തിരൂർ: താനൂർ ബോട്ട് ദുരന്തത്തിൽ ഉദ്യോഗസ്ഥതലത്തിലുള്ള വീഴ്ചയും കാരണമായെന്ന് ജസ്റ്റിസ് വി.കെ. മോഹനൻ കമീഷൻ മുമ്പാകെ കമീഷന്റെ തന്നെ അഭിഭാഷകനായ ടി.പി. രമേശ് ബോധിപ്പിച്ചു. വിചാരണ നടപടികൾ പൂർത്തീകരിക്കുന്നതിന്റെ മുമ്പായുള്ള വാദം പറയലിലാണ് കൃത്യനിർവഹണത്തിലുള്ള ഉദ്യോഗസ്ഥവീഴ്ച കമീഷൻ അഭിഭാഷകൻ എണ്ണിപ്പറഞ്ഞത്.
നിയമവിരുദ്ധ രീതിയിൽ നടത്തിയിരുന്ന ബോട്ട് സർവിസിനെതിരെ പരാതി ലഭിച്ചിട്ടും നടപടികൾ കൈക്കൊള്ളുന്നതിൽ താനൂർ പൊലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരവീഴ്ച ഉണ്ടായെന്നും പൂരപ്പുഴയോട് ചേർന്ന പുറമ്പോക്കിൽ ബോട്ട് ജെട്ടി നിർമിച്ചിട്ടും റവന്യൂ ഉദ്യോഗസ്ഥർ നടപടി എടുത്തില്ലെന്നും വാദം കേൾക്കലിനിടെ കമീഷൻ അഭിഭാഷകൻ പറഞ്ഞു.
താനൂർ നഗരസഭ പരിധിയിൽ ബോട്ട് സർവിസ് നടത്തിയിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായോ എന്നും പരിശോധിക്കപ്പെടണം. ബോട്ട് സർവിസുകൾ നിയന്ത്രിക്കുന്നതിൽ നഗരസഭക്ക് എന്താണ് അധികാരമെന്ന് വാദത്തിനിടെ ജസ്റ്റിസ് വി.കെ മോഹനൻ അഭിഭാഷകനോട് ആരാഞ്ഞു.
പഴയ മൽസ്യബന്ധന ബോട്ട് നിയമവിരുദ്ധമായി തരംമാറ്റി യാത്രാബോട്ടാക്കുകയും 24 പേരെ കയറ്റാൻ മാത്രം ശേഷിയുള്ള ബോട്ടിൽ ഇരട്ടിയോളം ആളുകളെ കയറ്റുകയും ലൈസൻസില്ലാത്ത ആളെ കൊണ്ട് ഓടിപ്പിക്കുകയും ചെയ്ത ബോട്ട് ഉടമയുടെ നടപടികളാണ് അപകടത്തിന് പ്രധാന കാരണമെന്നും കമീഷൻ അഭിഭാഷകൻ വ്യക്തമാക്കി. വിചാരണവേളയിൽ സർക്കാറിന് വേണ്ടി അഡ്വ. ടി.പി അബ്ദുൽ ജബ്ബാറും മരിച്ചവരുടെ കുടുംബങ്ങൾക്കായി അഡ്വ. പി.പി റഊഫും പ്രതികൾക്കുവേണ്ടി അഡ്വ. ബാബു കാർത്തികേയനും നസീർ ചാലിയവും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.