വീട് കുത്തിത്തുറന്ന് മോഷണം: പ്രതികളെ പിടികൂടാനായില്ല

കാളികാവ്: രണ്ടാഴ്ച മുമ്പ് ചെങ്കോട് അമ്പലക്കുന്നിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ പിടികൂടാനായില്ല. മോഷണം നടന്ന സ്ഥലവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങളില്ലാത്തത് അന്വേഷണത്തിന് പ്രയാസകരമായി.

അതേസമയം, സംഭവം നടന്ന ദിവസം പരിസരത്ത് കൂടി രാത്രി നടന്നു പോവുന്ന രണ്ടുപേരുടെ ദൃശ്യം ചില കാമറകളിൽ തെളിഞ്ഞിരുന്നു. എന്നാൽ, ദൃശ്യത്തിലെ ആൾരൂപങ്ങൾ വ്യക്തതയില്ലാത്തതിനാൽ പ്രതികളെ തിരിച്ചറിയാനായില്ല. കഴിഞ്ഞ ഒക്ടോബർ 24ന് മേലേ കാളികാവ് റോഡിലെ വള്ളിപ്പാടൻ ഷാജഹാന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടേകാൽ പവൻ സ്വർണവും നാൽപ്പത്തിഏഴായിരം രൂപയുമാണ് കളവുപോയത്. രാത്രിയിൽ സ്ഥലത്തെത്തിയ മോഷ്ടാക്കൾ വീടിന്റെ മുൻവശത്തെ അടച്ചിട്ട വാതിൽ കത്തിച്ചശേഷം കോടാലി കൊണ്ട് തകർത്താണ് അകത്ത് കയറിയത്. പണവും സ്വർണവും സൂക്ഷിച്ച അലമാര തകർത്താണ് ആഭരണവും പണവും മോഷ്ടിച്ചത്.

ഷാജഹാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിയിരിക്കെയാണ് മോഷണം. മകളുടെ ആഭരണമാണ് കളവു പോയത്. ചികിത്സാർഥം പണയം വെക്കുന്നതിന് മകൾ നൽകിയ ആഭരണമാണ് കളവു പോയത്. മറ്റൊരാൾക്കു നൽകുന്നതിനുവേണ്ടിയുള്ള പണമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഭവ സ്ഥലത്ത് കാളികാവ് പൊലീസ് പരിശോധന നടത്തിയിരുന്നു. നിലമ്പൂർ ഡിവൈ.എസ്.പിയുടെ സ്പെഷൽ സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞവർഷം അമ്പലക്കടവിൽ വീടിനുള്ളിൽനിന്ന് 45 പവൻ മോഷണം പോയ സംഭവത്തിലും തുമ്പുണ്ടാക്കാൻ പൊലീസിനായിട്ടില്ല.

Tags:    
News Summary - roberry: Suspects could not be caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.