മ​ഴ​ക്കാ​ലം; കന്നുകാലികൾക്ക് കരുതലുമായി മൃഗസംരക്ഷണ വകുപ്പ്

മലപ്പുറം: കാലവര്‍ഷം ശക്തമാകുന്നതോടെ കന്നുകാലികളില്‍ വിവിധ തരം രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. ഈര്‍പ്പമുള്ള കാലാവസ്ഥയായതിനാല്‍ മുടന്തന്‍പനി, കുളമ്പുരോഗം, പൂപ്പല്‍വിഷബാധ, അകിടുവീക്കം, കരളടപ്പന്‍ തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. ചാണകക്കുഴി, മൂത്രച്ചാലുകള്‍ എന്നിവയില്‍ മഴവെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. ചാണകവും മൂത്രവും തൊഴുത്തിന് സമീപം കെട്ടിക്കിടക്കാതെ തത്സമയം മാറ്റണം. തൊഴുത്ത് കഴുകി വൃത്തിയാക്കാന്‍ ബ്ലീച്ചിങ് പൗഡര്‍, അലക്കുകാരം, കുമ്മായം എന്നിവ ഉപയോഗിക്കാം. തൊഴുത്തിന്റെ തറയില്‍ വെള്ളമോ പാലോ കെട്ടിക്കിടക്കാതെ ഉണക്കി സൂക്ഷിക്കണം.

കന്നുകാലികളിലെ ബാഹ്യ-ആന്തരിക പരാദങ്ങള്‍ക്കെതിരെ കൃത്യസമയത്തുതന്നെ മരുന്നുകള്‍ നല്‍കണം. കുടിവെള്ളത്തൊട്ടികള്‍ ആഴ്ചയിലൊരിക്കല്‍ നന്നായി കഴുകി വൃത്തിയാക്കി അതില്‍ പൂപ്പല്‍ പിടിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തൊഴുത്തിന് മുകളിലൂടെയോ അതിനോടുചേര്‍ന്നോ ഇലക്ട്രിക് ലൈനുകള്‍ കടന്നുപോകുന്നുണ്ടെങ്കില്‍ അതീവ ജാഗ്രത പാലിക്കണം. തൊഴുത്തിലെ വയറിങ് കൃത്യമായി പരിശോധിക്കണം. ഇടിമിന്നലുള്ള സന്ദര്‍ഭങ്ങളില്‍ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുത്.

Tags:    
News Summary - Rainy season; Animal Husbandry Department takes care of cattle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.