മലപ്പുറം: സ്വന്തമായി സ്ഥലം ലഭിച്ചിട്ടും ഫണ്ട് ലഭിക്കാത്തതിന്റെ പേരിൽ കെട്ടിടമാകാതെ പാണക്കാട് നഗരാരോഗ്യ കേന്ദ്രം. സ്ഥലം വിട്ടുകിട്ടി ആറുമാസം പിന്നിട്ടിട്ടും കെട്ടിട നിർമാണവും പദ്ധതി പ്രവർത്തനവും പാതിയിൽ തന്നെയാണ്. പ്രതിദിനം രാവിലെയും വൈകീട്ടുമായി 100 ലധികം രോഗികളെത്തുന്ന കേന്ദ്രത്തിനാണ് സ്വന്തമായി കെട്ടിടമെന്ന സ്വപ്നം നീണ്ട് പോകുന്നത്.
ഊരകം, കാരാത്തോട്, വെളിയോട്, തൊടുത്തുപറമ്പ്, മറ്റത്തൂർ, പാണക്കാട്, പട്ടർക്കടവ് ഭാഗങ്ങളിൽ നിന്നുള്ള രോഗികൾക്ക് വേഗത്തിലെത്താവുന്ന കേന്ദ്രമാണിത്. ഒമ്പത് വർഷത്തോളമായി വാടക കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. സ്വന്തമായി കെട്ടിടത്തിന് സ്ഥലം വേണമെന്ന മുറവിളി ഉയർന്നതോടെ 2023 ജൂണിൽ പാണക്കാട് തങ്ങൾ കുടുംബത്തിന്റെ കുടുംബ സ്വത്തിൽ നിന്ന് കേന്ദ്രം ആരംഭിക്കാൻ സ്ഥലവും വിട്ട് നൽകി. പാണക്കാട് എടായിപ്പാലത്തിന് സമീപം 15 സെന്റ് സ്ഥലമാണ് വിട്ട് നൽകിയത്. എന്നാൽ കെട്ടിടമൊരുക്കാൻ ഫണ്ട് ലഭിക്കാതെ വന്നതോടെ ഈ സ്വപ്നം പാതിവഴിയിലാണ്. മൂന്ന് നിലകളിൽ ലിഫ്റ്റ് അടക്കം എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടം ഒരുക്കാൻ നഗരസഭ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്.
ഫണ്ടിന്റെ ലഭ്യത കുറവാണ് പദ്ധതിയെ പിന്നോട്ട് വലിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക വർധിപ്പിക്കണമെന്ന കെട്ടിട ഉടമയുടെ ആവശ്യം നഗരസഭയുടെ പരിഗണനയിലാണ്. താഴെ മൂന്നും മുകളിൽ ഒന്നുമടക്കം നാല് മുറികളിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. താഴെ പരിശോധന സൗകര്യവും മറ്റും മുകളിൽ ഫാർമസിയുമാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.