മഞ്ചേരി: കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ മധ്യസ്ഥതയിലൂടെ തീർക്കാൻ സുപ്രീം കോടതി നിർദേശപ്രകാരം രാജ്യവ്യാപകമായി നടത്തുന്ന മീഡിയേഷൻ ഡ്രൈവ് ‘മീഡിയേഷൻ ഫോർ ദി നേഷൻ’ കാമ്പയിനിൽ ജില്ലക്ക് നേട്ടം. മൂന്ന് മാസത്തിനുള്ളിൽ ആയിരത്തിലേറെ കേസുകൾ തീർപ്പാക്കാനായതായി പ്രിൻസിപ്പൽ ജില്ല ജഡ്ജി കെ. സനിൽകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ് കാമ്പയിൻ നടക്കുന്നത്.
398 മോട്ടോർ ആക്സിഡന്റ് കേസുകൾ, 160 വൈവാഹിക തർക്കങ്ങൾ, 127 ചെക്ക് ബൗൺസ് കേസുകൾ, 164 ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, 194 സിവിൽ കേസുകൾ എന്നിവയാണ് തീർപ്പാക്കിയത്. രണ്ട് മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ, രണ്ടു കുടുംബ കോടതി, രണ്ട് സബ് കോടതി, സ്വതന്ത്ര ചുമതലയുള്ള മൂന്ന് മുൻസിഫ് കോടതികൾ, മൂന്ന് മുൻസിഫ് മജിസ്ട്രേറ്റ് കോടതികൾ, ആറ് മജിസ്ട്രേറ്റ് കോടതികൾ, രണ്ട് ഗ്രാമീണ ന്യായാധികാരികൾ, കൂടാതെ പോക്സോ കോടതി ആയി പ്രവർത്തിക്കുന്ന ആറ് സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ, അഞ്ച് ജില്ല കോടതികൾ, എൻ.ഡി.പി.എസ്, എസ്.സി/ എസ്.ടി കോടതി എന്നിവയാണ് ഉള്ളത്.
പോക്സോ കോടതി, എൻ.ഡി.പി.എസ് കോടതി എന്നിവിടങ്ങളിലെ കേസുകൾക്ക് ഒത്തുതീർപ്പ് സാധ്യത ഇല്ല. ബാക്കി കോടതികളിലെ കേസുകളാണ് തീർപ്പാക്കിയത്. റഫർ ചെയ്ത 2800 കേസുകളിൽ ആയിരത്തോളം കേസുകളും തീർപ്പാക്കാനായി.
ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ എം. ഷാബിർ ഇബ്രാഹിം, ജില്ല ജഡ്ജിമാരായ എം. തുഷാർ, എസ്.രശ്മി, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി.ബി. ഫസീല, മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജു, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം. ഉമ്മർ, സെക്രട്ടറി കെ.എം. സുരേഷ്, ജില്ല ഗവ. പ്ലീഡർ അഡ്വ.ടോം കെ. തോമസ്, മീഡിയേഷൻ കോഓഡിനേറ്റർ അഡ്വ.മുഹമ്മദ് റാഫി, അഭിഭാഷകരായ പി. സുരേഷ്, രാമചന്ദ്രൻ, റിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.