പന്തല്ലൂരിൽ സഫ്ദർ ഹശ്മി കൾച്ചറൽ സെന്റർ രൂപീകരിച്ച ചിരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കുന്നു

മനുഷ്യർ ഒന്നിച്ചിരിക്കുന്ന കൂട്ടായ്മകൾ പ്രോത്സാഹിപ്പിക്കപ്പെടണം - മന്ത്രി എം.ബി. രാജേഷ്

പന്തല്ലൂർ: ജാതിമത രാഷ്ട്രീയ വേർതിരിവുകൾ മറന്ന് മനുഷ്യർ ചേർന്നു നിൽക്കുന്ന കൂട്ടായ്മകൾ പ്രോത്സാഹിപ്പിക്കേണ്ട കാലമാണിതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. പന്തല്ലൂരിൽ സഫ്ദർ ഹശ്മി കൾച്ചറൽ സെന്റർ രൂപീകരിച്ച ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗികളെയും അവശത അനുഭവിക്കുന്നവരെയും സഹായിക്കുന്നതും മനുഷ്യൻ്റെയും പ്രകൃതിയുടെയും നന്മയിലൂന്നിയ പ്രവർത്തനങ്ങൾ നടത്തുന്നതുമെല്ലാം രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. ഇത്തരം കൂട്ടായ്മകൾക്ക് കരുത്താകാൻ ജനങ്ങൾ കൈകോർക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കിടപ്പിലായ രോഗികളുടെ പരിചരണത്തിനുള്ള സംവിധാനങ്ങൾ സൗജന്യമായി എത്തിക്കുന്നതിനായി ട്രസ്റ്റ് ഒരുക്കിയ സൗകര്യങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കട്ടിലുകൾ, എയർ ബെഡുകൾ, വീൽചെയർ, ക്രച്ചസ്, ഓക്സിജൻ കോൺസട്രേറ്ററുകൾ തുടങ്ങിയ ഉപകരണങ്ങൾക്ക് പുറമെ മൊബൈൽ ഫ്രീസറും സജ്ജമാക്കിയിട്ടുണ്ട്. പന്തലൂർ വില്ലേജിലും സമീപപ്രദേശങ്ങളിലുമുള്ള ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാവും. കക്ഷി രാഷ്ട്രീയ ഭേദമെന്യേ നിരവധി ആളുകളാണ് ഇതിന്റെ പ്രവർത്തനത്തിന് സഹായിച്ചിട്ടുള്ളത്.

പന്തലൂർ വില്ലേജിൽ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. ചലച്ചിത്ര പ്രവർത്തകനും മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക സാഹിത്യ പുരസ്കാര ജേതാവുമായ എം. കുഞ്ഞാപ്പ, എഴുത്തുകാരായ ലീല ഇ.കെ (മൈത്രേയി), പൂജ ഗീത, ചലച്ചിത്ര താരം കവിത ബൈജു എന്നിവരെയാണ് ആദരിച്ചത്. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ എം. പ്രശാന്ത് വിശദീകരിച്ചു. ശരീര-അവയവ ദാന സമ്മതപത്രം അല്ലപ്പുറത്ത് രാമനിൽ നിന്ന് ആനക്കയം പഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ ഏറ്റുവാങ്ങി. എം. കുഞ്ഞാപ്പ , പി. നാരായണൻ, അബ്ദുൾ ഹക്കീം നെച്ചിക്കാടൻ, വി.കെ. ശ്രീധരൻ, വാർഡ് കൗൺസിലർ ഒ.ടി. അബ്ദുൽ ഹമീദ്, ആനക്കയം ഫാമിലി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സഫ്ദർ ഹശ്മി കൾച്ചറൽ സെന്റർ പ്രസിഡണ്ട് എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി. മണികണ്ഠൻ സ്വാഗതവും ഐ. ശ്രീധരൻ നന്ദിയും പറഞ്ഞു. തുടർന്ന് കനൽ തിരുവാലി നാടൻപാട്ട് അവതരിപ്പിച്ചു.

Tags:    
News Summary - Safdar Hashmi Charitable Trust inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.