വണ്ടൂർ: പഞ്ചായത്തിന്റെ തുടക്കം മുതൽ യു.ഡി.എഫിനെ തുണച്ച ചരിത്രമാണ് പോരൂരിനുള്ളത്. ലീഗ്-കോൺഗ്രസ് ചേരിപ്പോരുണ്ടായപ്പോഴെല്ലാം ചെങ്കൊടി പാറിയതും പോരൂരിന്റെ മറ്റൊരു ചരിത്രം. പോരൂർ, ചാത്തങ്ങോട്ടുപുറവും അംശങ്ങൾ കൂട്ടിച്ചേർത്ത് 1961ൽ രൂപവത്കരിച്ച പോരൂർ പഞ്ചായത്ത്. കോൺഗ്രസ് ഭാരവാഹിയായിരുന്ന പൊയിലിൽ കിഴക്കേവാരിയത്ത് ശങ്കര വാരിയർ ആയിരുന്നു ആദ്യകാല പ്രസിഡന്റ്.
പിന്നീട് തിരിഞ്ഞുനോക്കാൻ ഇടയില്ലാത്ത വിധം യു.ഡി.എഫിനെ നെഞ്ചേറ്റിയ നാട്. എന്നാൽ, പലപ്പോഴായി പൊട്ടിമുളച്ച ലീഗ്-കോൺഗ്രസ് ചേരിപ്പോര് അന്നുവരെ പ്രതിപക്ഷത്തിരുന്ന എൽ.ഡി.എഫിന് തുണയായി. അങ്ങനെ 2005ലും 2015ലും മാത്രമാണ് എൽ.ഡി.എഫിന് ഭരണം കിട്ടിയത്. 1980 കാലഘട്ടത്തിൽ കോൺഗ്രസ് എ,ഐ പിളർപ്പുണ്ടായപ്പോൾ എ വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചതും ജില്ലയിൽ തന്നെ ആദ്യമായി എൻ.സി.പിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകിയ ചരിത്രവും പോരൂരിനുണ്ട്. 2013ൽ കെ.ടി. മുംതാസാണ് അന്ന് എൻ.സി.പി പ്രസിഡന്റായത്.
കിഴക്കനേറങ്ങാടിന്റെ ശക്തരായ സാരഥികളും സ്വാതന്ത്രസമര സേനാനികളുമായിരുന്ന പി.എൻ. നമ്പീശന്റെയും നീലേങ്ങാടൻ മമ്മു മൗലവി തുടങ്ങിയവരുടെ വേരോട്ടമുള്ള പഞ്ചായത്ത് കൂടിയാണ് പോരൂർ. കോൺഗ്രസിന് -10, മുസ്‍ലിം ലീഗിന് നാല്, സി.പി.എം രണ്ട്, എൽ.ഡി.എഫ് സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് 17 സീറ്റുകളിലെ കക്ഷിനില. ഇത് രണ്ടു സീറ്റ് വർധിച്ച് 19 ആയിട്ടുണ്ട്. യു.ഡി.എഫ് ഭരണസമിതിയിൽ കോൺഗ്രസിലെ മുഹമ്മദ് ബഷീറാണ് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്. വർധിപ്പിച്ച വാർഡുകളിൽ യു.ഡി.എഫിൽ കോൺഗ്രസ് 13 വാർഡിലും, മുസ്‍ലിം ലീഗ് സ്വതന്ത്രൻ ഉൾപ്പെടെ ആറുവാർഡുകളിലും മത്സരിക്കുന്നുണ്ട്.
എൽ.ഡി.എഫിൽ സി.പി.എം -16 സീറ്റിലും സി.പി.ഐ ഒരു സീറ്റിലും, എൻ.സി.പി രണ്ട് വാർഡുകളിലും മത്സരിക്കുന്നുണ്ട്. എൻ.ഡി.എ 17 വാർഡുകളിൽ മത്സര രംഗത്തുണ്ട്. ഇതിനു പുറമെ പ്രാദേശിക വിഷയങ്ങളുയർത്തി ചില വാർഡുകളിൽ ജനകീയ സ്വതന്ത്ര സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്.
600ൽപരം വീടുകൾ നൽകാനായതും ഒരുകോടി രൂപ ചെലവഴിച്ച് വാർഡുകളിൽ തെരുവുകള്‍ സ്ഥാപിച്ചതും അടക്കം നടത്തിയ കോടികളുടെ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എന്നാൽ, സംസ്ഥാന സർക്കാറിന്റെ വികസനങ്ങൾ പഞ്ചായത്തിന് വേണ്ടത്ര ലഭിച്ചില്ലെന്ന ആരോപണങ്ങളുമായി പ്രതിപക്ഷവും രംഗത്തുണ്ട്.
കുടിവെള്ള പദ്ധതിയുടെ പേരിൽ റോഡുകൾ വ്യാപകമായി നശിപ്പിച്ചതും ഇതിന്റെ പിന്നിൽ വൻ അഴിമതിയാണെന്ന് ആരോപിക്കുന്നു. ഇരുമുന്നണികൾക്കും വനിത സംഭരണ വാർഡുകളിലേക്ക് സ്ഥാനാർഥികൾക്ക് പിടിവലിയായപ്പോൾ ജനറൽ സീറ്റുകളിലേക്ക് പ്രമുഖർ അടക്കം തഴയപ്പെട്ടതും ഇത്തവണ പോരൂരിൽ കണ്ടു. ഇതിനിടെ തലപൊക്കിയ ലീഗ്-കോൺഗ്രസ് ചേരിപ്പോര് നേതൃത്വത്തിന്റെ അവസരോചിത ഇടപെടൽ കെട്ടടങ്ങിയതിനാൽ ഭരണ തുടർച്ച നിലത്താനാവും എന്ന ആശ്വാസത്തിലാണ് യു.ഡി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.