നിലമ്പൂര്‍ റെയിൽവേ സ്റ്റേഷനില്‍ നടന്ന അമൃത് സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ പി.വി. അബ്ദുൽ വഹാബ് എം.പി സംസാരിക്കുന്നു

16.44 കോടിയുടെ പുതുമയിൽ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷൻ

നിലമ്പൂര്‍: രാജ്യത്ത് പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ച അമൃത് ഭാരത് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച നിലമ്പൂര്‍ സ്റ്റേഷനിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പി.വി. അബ്ദുൽ വഹാബ് എം.പി, ആര്യാടന്‍ ഷൗക്കത്ത് എം.എൽ.എ, നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ്, റെയില്‍വേ സി.എ.ഒ കെ. രവികുമാര്‍, സീനിയര്‍ ഡി.സി.എം എം. ബാലമുരളി എന്നിവര്‍ സംസാരിച്ചു.

നഗരസഭ കൗണ്‍സിലര്‍മാരായ ഷേര്‍ളി ടീച്ചര്‍, എം.കെ. വിജയനാരായണന്‍, വ്യാപാരി സംഘടന പ്രതിനിധികള്‍, നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍, സാംസ്‌കാരിക സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പ്രിയങ്ക ഗാന്ധി എം.പിയുടെ ആശംസാ സന്ദേശം ആര്യാടന്‍ ഷൗക്കത്ത് എം.എൽ.എ വായിച്ചു. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 16.44 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് റെയില്‍വേ നടത്തിയത്. 2023 ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നവീകരണത്തിന് തറക്കല്ലിട്ടത്. ശീതീകരിച്ച വിശ്രമമുറികള്‍, പ്ലാറ്റ്‌ഫോം സൗകര്യങ്ങള്‍, വൈദ്യുതീകരണം, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവയാണ നടപ്പാക്കിവരുന്നത്.

പ്രതിദിനം ശരാശരി 6,489 യാത്രക്കാര്‍ എത്തുന്ന നിലമ്പൂരിൽ നവീകരിച്ച സ്റ്റേഷന്‍ കെട്ടിടം, നവീകരിച്ച മുന്‍ഭാഗം, മികച്ച സമീപന റോഡുകള്‍, പാര്‍ക്കിങ് ഏരിയ, പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകള്‍, ഇരിപ്പിടങ്ങള്‍, ലൈറ്റിങ്, യാത്രക്കാര്‍ക്കുള്ള മാര്‍ഗനിർദേശ സംവിധാനങ്ങള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ശുചിമുറികള്‍, കുടിവെള്ള സൗകര്യങ്ങള്‍ എന്നിവയാണ് നവീകരിച്ച പ്രവൃത്തികൾ.

Tags:    
News Summary - Nilambur railway station to be renovated at a cost of Rs 16.44 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.