തേഞ്ഞിപ്പലം: പട്ടാപ്പകൽ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന കേസിൽ സ്ഥിരം മോഷ്ടാവ് പിടിയില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി മനക്കോട്ട് വീട്ടില്‍ ജിത്തുവാണ് (28) വ്യാഴാഴ്ച പുലർച്ച ഫറോക്കിൽനിന്ന് പിടിയിലായത്. ഇയാളില്‍നിന്ന് അഞ്ച് പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. ബുധനാഴ്ച പകൽ തേഞ്ഞിപ്പലം പാണമ്പ്രയിലെ വാക്കയില്‍ മനോജിന്റെ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അഞ്ച് പവന്റെ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും മോഷ്ടിച്ച കേസിലാണ് സ്ഥിരം മോഷ്ടാവായ ജിത്തു വ്യാഴാഴ്ച പുലര്‍ച്ച ഫറോക്കില്‍നിന്ന് പിടിയിലായത്. നിരീക്ഷണ കാമറ ദൃശ്യങ്ങളുടെയടക്കം സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
തേഞ്ഞിപ്പലം ഇല്ലത്ത് സ്കൂളിന് സമീപത്തെ വാടക വീട്ടില്‍നിന്ന് 19 പവന്റെ സ്വര്‍ണാഭരണങ്ങളും കാലിക്കറ്റ് സര്‍വകലാശാല ക്വാര്‍ട്ടേഴ്സില്‍നിന്ന് മൂന്നര പവന്റെ സ്വര്‍ണവും 2000 രൂപയും ചേലേമ്പ്രയിലെ വീട്ടില്‍ നിന്ന് 14 പവനും ഒന്നര ലക്ഷം രൂപയും കവര്‍ന്നത് ഇയാള്‍ തന്നെയാണെന്നാണ് പൊലീസ് നല്കുന്ന വിവരം. തൊണ്ടിമുതലുകള്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജ്വല്ലറികളില്‍ വില്പന നടത്തിയെന്നാണ് പ്രതിയുടെ മൊഴി. വെള്ളിയാഴ്ച പ്രതിയുമായുള്ള തെളിവെടുപ്പില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇയാള്‍ക്ക് പള്ളിക്കല്‍ പഞ്ചായത്ത് പരിധിയിലെ മോഷണ കേസുകളില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരുകയാണ്. ബൈക്കില്‍ ഒറ്റക്ക് സഞ്ചരിച്ച് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി പിന്‍വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്തുന്ന രീതിയാണ് ജിത്തുവിന്റേത്. വാഴക്കാട്, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിലവിൽ മോഷണ കേസുകളുണ്ട്. പത്തോളം കേസുകളിൽ പ്രതിയാണ്. മോഷണ പരമ്പരയെ തുടർന്ന് ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയ മോഷ്ടാക്കളെയും പരോളിന് ഇറങ്ങിയ കുറ്റവാളികളെയും ജില്ല പൊലീസ് മേധാവിക്ക് കീഴിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. 50ലധികം നിരീക്ഷണ കാമറ ദൃശ്യങ്ങളും പരിശോധിച്ചു. കനത്ത ജാഗ്രതയില്‍ അന്വേഷണ സംഘം വലവിരിച്ചിരിക്കെയാണ് പാണമ്പ്രയില്‍ ബുധനാഴ്ച പട്ടാപ്പകല്‍ കവര്‍ച്ച ആവര്‍ത്തിച്ചത്.
പ്രതിയുമായി ഇന്ന് തെളിവെടുപ്പ് ജില്ല പൊലീസ് മേധാവിയെത്തും
തേഞ്ഞിപ്പലം: പട്ടാപ്പകലിലെ അതിവിദഗ്ധ കവര്‍ച്ച കനത്ത വെല്ലുവിളിയായ തേഞ്ഞിപ്പലം പൊലീസിന് മോഷണ കേസില്‍ ഒരാള്‍ പിടിയിലായതോടെ ആശ്വാസം. പട്ടാപ്പകല്‍ കവര്‍ച്ച ആവര്‍ത്തിച്ചിട്ടും കേസില്‍ തുമ്പില്ലാതെ രാവും പകലും അലഞ്ഞ അന്വേഷണ സംഘത്തിന്റെ അതിസൂക്ഷ്മ നിരീക്ഷണമാണ് നേട്ടമായത്.
ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് കീഴിലുള്ള ഡാന്‍സാഫ് സ്ക്വാഡിനെ കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡിയുടെ മേല്‍നോട്ടത്തില്‍ തേഞ്ഞിപ്പലം പൊലീസിനൊപ്പം അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയതാണ് വഴിത്തിരിവായത്. മുമ്പ് കവര്‍ച്ച നടന്ന വീടുകളുടെയും ക്വാര്‍ട്ടേഴ്സുകളുടെയും സമീപ പ്രദേശങ്ങളിലെയും പ്രധാന നിരത്തുകളിലെയും നിരീക്ഷണ കാമറകള്‍ കൃത്യമായി അന്വേഷണ സംഘം പരിശോധിച്ചുവരുകയായിരുന്നു.
നിരീക്ഷണ കാമറകളില്‍ നിന്ന് ലഭിച്ച സൂചനകളും കവര്‍ച്ച കേസുകളിലെ കുറ്റവാളികളുടെ സ്വഭാവരീതികളും കൃത്യമായി പഠിച്ചുള്ള മുന്നേറ്റമാണ് കവര്‍ച്ച കേസില്‍ കാഴിക്കോട് ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി മനക്കോട്ട് വീട്ടില്‍ ജിത്തുവിനെ കുടുക്കിയത്. പിടിയിലായ ജിത്തുവിനെ പൊലീസ് വെള്ളിയാഴ്ച തെളിവെടുപ്പിനെത്തിക്കും. പൊലീസിന് ഏറെ വെല്ലുവിളി സൃഷ്ടിച്ച കേസായതിനാല്‍ ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് വെള്ളിയാഴ്ച തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തി തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.