മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശനിയാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. മുഖ്യമന്ത്രി പെരിന്തൽമണ്ണയിലെയും മലപ്പുറത്തെയും പരിപാടികളിലും വി.ഡി. സതീശൻ യു.ഡി.എഫ് പുതുയുഗ യാത്രയുമായി ബന്ധപ്പെട്ടും വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ, തിരൂർ, എടപ്പാൾ, പൊന്നാനി എന്നിവിടങ്ങളിലും പങ്കെടുക്കും. പെരിന്തല്‍മണ്ണ ഇ.എം.എസ് മെമ്മോറിയല്‍ സഹകരണ ആശുപത്രിയുടെ രജതജൂബിലി കെട്ടിടസമുച്ചയം ഉദ്ഘാടനം, മലപ്പുറത്ത് ഡോ. കെ.ടി. ജലീൽ എം.എൽ.എയുടെ പുസ്തക പ്രകാശനം, മലപ്പുറം പ്രസ്‌ക്ലബിന്റെ പ്രഥമ പാലോളി കുഞ്ഞിമുഹമ്മദ് മാധ്യമ പുരസ്‌കാര സമര്‍പ്പണം എന്നിവിടങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
പെരിന്തൽമണ്ണയിൽ രാവിലെ 10നാണ് കെട്ടിടസമുച്ചയം ഉദ്ഘാടനം. മന്ത്രിമാരായ വി.എന്‍. വാസവന്‍, വീണ ജോർജ്, വി. അബ്ദുറഹിമാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ആശുപത്രിയിൽ 150 കോടി രൂപ ചെലവില്‍ 10 നിലകളിലായി നിർമിച്ച കെട്ടിടത്തില്‍ 250 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. മലപ്പുറം ടൗൺഹാളിൽ രാവിലെ 11ന് മലപ്പുറത്തിന്റെ മതേതര തനിമ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ഡോ.കെ.ടി. ജലീൽ രചിച്ച ‘സോഷ്യലിസ്റ്റായ മുഹമ്മദ് നബി’ എന്ന പുസ്തക പ്രകാശന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 12നാണ് പ്രസ് ക്ലബിന്റെ മാധ്യമ പുരസ്‌കാര സമര്‍പ്പണ ചടങ്ങിൽ പങ്കെടുക്കുക. കാവുങ്ങല്‍ ബൈപാസിലെ വുഡ്‌ബൈന്‍ ഫോളിയേജില്‍ വെച്ചാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ്. പ്രതിപക്ഷ നേതാവ് രാവിലെ എട്ടിന് മലപ്പുറത്ത് പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട് പ്രഭാത വേദിയിലും 9.30ന് കുന്നുമ്മലിൽ മദ്യ നിരോധന സമിതി സമര പന്തൽ സന്ദർശനവും നടത്തും. തുടർന്ന് പുതുയുഗ യാത്രയുമായി മുന്നോട്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.