കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട ഇരുട്ടുകുത്തി ഊരിലെ പ്രവീണ്‍ മാതാവ് അമ്പിളിക്കൊപ്പം
എടക്കര: ഭിന്നശേഷിക്കാരനായ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. പോത്തുകല്ല് മുണ്ടേരി ഇരുട്ടുകുത്തി ഉന്നതിയിലെ വിജയന്‍-അമ്പിളി ദമ്പതികളുടെ മകന്‍ പ്രവീണാണ് (17) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ചാലിയാര്‍ പുഴയോട് ചേര്‍ന്നാണ് ഈ കുടുംബം താമസിക്കുന്നത്. രാത്രി പുഴയില്‍ വെള്ളം ഉയര്‍ന്നോ എന്നറിയാന്‍ ചാലിയാര്‍ തീരത്തേക്ക് പോയ പ്രവീണിനെ വീടിന് സമീപം മറഞ്ഞുനിന്ന ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. തെറിച്ചുവീണ പ്രവീണ്‍ ആനയുടെ മുന്നില്‍നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
വനത്തില്‍നിന്ന് ഊരിലെത്തിയ ആന ശ്രീധരന്‍, വിപിന്‍ദാസ് എന്നിവരുടെ വീടുകളോട് ചേര്‍ന്ന് നിര്‍മിച്ച താൽക്കാലിക അടുക്കള തകര്‍ക്കുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്തു. ഊരിലേക്കുള്ള കുടിവെള്ള പൈപ്പുകള്‍ ആന ചവിട്ടിനശിപ്പിച്ചു. ഊരില്‍ ആനയിറങ്ങിയതോടെ പരിഭ്രാന്തരായ ആദിവാസികള്‍ ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും പിന്തിരിയാന്‍ തയാറാകാതെ അക്രമം തുടർന്നു. രണ്ടു മണിക്കൂറിനുശേഷം ആന ഊരുവിട്ട് കാടുകയറുകയും ചെയ്തു. സമീപത്തുള്ള വാണിയംപുഴ ഊരിലും കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകള്‍ നാശം വിതച്ചിരുന്നു. ഊരിന് ചുറ്റും ഫെന്‍സിങ് ഇല്ലാത്തതാണ് കാട്ടാനകളുടെ ആക്രമണം രൂക്ഷമാകാന്‍ കാരണമെന്ന് ആദിവാസികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.