ദേവതിയാല്‍ കാരിമഠത്തില് പ്രദേശത്ത് കത്തിക്കരിഞ്ഞ
പ്ലാസ്റ്റിക് മാലിന്യത്തില്‍ ബാക്കിയുള്ളത് പൊതുസ്ഥലത്തുനിന്ന് എടുത്തുമാറ്റാത്ത നിലയില്‍
തേഞ്ഞിപ്പലം: അഗ്നിബാധയുണ്ടായ തേഞ്ഞിപ്പലം പഞ്ചായത്തിന്റെ ദേവതിയാല്‍ കാരിമഠം വ്യവസായ കേന്ദ്രത്തിലെ മെറ്റീരിയല്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ (അജൈവ മാലിന്യ സംഭരണ കേന്ദ്രം) കത്തിക്കരിഞ്ഞ പ്ലാസ്റ്റിക് മാലിന്യം പൂർണമായും എടുത്തുനീക്കിയില്ല. മഴ പെയ്തതോടെ കത്തിക്കരിഞ്ഞ പ്ലാസ്റ്റിക് മാലിന്യത്തിലൂടെ മഴവെള്ളം സമീപ പ്രദേശങ്ങളിലേക്ക് ഒഴുകിയതോടെ വീണ്ടും പ്രതിഷേധം.
മാര്‍ച്ച് 24നാണ് തേഞ്ഞിപ്പലം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ട കാരിമഠത്തില് പ്രദേശത്തെ എം.സി.എഫില്‍ വന്‍ തീപിടിത്തമുണ്ടായത്. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് രാത്രിയും പകലുമായി കത്തിയമര്‍ന്നത്. പ്രദേശവാസികളില്‍നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ പിറ്റേ ദിവസത്തോടെ അഗ്നിശമന സേന തീയണക്കുകയും പകുതിയിലധികം മാലിന്യം പഞ്ചായത്ത് പരിധിക്ക് പുറത്തുള്ള മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു. മാലിന്യം നീക്കാന്‍ പഞ്ചായത്ത് ഏല്‍പ്പിച്ച ഗ്രീന്‍വോയ്സ് സംഘമാണ് പകുതിയിലധികം കൊണ്ടുപോയത്. എന്നാല്‍ ഗ്രീന്‍വോയ്സ് മാലിന്യം കൊണ്ടുപോയി തള്ളുന്ന സ്ഥലത്ത് ജനകീയ പ്രതിഷേധമുണ്ടായതോടെ കാരിമഠത്തിലെ ബാക്കി മാലിന്യം കൊണ്ടുപോകുന്നത് മുടങ്ങി.
വേനല്‍ മഴ പെയ്തതോടെ ഇത് വീണ്ടും ദുരിതമായെന്ന് പ്രദേശവാസികള്‍ പറയുന്നു. തെരുവുനായ്ക്കള്‍ കടിച്ച് വീട്ടുപരിസരങ്ങളില്‍ കൊണ്ടുപോയിടുന്നതും മലിനജലം ഒഴുകി എത്തുന്നതും പ്രതിഷേധത്തിനിടയാക്കി. പഞ്ചായത്ത് വാര്‍ഡ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് എം.സി.എഫ് പ്രശ്നം കീറാമുട്ടിയായിരിക്കുന്നത്. എം.സി.എഫ് മാലിന്യം സംഭരിക്കാന്‍ ഇനി അനുവദിക്കില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കിയതോടെ വാര്‍ഡ് തലത്തിലാണ് ഹരിത കർമസേന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്നത്. പലയിടത്തും ഇത് പെരുവഴിയിലുമാണ്. എം.സി.എഫിലെ തീപിടുത്തത്തെ തുടര്‍ന്ന് ശുചിത്വമിഷന് ജില്ലാ കോഓഡിനേറ്റര്‍, തിരൂരങ്ങാടി തഹസില്‍ദാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.