മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെ നാട്ടിലെ വികസന ചർച്ചകളും പ്രതിഷേധ ചർച്ചകളുമെല്ലാം ചൂടുപിടിച്ചിട്ടുണ്ട്. പതിവുപോലെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തങ്ങൾ ചെയ്ത ‘മഹാ’ വികസനങ്ങൾ ബോർഡിലാക്കിയും പോസ്റ്ററാക്കിയും നിലവിൽ വാർഡ് ഭരിച്ച പാർട്ടിക്കാർ നാടുനീളെ ഒട്ടിച്ചു തുടങ്ങി. സമൂഹമാധ്യമങ്ങളിലും വികസന പോസ്റ്ററുകൾ വട്ടം കറങ്ങുന്നുണ്ട്.
നടപ്പാക്കാത്ത പദ്ധതികൾ വരെ വികസന പോസ്റ്ററിലും ബാനറിലുമെല്ലാം കയറിക്കൂടിയുണ്ട്. വികസന നേട്ടങ്ങളുടെ പ്രചാരണങ്ങളെ പറ്റിയാണ് മിക്ക വാർഡുകളിലും മുന്നണികൾ തമ്മിൽ ആദ്യഘട്ട പോര് തുടങ്ങിയത്. ഇതോടൊപ്പം നാട്ടിൽ നടപ്പാക്കിയ വികസനങ്ങളുടെ ക്രെഡിറ്റെടുക്കാനും മുന്നണികൾ തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ്.
റോഡ് വികസനവും കുടിവെള്ള വിതരണവും അംഗൻവാടി, ഹെൽത്ത് സെന്റർ കെട്ടിടനിർമാണവുമെല്ലാം തങ്ങളുടെ നേട്ടമാക്കി എൽ.ഡി.എഫ് അല്ലാത്ത മെമ്പർമാർ ആഘോഷിക്കുമ്പോൾ അതെല്ലാം സംസ്ഥാന സർക്കാറിന്റെ പദ്ധതികളായിട്ടാണ് എൽ.ഡി.എഫ് അനുഭാവികളും പ്രവർത്തകരും തിരിച്ചടിക്കുന്നത്.
വിവിധ പഞ്ചായത്തുകളിൽ വികസന പദ്ധതികളുടെ പേരിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പോരാട്ടം തുടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റു സമൂഹമാധ്യമങ്ങളിലും വലിയ തർക്കങ്ങൾക്ക് വഴിവെക്കുന്നുണ്ട്. പരിധിവിട്ട ചർച്ചകൾ സംഘർഷത്തിലേക്ക് നീങ്ങുന്ന സാഹചര്യങ്ങളും ചിലയിടങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചില തദ്ദേശ സ്ഥാപനങ്ങളിൽ കേന്ദ്രപദ്ധതികൾ സ്വന്തം പദ്ധതിയാക്കി മാറ്റുന്നെന്ന ആക്ഷേപവുമായി ബി.ജെ.പിയും രംഗത്തുണ്ട്. കേന്ദ്രഫണ്ടുകൾ ഉപയോഗിച്ചുള്ള പദ്ധതികൾ കൃത്യമായി നടപ്പാക്കാതെ പണം വകമാറ്റിയുള്ള പ്രവർത്തനങ്ങൾ മാത്രമാണ് ചില തദ്ദേശ സ്ഥാപനങ്ങളിൽ നടന്നതെന്ന് ആരോപിച്ചാണ് ബി.ജെ.പിയും രംഗത്തുള്ളത്. വികസനത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്ന നേട്ടങ്ങളും വിവരങ്ങളുമാണ് പ്രധാന മുന്നണികൾ പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര സ്ഥാനാർഥികളും ചെറുപാർട്ടികളും പലയിടത്തും വലിയ പ്രചാരണങ്ങൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.