ഹൈദരലി ശിഹാബ്​ തങ്ങളുടെ മൃതദേഹം മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന്​ വെച്ചപ്പോൾ സഹോദരൻ സാദിഖലി ശിഹാബ്​ തങ്ങളെ ആശ്വസിപ്പിക്കുന്ന ​മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്

കണ്ണീർ നനഞ്ഞ് പാണക്കാട്

മലപ്പുറം: ദീർഘകാലം കേരള രാഷ്ട്രീയത്തിന്‍റെ ഭാഗധേയം നിർണയിച്ച തറവാട്ട് മുറ്റം ഞായറാഴ്ച മൂകമായിരുന്നു. പാർട്ടിയുടെ സുപ്രധാനമായ പ്രഖ്യാപനങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവർക്ക് പകരം പ്രിയനേതാവിനെ അവസാന നോക്ക് കാണാനെത്തിയ ജനക്കൂട്ടമായിരുന്നു ഞായറാഴ്ച പാണക്കാട്ട്. 19 വർഷം മലപ്പുറം ജില്ലയിലും തുടർന്ന് 12 വർഷം സംസ്ഥാനത്തും മുസ്ലിം ലീഗിനെ നയിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ പാണക്കാട്ടെ ദാറുന്നഈം ദുഃഖസാന്ദ്രമായിരുന്നു. തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥി പ്രഖ്യാപനങ്ങൾക്കായി കാതോർത്ത വീട്ടുമുറ്റത്ത്, പ്രിയ നേതാവിനെ അവസാനമായി കാണാനെത്തിയ പ്രവർത്തകരുടെ നീണ്ട നിരയായിരുന്നു.

ആകാംക്ഷക്ക് പകരം ദുഃഖം തളം കെട്ടിയ നിമിഷങ്ങളായിരുന്നു തറവാട്ട് മുറ്റത്തും പാണക്കാട് പരിസരത്തും. രാഷ്ട്രീയത്തിനപ്പുറത്തേക്ക് മുസ്ലിം സമുദായത്തിന് ആത്മീയ നേതൃത്വവും നിരവധി പേർക്ക് അത്താണിയുമായിരുന്നു തങ്ങൾ. മത, ജാതി, രാഷ്ട്രീയത്തിന് അതീതമായി ഒരുപാട് പേരുടെ സങ്കടങ്ങൾ കേട്ട് പരിഹാരം നിർദേശിച്ച് നൽകിയ പ്രിയപ്പെട്ട തങ്ങളുടെ വിയോഗവാർത്തയറിഞ്ഞ ഞായറാഴ്ച ഉച്ച മുതൽ സമൂഹത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ളവർ ഇവിടേക്ക് എത്തിയിരുന്നു. ഇവരോടൊപ്പം ലീഗിന്‍റെ ഉന്നത നേതാക്കളും വീട്ടിലെത്തി. സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.എം.എ. സലാം, കെ.പി.എ. മജീദ്, എം.കെ. മുനീർ തുടങ്ങിയവരായിരുന്നു ഇവർ.

വൈകീട്ട് ആറോടെ മൃതദേഹം പാണക്കാട്ടെ വീട്ടിൽ എത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. മയ്യിത്ത് വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയത് മലപ്പുറം ടൗൺഹാളിലാണെന്ന് ലീഗ് നേതൃത്വം നിരവധി തവണ അറിയിപ്പുകൾ നൽകിയപ്പോഴും പ്രവർത്തകരുടെ ഒഴുക്കായിരുന്നു. കാത്തിരിപ്പിനൊടുവിൽ വൈകീട്ട് 5.45നാണ് മൃതദേഹം പാണക്കാട്ടെത്തുന്നത്. തിരക്ക് നിയന്ത്രിക്കാൻ വളണ്ടിയർമാർക്കിടയിലൂടെ തറവാട്ട് മുറ്റത്തേക്ക് ഭൗതികദേഹവുമായി ആംബുലൻസ് പ്രവേശിച്ചപ്പോൾ അണികളുടെ തള്ളിക്കയറ്റമായിരുന്നു. ഭാര്യയും മക്കളും ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുമായിരുന്നു മൃതദേഹത്തെ അനുഗമിച്ച് ആംബുലൻസിൽ ഉണ്ടായിരുന്നത്. അടുത്ത ബന്ധുക്കൾക്കും വീട്ടുകാർക്കും അവസാനമായി കാണാനായിരുന്നു പൊതുദർശനത്തിന് മുന്നോടിയായി മൃതദേഹം പാണക്കാട്ട് എത്തിച്ചത്. ഇവിടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ഒരു മണിക്കൂറോളം പൊതുദർശനത്തിന് വെച്ച ശേഷമാണ് മലപ്പുറം നഗരമധ്യത്തിലെ ടൗൺഹാൾ മുറ്റത്തേക്ക് കൊണ്ടുപോയത്.

Tags:    
News Summary - Panakkad Tharavad soaked in tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.