തിരൂരങ്ങാടി: വിപുലമായ അധികാരപരിധിയുള്ള തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് മൂലം സ്റ്റേഷന്റെ പ്രവർത്തനം പൂർണമായും താളംതെറ്റുന്നു. ഒരു പ്രിൻസിപ്പൽ എസ്.ഐയും അഞ്ച് ഗ്രേഡ് എസ്.ഐമാരും ഇല്ലാത്തതാണ് നിലവിൽ സ്റ്റേഷനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന പ്രിൻസിപ്പൽ എസ്.ഐ താനൂരിലേക്ക് സ്ഥലംമാറിപ്പോവുകയും അഞ്ച് ഗ്രേഡ് എസ്.ഐമാർ സർവിസിൽ നിന്നും വിരമിക്കുകയും ചെയ്തതോടെയാണ് സ്റ്റേഷൻ നാഥനില്ലാ കളരിയായത്. നിലവിൽ ഒരു എസ്.എച്ച്.ഒയും (ഇൻസ്പെക്ടർ) ഒരു എസ്.ഐയും മാത്രമാണ് സ്റ്റേഷനിലെ ക്രമസമാധാനപാലനത്തിനായി ഉള്ളത്.
തിരൂരങ്ങാടി മുനിസിപ്പാലിറ്റി, മൂന്നിയൂർ പഞ്ചായത്ത്, എ.ആർ നഗർ പഞ്ചായത്ത്, നന്നമ്പ്ര പഞ്ചായത്തിന്റെ പകുതി ഭാഗം എന്നിവ ഉൾപ്പെടുന്നതാണ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധി. സ്റ്റേഷൻ പരിധിയിലൂടെയാണ് നാഷനൽ ഹൈവേ കടന്നുപോകുന്നത് എന്നതിനാൽ ഈ മേഖലയിൽ വാഹനാപകടങ്ങൾ നിത്യസംഭവമാണ്. കൂടാതെ, തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി ഈ സ്റ്റേഷൻ പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്. അപകടമരണങ്ങൾ, സംശയാസ്പദമായ മറ്റ് മരണങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർ തന്നെ നേരിട്ടെത്തേണ്ടതുണ്ട്.
എന്നാൽ, സ്റ്റേഷനിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് ഇത്തരം അടിയന്തര നിയമനടപടികൾ വൈകാൻ ഇടയാക്കുന്നുണ്ട്. സ്റ്റേഷന്റെ പ്രവർത്തനം സുഗമമായി പോകാനാവശ്യമായ ഉദ്യോഗസ്ഥരെ അടിയന്തരമായി നിയമിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷനൽ ഫോറം ഫോർ പീപ്പിൾസ് ഫോറം (എൻ.എഫ്.പി.ആർ) തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽപാറ തിരുവനന്തപുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് നിവേദനം നൽകി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.