വളാഞ്ചേരി: പെരിന്തൽമണ്ണ റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസുകൾ പുനരാരംഭിക്കണമെന്നാവശ്യം ശക്തം. ദേശസാത്കൃത റൂട്ടായിട്ടും ഇപ്പോൾ സ്വകാര്യ ബസുകൾ മാത്രമാണ് ഈ റൂട്ടിൽ സർവിസ് നടത്തുന്നത്. പൊന്നാനി, പെരിന്തൽമണ്ണ ഡിപ്പോകളിൽനിന്നുമായി ഒട്ടനവധി ബസുകൾ സർവിസ് നേരത്തേ നടത്തിയിരുന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വളാഞ്ചേരി വഴി പെരിന്തൽമണ്ണ റൂട്ടിൽ 12 ബസുകൾ വരെ സർവിസ് നടത്തിയിരുന്നു. പിന്നീട് സർവിസ് നടത്തുന്ന ബസുകളുടെ എണ്ണം കുറയുകയും ചെയ്തു.
വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിനെ കഴിഞ്ഞ പത്തുവർഷമായി കെ.എസ്.ആർ.ടി.സി മറക്കുകയും ചെയ്തു. വളാഞ്ചേരി, എടയൂർ, മൂർക്കനാട് പ്രദേശങ്ങളിൽനിന്ന് എം.ഇ.എസ് മെഡിക്കൽ കോളജ് ഉൾപ്പെടെ പെരിന്തൽമണ്ണ നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് ദിവസവും ഒട്ടനവധി പേരാണ് പോവുന്നത്.
ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാസേവനം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെങ്കിലും വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് ഇല്ലാത്തതിനാൽ സാധാരണക്കാരായ സ്ത്രീകൾക്ക് സൗജന്യയാത്രക്ക് അവസരമില്ല. രാവിലെയും വൈകീട്ടുമായി പൊന്നാനിയിൽനിന്ന് കുറ്റിപ്പുറം, വളാഞ്ചേരി കോട്ടക്കൽ, മലപ്പുറം വഴി മഞ്ചേരിക്ക് കെ.എസ്.ആർ.ടി.സിക്ക് ഒരോ ട്രിപ്പ് ഓർഡിനറി സർവിസ് നടത്തുന്നുണ്ട്.
കലക്ടറേറ്റ് ഉൾപ്പെടെ വിവിധ സർക്കാർ ഓഫിസുകളിലേക്ക് പോവുന്ന സ്ഥിരം യാത്രക്കാർ പൊന്നാനിയിൽനിന്ന് ആരംഭിക്കുന്ന ഈ ബസിനെയാണ് ആശ്രയിക്കുന്നത്. വളാഞ്ചേരി-തിരൂർ, വളാഞ്ചേരി-പെരിന്തൽമണ്ണ, വളാഞ്ചേരി-പട്ടാമ്പി റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകൾ സർവിസുകൾ ആരംഭിച്ചാൽ മാത്രമേ സൗജന്യ യാത്രാ സേവനം വളാഞ്ചേരി മേഖലയിലെ സ്ത്രീകൾക്ക് ലഭിക്കുകയുള്ളൂ.
മലബാർ മേഖലയിലേക്ക് കൂടുതൽ കെ.എസ്.ആർ.ടിസി ബസുകൾ പരിഗണിച്ചാൽ ഈ റൂട്ടുകൾക്ക് മുൻഗണന നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പൊന്നാനി ഡിപ്പോയിൽനിന്ന് സൗജന്യ യാത്ര 20 ബസുകളിൽ
പൊന്നാനി: യു.ഡി.എഫിന്റെ ഇന്ദിര ഗ്യാരണ്ടിയിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിൽ വനിതകൾക്കുള്ള സൗജന്യ യാത്ര പദ്ധതി പൊന്നാനിയിൽ ലഭിക്കുക 20 ബസുകളിൽ. ജൂൺ 15 മുതൽ ഡിപ്പോയിലെ 20 ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ലഭ്യമാകും.
പൊന്നാനി-തിരൂർ റൂട്ടിൽ ഏഴ് ഓർഡിനറി ബസുകളും പൊന്നാനി പരപ്പനങ്ങാടി റൂട്ടിൽ ഒരു ബസും പെരിന്തൽമണ്ണയിലേക്ക് ഒരു ബസും പാലക്കാട്ടേക്ക് ഒന്നും. ഗുരുവായൂർ -കോഴിക്കോട് റൂട്ടിൽ ഏഴെണ്ണവും എടപ്പാൾ, വട്ടംകുളം, തൃപ്രങ്ങോട് പഞ്ചായത്തുകളിൽ സർവിസ് നടത്തുന്ന ഗ്രാമവണ്ടികളിലുമാണ് സ്ത്രീകൾക്ക് സൗജന്യ സേവനം ലഭ്യമാവുക.
പ്രായ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകൾക്കും ട്രാൻസ് ജൻഡർ വിഭാഗത്തിനും സൗജന്യ യാത്ര ഈ ഓർഡിനറി ബസുകളിൽ 15 മുതൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.