മലപ്പുറം: പൊതുജനങ്ങള്‍ക്ക് സിവില്‍ വ്യവഹാരങ്ങളിലും ഗുരുതരമല്ലാത്ത ക്രിമിനല്‍ തര്‍ക്കങ്ങളിലും അതിവേഗ പരിഹാരവുമായി ‘സമയം’ പദ്ധതി. പദ്ധതിയുടെ പോസ്റ്റര്‍ മലപ്പുറം എം.എസ്.പി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറിയും സീനിയര്‍ ഡിവിഷന് സിവില്‍ ജഡ്ജിയുമായ എം. ഷാബിര്‍ ഇബ്രാഹിം ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിനു നല്കി പ്രകാശിപ്പിച്ചു.
കോടതികളിലെ തിരക്കും കാലതാമസവും കുറക്കുന്നതിനും സമയബന്ധിതമായി നീതി ലഭ്യമാക്കുന്നതിനുമാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പൊലീസിന് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതും ഭാവിയില്‍ ക്രിമിനല്‍ കേസാകാന്‍ സാധ്യതയുള്ളതുമായ കേസുകള്‍ പ്രത്യേകം പരിശീലനം ലഭിച്ച അഭിഭാഷകരുടെയും കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ ലീഗല്‍ സര്‍വിസസ് അതോറിറ്റിയിലൂടെ പരിഹരിക്കും.
ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയിലും താലൂക്ക്തല ലീഗല്‍ സര്‍വിസസ് കമ്മിറ്റിയിലും നേരിട്ട് പരാതി നല്‍കാം. സേവനം പൂര്‍ണമായും സൗജന്യമാണ്. ‘സമയം’ പദ്ധതിയിലേക്ക് 15100 എന്ന ട്രോള്‍ ഫ്രീ നമ്പര്‍ വഴിയും ബന്ധപ്പെടാം. ഈ പദ്ധതിയിലൂടെ പരമാവധി ഒരു മാസത്തിനകം പരാതികള്‍ക്ക് പരിഹാരം കാണാനാകും. പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന പരാതികള്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ അതത് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്കോ താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റിക്കോ കൈമാറുകയാണ് ചെയ്യുക. തുടര്‍ന്ന് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി നിയോഗിക്കുന്ന പരിശീലനം ലഭിച്ച അഭിഭാഷകരടങ്ങുന്ന പ്രത്യേക പാനല്‍ ഇരുകക്ഷികളുമായും ചര്‍ച്ച നടത്തും.
പ്രശ്നം പരിഹരിച്ച് ഒത്തുതീര്‍പ്പിലെത്താന്‍ ശാസ്ത്രീയ പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാര്‍, പാരാലീഗല്‍ വളന്റിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ ഒരു കരാര്‍ രൂപവത്കരിക്കും. ജില്ല ലീഗല്‍ സർവിസസ് അതോറിറ്റി നിശ്ചയിക്കുന്ന ജഡ്ജിയുടെ സാന്നിധ്യത്തില്‍ വിധിയായി പുറപ്പെടുവിക്കുന്ന ഈ കരാര്‍ കോടതി വിധിക്ക് തുല്യമായിരിക്കും. വിധി നടപ്പാക്കിയില്ലെങ്കില്‍ പരാതിക്കാരന് കോടതിയെ നേരിട്ട് സമീപിക്കാം.
ഓരോ ജില്ലയിലും 25 പേരടങ്ങുന്ന അഭിഭാഷകരുടെ പാനലുകള്‍ തയാറാക്കും. കേരള ഹൈകോടതി അധ്യക്ഷനും കേരള ലീഗല്‍ സര്‍വിസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയര്മാന് നാമനിര്‍ദേശം ചെയ്യുന്ന രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് ‘സമയം’ സംസ്ഥാനതല പ്രവര്‍ത്തക സമിതി. മുതിര്‍ന്ന ഒരു അഭിഭാഷകനായിരിക്കും പദ്ധതിയുടെ സംസ്ഥാന കോഓഡിനേറ്റര്‍. സംസ്ഥാന, ജില്ലതലത്തിലും പൊലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നോഡല്‍ ഓഫിസറാകും. ജില്ലതലത്തില്‍ ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയും താലൂക്ക് തലത്തില്‍ താലൂക്ക് തല ലീഗല്‍ സര്‍വിസസ് കമ്മിറ്റിക്കുമാണ് ഇതിന്റെ നടത്തിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.