ബസ് യാത്രക്കാരന്‍റെ 3.75 ലക്ഷം രൂപ കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ

മഞ്ചേരി: ബസ് യാത്രക്കാരന്‍റെ 3.75 ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പേർ മഞ്ചേരി പൊലീസിന്‍റെ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂർ സ്വദേശി വടക്കുംപുലാൻ വീട്ടിൽ അബ്ദുല്ലക്കോയ എന്ന ഷാനവാസ് (46), കൂട്ടാളികളായ കൊണ്ടോട്ടി കളോത്ത് സ്വദേശി തൊട്ടിയൻകണ്ടി വീട്ടിൽ ജുനൈസുദ്ദീൻ (50), ഊർങ്ങാട്ടിരി ആലിൻച്ചുവട് മഞ്ഞക്കോടവൻ വീട്ടിൽ ദുൽകിഫ് ലി (45) എന്നിവരാണ് പിടിയിലായത്. ഒക്ടോബർ 23ന് വൈകീട്ട് നാലോടെയാണ് സംഭവം. മഞ്ചേരി പട്ടർകുളം സ്വദേശിയായ 61കാരന്‍റെ പണമാണ് നഷ്ടമായത്.

മഞ്ചേരി സീതിഹാജി സ്റ്റാൻഡിൽ, ബസിൽ കൃത്രിമതിരക്കുണ്ടാക്കി, യാത്രക്കാരന്‍റെ പാന്‍റിന്‍റെ പോക്കറ്റ് മുറിച്ച് 25,000 രൂപയും 14000 യു.എ.ഇ ദിർഹവും (3,50,000 രൂപ) കവരുകയായിരുന്നു. പണം പോക്കറ്റിൽനിന്ന് വീണതാണെന്ന് കരുതി ഇയാൾ സ്റ്റാൻഡിൽ തന്നെ ഇറങ്ങി. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. അബ്ദുല്ലക്കോയയും ജുനൈസുദീനും മുമ്പും സമാന കേസുകളിൽ പ്രതിയാണ്. മഞ്ചേരി പൊലീസ് എസ്.ഐ അഖിരാജിന്‍റെ നേതൃത്വത്തിൽ മഞ്ചേരി പൊലീസും മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചേർന്നാണ് പിടികൂടിയത്. മഞ്ചേരി ഇൻസ്പെക്ടർ പ്രതാപ് കുമാർ, ശറഫുദ്ദീൻ, തൗഫീക്, കൃഷ്ണദാസ്, ഷിബിന, പ്രത്യേക സംഘാംഗങ്ങളായ ഐ.കെ. ദിനേഷ്, പി.സലീം, കെ.കെ. ജസീർ, ആർ. രഞ്ജിത്ത്, വി.പി. ബിജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. 

Tags:    
News Summary - Three arrested in bus passenger robbery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.