മലപ്പുറം: മറ്റൊരു സ്കൂട്ടറിന്റെ നമ്പർ വെച്ച് ഓടിയ വ്യാജ വാഹനത്തെ പൊക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം, അന്വേഷണത്തിന് തുണയായത് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും കാമറയിൽ പതിഞ്ഞ ചിത്രങ്ങൾ. യഥാർഥ ആർ.സി ഉടമയായ പട്ടാമ്പി കൊപ്പം പുലാശ്ശേരി സ്വദേശി സൈനുൽ ആബിദിന്റെ കെ.എൽ. 52 പി. 410 എന്ന നമ്പറിലുള്ള കറുപ്പ് ആക്ടീവ സ്കൂട്ടറിന് മഞ്ചേരിയിൽനിന്ന് പൊലീസിന്റെ നാലും മോട്ടോർ വാഹന വകുപ്പിന്റെ രണ്ടും കേസുകൾ മൊബൈലിലേക്ക് പിഴ അടക്കാൻ സന്ദേശം വന്നപ്പോഴാണ് വാഹനയുടമ പരാതിയുമായി എത്തിയത്. കോട്ടക്കലിലെ മോട്ടോർ വാഹന വകുപ്പ് എൻേഫാഴ്സ്മെന്റ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വാഹനം കണ്ടെത്താൻ സാധിക്കാത്തതിനെ ഇ-ചലാൻ റസിപ്റ്റ് ഉൾപ്പെടെ വിശദമായി പരിശോധിച്ചു. മഞ്ചേരി മേഖലയിലെ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും റോഡിലെ കാമറ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ വർക്ക്ഷോപ്പിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കണ്ടു.
തുടർന്ന് മഞ്ചേരി ഭാഗത്തെ വർക്ക്ഷോപ്പ് കേന്ദ്രീകരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിൽ പൂക്കോട്ടൂരിൽനിന്ന് വാഹനം കണ്ടെത്തി.
വ്യാജ നമ്പറിൽ ഓടിച്ച വാഹനം തുടർനടപടികൾക്കായി മോട്ടോർ വാഹന വകുപ്പ് മഞ്ചേരി പൊലീസിന് കൈമാറും. വാഹന ഉടമ സൈനുൽ ആബിദിന്റെ പരാതിയിൽ മഞ്ചേരി പൊലീസിൽ ഒരു കേസുള്ളതിനാൽ പൊലീസ് തുടർനടപടി കൈകൊള്ളുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥർ അറിയിച്ചു.
വ്യാജ നമ്പർ േപ്ലറ്റിൽ ഓടിച്ച വാഹനം ബി.എസ് ഫോർ വിഭാഗത്തിൽപെട്ടത് ആയതിനാൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാകുന്നത്. ഇതിനാൽ, സമാനമായ മറ്റൊരു വാഹനത്തിന്റെ നമ്പർ പതിച്ച് ഓടിയതാകാമെന്നാണ് നിഗമനം. ഇക്കാര്യം വിശദമായി അന്വേഷിക്കും. നിയമലംഘനം ബോധ്യപ്പെട്ടാൽ, വാഹന നിർമാതാക്കളുമായി ബന്ധപ്പെട്ട് ഇത് വിറ്റ ഡീലർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മലപ്പുറം എൻേഫാഴ്സമെന്റ് ആർ.ടി.ഒ ഒ. പ്രമോദ് കുമാറിന്റെ നിർദേശപ്രകാരം എം.വി.ഐ എം.കെ. പ്രമോദ് ശങ്കർ, എ.എം.വി.ഐമാരായ ഷൂജ മാട്ടട, പി. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.