കരുളായിയിൽ ചുഴലിക്കാറ്റിൽ വീടുകൾക്ക് മുകളിൽ മരങ്ങൾ കടപുഴകി വീണപ്പോൾ
കരുളായി: മലയോര മേഖലയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ കരുളായി പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. 40ഓളം വീടുകൾ ഭാഗികമായി തകർന്നു. ചൊവ്വാഴ്ച രാത്രി 12 ഓടെയാണ് കരുളായിയിലെ ചെട്ടി, വരക്കുളം ഭാഗങ്ങളിൽ കാറ്റ് ആഞ്ഞുവീശിയത്. ഏകദേശം ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. വീടിന് മുകളിൽ മരം വീണ് ഓട് ദേഹത്ത് പതിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്കേറ്റു. എരഞ്ഞിക്കുളവൻ അൻവർ, ഭാര്യ നജ്മുന്നീസ, മകൻ അഭിഷിർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കരുളായിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീടിന്റെ ഇരുവശങ്ങളിലും മരം കടപുഴകി വീണ് മേൽക്കൂര പൂർണമായി തകർന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ, ടിപ്പർ ലോറി എന്നിവക്ക് മുകളിലേക്കും മരം വീണു.
മേഖലയിൽ 1000ത്തിലധികം റബർമരങ്ങളും തേക്ക്, പ്ലാവ്, തെങ്ങ്, കമുങ്ങ് തുടങ്ങിയവയും കടപുഴകി വീണു. വാഴ, കപ്പ തുടങ്ങിയ വിളകൾ വ്യാപകമായി നശിച്ചു. ചെട്ടി മേഖലയിലെ മാഞ്ചീരി മുഹമ്മദ്, കളത്തിങ്ങൽതൊടി മുനീർ, എരഞ്ഞിക്കുളവൻ മൂസ, മുക്താർ, പൊന്നച്ചൻ, ബാലൻ എടത്തിൽ, കുമാരൻ, ശാരദ, കിളിയമണ്ണിൽ ആയിശ, നാലകത്ത് ഉമ്മു സൽമ, സുകുമാരൻ അക്കരക്കാട്ടിൽ, സീത മാച്ചാടാൻ, നമ്പോല മുഹമ്മദ്, സ്രമ്പിയാൻ ബഷീർ, നാലകത്ത് ഖാലിദ്, അസീസ്, നാണി, മാഞ്ചീരി ഹസൻ, കുഞ്ഞിമുഹമ്മദ്, കാരപ്പഞ്ചേരി ഖാദർ, കോട്ടയിൽ താജ് ഷാദ്, മഴക്കാറത്ത് ഷെരീഫ്, കൊളത്തൊടിക ആലിക്കുട്ടി, നിസാർ എന്നിവരുടെയും, വരക്കുളം മേഖലയിലെ മാറുകര ഹംസ, മോയിയത്ത് മുഹമ്മദ്, അഷ്റഫ് മൊയിയാത്ത്, പള്ളി രവീന്ദ്രൻ, ത്രേസ്യാമ്മ നെല്ലിക്കുന്നേൽ തുടങ്ങിയവരുടെയും വീടുകൾക്ക് മുകളിൽ മരം വീണ് കേടുപാട് സംഭവിച്ചു.
കിളിയമണ്ണിൽ ഷാജി, മാഞ്ചേരി ഹസന്റെ വീടുകൾക്കും മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി. മുജീബ് വാളാംപാമ്പറൻ, ഹംസ, അസീസ്, നമ്പോല കരീം, നമ്പോല മുഹമ്മദ്, പന്നിക്കോടൻ മുഹമ്മദ്, ബഷീർ വെള്ളുമ്പാലി, തുപ്പിലിക്കാടൻ അബ്ദുല്ല, രവീന്ദ്രൻ, ഇ.കെ മൂസക്കൂട്ടി തുടങ്ങിയ കർഷകരുടെ റബർ കൃഷിയും വൻതോതിൽ നശിച്ചു. കരുളായി വില്ലേജ് ഓഫിസർ പ്രീതി, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. നിലമ്പൂരിൽ നിന്നെത്തിയ അഗ്നിരക്ഷസേനയും എമർജൻസി റെസ്ക്യൂ ഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരങ്ങൾ മുറിച്ചുമാറ്റി റോഡിലെ തടസ്സങ്ങൾ നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.