മലപ്പുറം: നഗരത്തിൽ തെരുവ് വിളക്കുകൾ കണ്ണടച്ചതോടെ രാത്രികാലങ്ങളിൽ വാർഡുകൾ ഇരുട്ടിൽ. മഴക്കാലം കൂടി വന്നതോടെ വാർഡുതലങ്ങളിൽ രാത്രി യാത്ര ഏറെ ദുഷ്കരമായിരിക്കുകയാണ്. ചെറിയ ഇടവഴികളാണ് യാത്ര കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നത്. ഇടവഴികൾ ഇരുട്ട് നിറഞ്ഞതോടെ തെരുവ് നായകളുടെ വിഹാര കേന്ദ്രവുമായി മാറിയിട്ടുണ്ട്. പുലർച്ചെ നടക്കാനിറങ്ങുന്നവരും മദ്റസയിലേക്ക് പോകുന്ന വിദ്യാർഥികളും പ്രശ്നത്തിൽ ദുരിതം നേരിടുകയാണ്.
നിലവിൽ കേടു വന്ന തെരുവ് വിളക്കുകൾ പുനസ്ഥാപിക്കാൻ 30 ലക്ഷം രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ട്. എന്നാൽ സാങ്കേതിക തടസ്സങ്ങൾ കാരണം പ്രവൃത്തികൾ നീണ്ട് പോകുകയാണ്. നഗരസഭയിൽ വിവിധ വാർഡുകളിലായി 2,800 ഓളം തെരുവ് വിളക്കുകളാണ് വാർഷിക അറ്റകുറ്റപണി കരാർ (എ.എം.സി) നൽകാനുള്ളത്.
30 ലക്ഷം രൂപയിൽ മിനി ഹൈമാസ്റ്റ് വിളക്കുകൾക്ക് 15 ലക്ഷവും മറ്റ് വിളക്കുകൾക്ക് 15 ലക്ഷവും വീതമുണ്ട്. എ.എം.സിക്ക് കേരള ഇലക്ട്രിക് ലിമിറ്റഡു(കെൽ) മായി നഗരസഭ കരാറിലേർപ്പെട്ടിട്ടുണ്ട്. എന്നാൽ കരാർ ഒപ്പ് വെക്കുന്ന പ്രവൃത്തി പൂർത്തിയാക്കിയിട്ടില്ല. 2024-25 വർഷത്തിൽ കെലുമായി 35 ലക്ഷം രൂപ ചെലവിൽ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് കരാർ നൽകിയിരുന്നു.
എന്നാൽ ഈ പ്രവൃത്തിയുടെ തുക സാങ്കേതിക വിഷയങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ നീട്ടി കൊണ്ടുപോയിരുന്നു. ഈ കരാർ കമ്പനി തന്നെയാണ് 30 ലക്ഷത്തിന്റെ പ്രവൃത്തികളും ഏറ്റെടുത്തിട്ടുള്ളത്. മുൻ പ്രവൃത്തികളുടെ ഫണ്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് കരാർ കമ്പനി പുതിയ പദ്ധതി ഏറ്റെടുക്കാത്തതെന്നാണ് അധികൃതർ വിഷയത്തിൽ നൽകുന്ന വിശദീകരണം. വിഷയത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെങ്കിൽ പ്രശ്നം ഇനിയും നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.