുകയായിരുന്നു. ഇതിനിടെ മാലിന്യം കൊണ്ടുവന്നവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി കൊണ്ടോട്ടി പൊലീസിലും പുളിക്കല്‍ ഗ്രാമ പഞ്ചായത്തിലും വിവരമറിയിച്ചു.
വിവരമറിഞ്ഞ് പൊലീസും ഗ്രാമ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. ജനവാസ മേഖലയില്‍ തികച്ചും അശാസ്ത്രീയമായി ആശുപത്രി മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. കോഴിക്കോട് ഭാഗത്തുനിന്നാണ് മാലിന്യമെത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് മാലിന്യം കൊണ്ടുവന്ന പ്രധാന ഏജന്റിന് ലക്ഷം രൂപയും സ്ഥലം ഉടമക്ക് 50000 രൂപയും മാലിന്യം കൊണ്ടുവന്ന ലോറി ഉടമക്ക് 50000 രൂപയുമുള്‍പ്പെടെ രണ്ട് ലക്ഷം രൂപ പിഴ ചുമത്തുകയും മാലിന്യം നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കുകയും ചെയ്തതായി പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിനോദ് ഓലശ്ശേരി അറിയിച്ചു.
50-ാളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജലനിധി കുടിവെള്ള പദ്ധതിയുടെ സംഭരണിക്കടുത്ത് കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടിലാണ് മാലിന്യങ്ങള്‍ തള്ളിയത്. സമീപവാസികളുടെ ശുദ്ധജല കിണറുകളെല്ലാം മലിനമാകുമെന്ന ആശങ്ക ശക്തമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാനും നടപടി ആരംഭിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിച്ചവര്‍ തന്നെയാണ് നീക്കം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.