നെടിയിരുപ്പ് ഗവ. എൽ.പി സ്കൂൾ
മുഴുവൻ പൊതുവിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും അതിൽനിന്നെല്ലാം പുറത്തുനിർത്തപ്പെടുന്ന ഒരുകൂട്ടം സ്കൂളുകളുണ്ട്. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവ. ജില്ലയിലെ 32 സ്കൂളുകൾക്കാണ് ഈ ദുരവസ്ഥ. ഭരണകൂടങ്ങൾ മലപ്പുറം ജില്ലയോട് കാണിക്കുന്ന ക്രൂരവിവേചനത്തിന്റെ മറ്റൊരു ഉദാഹരണം. സുരക്ഷഭീഷണി ഉൾപ്പെടെ ഈ സ്കൂളുകൾ നേരിടുന്ന വിവേചനങ്ങളെ കുറിച്ച് ‘മാധ്യമം’ അന്വേഷണം ഇന്നുമുതൽ.
ഏത് നിമിഷവും നിലംപൊത്തിയേക്കാവുന്ന കെട്ടിടങ്ങൾ, പൊട്ടിപ്പൊളിഞ്ഞ തറകൾ. ഇടുങ്ങിയ ക്ലാസ് മുറികൾ... ജില്ലയിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന 32 സ്കൂളുകളിൽ പലതിന്റെയും അവസ്ഥയാണിത്. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 123 സ്കൂളുകളിൽ 32 എണ്ണവും മലപ്പുറം ജില്ലയിലാണ് എന്നത് വികസന രംഗത്ത് മാറിമാറി വന്ന സർക്കാറുകൾ ജില്ലയോട് കാണിക്കുന്ന ക്രൂരവിവേചനം വെളിപ്പെടുത്തുന്നു. ഇതിൽ 30 എണ്ണം സർക്കാർ സകൂളുകളാണ്. ബാക്കി രണ്ടെണ്ണം എയ്ഡഡ് വിദ്യാലയങ്ങളും. ഇവയിൽ ഒന്നൊഴികെ എല്ലാം കുരുന്നുകൾ പഠിക്കുന്ന എൽ.പി, യു.പി സ്കൂളുകളും. ഇതിൽ പല സ്കൂളുകളും ഒരുനൂറ്റാണ്ടും അതിലേറെയും പഴക്കമുള്ളവയാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.
പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഫണ്ട്, എം.എൽ.എ-എം.പി ഫണ്ടുകൾ, കേന്ദ്രസർക്കാറിന്റെ പ്രത്യേക പദ്ധതികൾ പ്രകാരമുള്ള ഫണ്ടുകൾ തുടങ്ങിയവയിൽ ഒന്നിനുപോലും അർഹതയില്ല ഈ സ്കൂളുകൾക്ക്; കാരണം ഒന്ന് മാത്രം, സ്വന്തമായി കെട്ടിടമില്ല. തദ്ദേശ സ്ഥാപനങ്ങൾ അനുവദിക്കുന്ന പരിമിതമായ വികസന ഫണ്ട് മാത്രമാണ് ഇവക്ക് ലഭിക്കുന്നത്.
മിക്ക കെട്ടിടങ്ങളുടെയും വാടക തദ്ദേശ സ്ഥാപനങ്ങളാണ് നൽകുന്നത്. ക്ലാസ് റൂം ഹൈടെക് ആക്കൽ, അറ്റകുറ്റപ്പണി, പുതിയ കെട്ടിടം നിർമിക്കൽ, സൗന്ദര്യവത്കരണം, ശൗചാലയ നിർമാണം തുടങ്ങി ഒട്ടേറെ ഇനങ്ങൾക്ക് സർക്കാർ സ്കൂളുകൾക്ക് വിവിധ ഏജൻസികളിൽനിന്ന് ഫണ്ട് ലഭിക്കാറുണ്ട്. എന്നാൽ, ഈ സ്കൂളുകൾക്കും അവിടങ്ങളിലെ കുട്ടികൾക്കും അതെല്ലാം നിഷേധിക്കപ്പെടുന്നു.
ജില്ലയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകളെ സംബന്ധിച്ച് ഇപ്പോഴത്തെ കായിക മന്ത്രി, 2020ൽ നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. 2020 മാർച്ച് 13ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നൽകിയ മറുപടിയിൽ 32 സ്കൂളുകൾ ജില്ലയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതായി വ്യക്തമാക്കിയിരുന്നു.
ഇത്തരം വിദ്യാലയങ്ങൾക്ക് സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ പുത്തനുണർവ് സൃഷ്ടിക്കുന്ന ഈ സന്ദർഭത്തിൽ പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സീകരിക്കുമോ എന്ന് കൂടി വി. അബ്ദുറഹ്മാൻ എം.എൽ.എ ചോദിക്കുന്നുണ്ട്. സർക്കാർ സ്കൂളുകൾ സ്വന്തം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു എന്നായിരുന്നു ഈ രണ്ട് ചോദ്യങ്ങൾക്കുമായുള്ള വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. എന്നാൽ, 2025 ജൂണിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ മറുപടി പ്രകാരം ജില്ലയിലെ 32 സ്കൂളുകൾ ഇപ്പോഴും വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതായി പറയുന്നു. (തുടരും)
നിലമ്പൂർ നഗരസഭയിലെ മുക്കട്ട ജി.എൽ.പി സ്കൂൾ 90 വർഷമായി വാടകകെട്ടിടത്തിന്റെ പരിമിതിക്കുള്ളിലാണ്. വാടകക്കെട്ടിടത്തിൽ ആയത് മൂലം കുട്ടികൾ നേരിടുന്ന അവകാശനിഷേധങ്ങൾ കണക്കിലെടുത്ത് ഭൂമി സർക്കാർ ഏറ്റെടുത്ത് കെട്ടിടം നിർമിക്കാൻ ബാലാവകാശ കമീഷൻ ഉത്തരവുണ്ട്. എന്നാൽ, സർക്കാർ നടപടിയെടുക്കുന്നില്ല. 1936ലാണ് മുക്കട്ടയിൽ 70 സെന്റ് സ്ഥലത്ത് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പ്രൈമറി, പ്രീ പ്രൈമറി തലങ്ങളിലായി 141 കുട്ടികളുണ്ട്.
90 വർഷമായി വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുക്കട്ട ജി.എൽ.പി സ്കൂൾ
സ്ഥലവുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തിയുമായി കേസ് നിലനിൽക്കുന്നതിനാൽ കെട്ടിടങ്ങൾ പുതുക്കിപ്പണിയുകയോ പുതിയ കെട്ടിടം നിർമിക്കുകയോ ചെയ്തിട്ടില്ല. സ്കൂളുകളെല്ലാം ഹൈടെക് സംവിധാനത്തിലേക്ക് മാറുന്ന സാഹചര്യത്തിലാണ് ഓട്ടിട പഴയ കെട്ടിടത്തിന്റെ മേൽക്കൂരക്ക് താഴെ കുരുന്നുകൾ അക്ഷരം നുകരുന്നത്. നാട്ടുകാരും അധ്യാപകരും സ്വരൂപിച്ച മൂന്നര ലക്ഷത്തോളം ചെലവഴിച്ച് 2021ൽ കെട്ടിടം നന്നാക്കിയെടുത്തിരുന്നു.
നൂറ് വർഷമായി വാടക കെട്ടിടത്തിലാണ് മഞ്ചേരി അരുകിഴായ ജി.എൽ.പി സ്കൂൾ പ്രവർത്തിക്കുന്നത്. നിലവിലെ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലവും കെട്ടിടവും വിലക്കുവാങ്ങാന്‍ നഗരസഭ ഒരുക്കമാണ്. എന്നാൽ, വിട്ടുനല്‍കാന്‍ ഉടമ തയാറായില്ല. 66 കുട്ടികളാണ് സ്കൂളിൽ പഠനം നടത്തുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. നിലവിലുള്ള സ്ഥലം തന്നെ ഏറ്റെടുക്കണമെന്നാണ് വാർഡ് കൗൺസിലറുടെയും പി.ടി.എയുടെയും നിലപാട്.
100 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മഞ്ചേരി അരുകിഴായ ജി.എൽ.പി സ്കൂൾ
മഞ്ചേരി നഗരത്തിലെ തന്നെ മറ്റൊരു പ്രാഥമിക വിദ്യാലയവും വാടകക്കെട്ടിടത്തിലാണ്. മഞ്ചേരി ഹിദായത്തുൽ മുസ്ലിമീൻ സഭ 1928ൽ സ്ഥാപിച്ച് 1946ൽ സർക്കാർ ഏറ്റെടുത്ത് ഗവ. മാപ്പിള ലോവർ പ്രൈമറി സ്കൂൾ മഞ്ചേരി (ജി.എം.എൽ.പി. സ്കൂൾ) എന്ന് പുനർനാമകരണം ചെയ്ത സ്കൂൾ താണിപ്പാറയിലെ മദ്റസയിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 63 കുട്ടികളാണുള്ളത്. സ്കൂളിന് താണിപ്പാറയിൽ സ്ഥലം കണ്ടെത്തിയതായി വാർഡ് കൗൺസിലർ ഷറീന ജവഹർ പറയുന്നു.
ഒരു നൂറ്റാണ്ടിലേറെയായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടി കൊട്ടുക്കര നെടിയിരുപ്പ് ജി.എം.എല്‍.പി സ്കൂളിന്റെ തലവര മാറാൻ സർക്കാറിന്റെ ഒരു തീരുമാനം മാത്രം മതി. നിലവില്‍ വിദ്യാലയം പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ ഉടമകൾ തന്നെ 20 സെന്റ് സ്ഥലം വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഈ സ്ഥലം വയല്‍ പ്രദേശമാണെന്ന കാരണത്താല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുന്നില്ല.
ഈയടുത്ത് ഇക്കാര്യം സൂചിപ്പിച്ച് പി.ടി.എ വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചിരുന്നു. ഇതില്‍ തുടര്‍നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. നെടിയിരുപ്പ് വില്ലേജിലെ തന്നെ നെടിയിരുപ്പ് ഗവ. എല്‍.പി സ്കൂളും ഒരു നൂറ്റാണ്ടിലേറെയായി വാടകക്കെട്ടിടത്തിലാണ്. പഴക്കമേറിയ കെട്ടിടങ്ങളില്‍ ആധുനിക സൗകര്യങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ് സാധാരണക്കാരുടെ മക്കള്‍ക്ക്.
ചാരംകുത്തുള്ള നെടിയിരുപ്പ് ഗവ. എല്‍.പി സ്കൂളിനായി നിലവിലെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം. എന്നാല്‍, സ്ഥലം ഏറ്റെടുക്കാൻ ഫണ്ടില്ലെന്ന് പറഞ്ഞ വിദ്യാഭ്യാസ വകുപ്പ് ഈ ആവശ്യം അവഗണിക്കുകയാണ്. നിലവിലെ സ്ഥലത്തുനിന്ന് 15 സെന്റ് സ്ഥലം ഭൂവുടമ വിദ്യാലയത്തിന് സൗജന്യമായി വിട്ടു നല്‍കാമെന്നറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ 15 സെന്റ് സ്ഥലം കൂടി വാങ്ങാന്‍ നാട്ടുകാര്‍ വിദ്യാലയ വികസന സമിതി രൂപവത്കരിച്ച് ധനസമാഹരണത്തിനുള്ള പ്രവര്‍ത്തനത്തിലാണ്. 25 ലക്ഷം രൂപ കൊണ്ടോട്ടി നഗരസഭ വിട്ടുനല്‍കാമെന്ന് അറിയിച്ചതായി സമിതി ചെയര്മാന് മൊടപ്പിലാശ്ശേരി ദിലീപ് പറഞ്ഞു.
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് സ്ഥിരം കെട്ടിടത്തിന് സ്വന്തമായി സ്ഥലം വേണം. സ്ഥലം ഏറ്റെടുക്കലാണ് ഇതിൽ വലിയ തലവേദന. ജില്ലയിലെയും എന്റെ മണ്ഡലത്തിലെയും ഇത്തരം സ്കൂളുകളുടെ വിഷയം വിദ്യാഭ്യാസ മന്ത്രിയെ നേരത്തെ ധരിപ്പിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്ത് നൽകാൻ സർക്കാറിനെ സംബന്ധിച്ച് സാമ്പത്തിക പ്രതിസന്ധികളുണ്ട്. എങ്കിലും ഈ വിഷയത്തിൽ തുടർ നടപടികളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.