മലപ്പുറം: വന്യജീവി ശല്യത്താൽ പൊറുതിമുട്ടിയ മലയോര മേഖലകളിലുള്ളവർ ഒരു സസ്യവർഗത്തെ കൊണ്ടും ദുരിതം അനുഭവിക്കുകയാണ് -ആനത്തൊട്ടാവാടി. ആനക്ക് പോലും പേടിയുള്ള അധിനിവേശ സസ്യം. ജില്ലയിലെ വിവിധ മലവാരങ്ങളിലും ചില നാട്ടിൻപുറങ്ങളിലുമെല്ലാം ഈ സസ്യത്തിന്റെ വർധിച്ച സാന്നിധ്യമുണ്ട്.
അരിപ്പൂ, കമ്യൂണിസ്റ്റ് പച്ച, തോട്ടപ്പയർ തുടങ്ങിയ അധിനിവേശ സസ്യങ്ങളുടെയും വർധിച്ച സാന്നിധ്യം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടെങ്കിലും കൂട്ടത്തിൽ ഏറ്റവും അപകടകാരി ആനത്തൊട്ടാവാടി ആണെന്ന് വനംവകുപ്പ് പറയുന്നു. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വന്യജീവി സങ്കേതങ്ങളിലും സ്വാഭാവിക വനമേഖലകളിലും തോട്ടം മേഖലകളിലുമെല്ലാം അതിവേഗം വ്യാപിക്കുന്ന സസ്യം പ്രാദേശിക സസ്യയിനങ്ങൾക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
നിലമ്പൂർ സൗത്ത് ഫോറസ്റ്റ് ഡിവിഷന് കീഴിലെ പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം പദ്ധതി പ്രദേശത്തെ പുൽമേടുകളിൽ ആനത്തൊട്ടാവാടി ഭീകരമായ രീതിയിലാണ് വളർന്നുകൊണ്ടിരിക്കുന്നത്. നെടുങ്കയം, കരുളായി, കാളികാവ് മേഖലകളിലും ഇവയുടെ ഭീഷണി വ്യാപകമാണ്.
പിഴുതുമാറ്റാം, ആവാസവ്യവസ്ഥയെ തിരിച്ചുപിടിക്കാം
ആനത്തൊട്ടാവാടി അടക്കമുള്ള അധിനിവേശ സസ്യങ്ങൾ പിഴുതുമാറ്റാൻ സന്നദ്ധ സംഘടനകളുടെ പിന്തുണ തേടുന്നുണ്ട് വനംവകുപ്പ്. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വനംവകുപ്പ് പിഴുതുമാറ്റൽ ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. വനസംരക്ഷണ സമിതി, ഗ്രാഫ്, ലെൻസ്ഫെഡ് തുടങ്ങിയ സന്നദ്ധ സംഘടനകൾക്ക് പുറമെ വിവിധ കോളജുകളിലെ എൻ.എസ്.എസ് യൂനിറ്റ് പ്രവർത്തകരും വിവിധ ഘട്ടങ്ങളിൽ പദ്ധതിയുടെ ഭാഗാമായി. കൊടികുത്തിമലയിൽനിന്ന് മാത്രം കഴിഞ്ഞ ഒരുവർഷത്തിനിടെ ഇങ്ങനെ പിഴുതുമാറ്റിയത് ഒരു ലക്ഷത്തിലധികം ആനത്തൊട്ടാവാടി തൈകളാണ്. പൂപ്പലം എം.എസ്.ടി.എം ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച 50,000 തൈകളാണ് പിഴുതുമാറ്റിയത്.
സ്വഭാവിക വനങ്ങളുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ടുള്ള ബഹുമുഖ പരിപാടികൾ വനംവകുപ്പ് ആവിഷ്കരിച്ച് വരുന്നുണ്ട്. വിദ്യാർഥികൾ, വാണിജ്യ കൂട്ടായ്മകൾ, ക്ലബുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണം ലഭ്യമായാൽ അധിനിവേശ സസ്യങ്ങളുടെ വ്യാപനം ഒരുപരിധി വരെ തടയാനാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. പിഴുതുമാറ്റലിന് പുറമെ ഈ വർഷം ഇതിനകം നടപ്പാക്കിയ വിത്തൂട്ട് പദ്ധതിയും സ്വഭാവിക വനത്തിന്റെ പുനഃസ്ഥാപനം ലക്ഷ്യമിട്ടുള്ളതാണ്.
വന്യജീവികൾക്ക് കാട്ടിനകത്ത് ഭക്ഷണം ലഭ്യമാക്കുക, പ്രകൃതി ദത്ത ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ പരിസ്ഥിതിയുടെ സ്വഭാവികത പുനഃസ്ഥാപിക്കുക അതിന്റെ ലക്ഷ്യങ്ങളാണ്. ആനത്തൊട്ടാവാടി പറിച്ചുമാറ്റലിന് സന്നദ്ധരായ കൂട്ടായ്മകൾക്ക് വനം വകുപ്പിനെ ബന്ധപ്പെടാം: ഇക്കോ ടൂറിസം ഇൻ ചാർജ് -8547602292, ഇക്കോ ടൂറിസം ഓഫിസ്-04933 294 100
ഭീകരനാണിവൻ
തൊട്ടാവാടിയുടെ കുടുംബത്തിൽപ്പെട്ടതും വിഷമുള്ളതും ഔഷധത്തിന് ഉപയോഗിക്കാത്തതുമായ സസ്യമാണ് ആനത്തൊട്ടാവാടി. രണ്ട് മീറ്റർ വരെ വളരും. ഇതിന്റെ തണ്ടിലുടനീളം കാണുന്ന മുള്ളുകളേറ്റാൽ വേദന അസഹ്യമാണ്. മുള്ള് ആനക്കുപോലും പേടിയായതിനാലാണ് ഇതിന് ആനത്തൊട്ടാവാടി എന്നപേരു വന്നതെന്ന് പറയപ്പെടുന്നു. ശരീരത്തിൽ ചെന്നാൽ വിഷബാധയുണ്ടാക്കുന്നു. ക്ഷീരകർഷകരാണ് ആനത്തൊട്ടാവാടിയുടെ ഉപദ്രവം കൂടുതൽ അനുഭവിക്കുന്നത്. നാട്ടിൻപുറങ്ങളിലും ഈ സസ്യം വ്യാപകമായതോടെ കന്നുകാലികൾ ഇവതിന്ന് അപകടത്തിലാവുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ശരീരത്തിൽ നീർക്കെട്ട്, ശ്വാസതടസ്സം, വിറയൽ, തീറ്റ തിന്നാതിരിക്കൽ, നടക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ അപകടങ്ങൾക്ക് ഈ സസ്യത്തിന്റെ വിഷബാധ കാരണമാകും. പ്രാദേശിക ഔഷധ സസ്യങ്ങളെയും പുല്ലുകളെയും ആനത്തൊട്ടാവാടി വളരാൻ അനുവദിക്കില്ല എന്നതിനാൽ കന്നുകാലി, ആടുവളർത്തൽ എന്നിവ കൊണ്ട് ഉപജീവനം നടത്തുന്നവർക്കുള്ള മേച്ചിൽ സ്ഥലങ്ങൾ കൂടിയാണ് ഇവ നഷ്ടപ്പെടുത്തുന്നത്. ലോകത്ത് ഏറ്റവും വേഗത്തിൽ പടരുന്ന 100 അധിനിവേശ സസ്യങ്ങളിലൊന്ന്. ഒഴുകുന്ന വെള്ളത്തിലൂടെയോ രോമങ്ങളിലോ വസ്ത്രങ്ങളിലോ പറ്റിപ്പിടിച്ചോ ഇതിന്റെ വിത്തുകൾ ചിതറാം. 50 വർഷം വരെ നിഷ്ക്രിയമായി തുടരാനുള്ള ശേഷി അവക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.