മലപ്പുറം: സൈ-ഹണ്ട് 2025 എന്ന പേരിൽ സൈബർ തട്ടിപ്പുകൾക്കെതിരെ പൊലീസ് നടത്തിയ സംസ്ഥാനതല റെയ്ഡിൽ ജില്ലയിൽ അറസ്റ്റിലായത് 43 പേർ. നാഷണൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി ലഭിച്ച 119 ബാങ്ക് അക്കൗണ്ടുകളാണ് ജില്ലയിൽ പരിശോധിച്ചത്. 37 കേസുകൾ രജിസ്റ്റർ ചെയ്തു. 36 അക്കൗണ്ട് ഉടമകളും ഏഴ് സഹകുറ്റവാളികളും ഉൾപ്പെടെ 43 പേർ പിടിയിലായതി മലപ്പുറം എസ്.പി ആർ. വിശ്വനാഥ് അറിയിച്ചു.
മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള 39 ഉപകരണങ്ങളും നിരവധി ചെക്ക്ബുക്കുകളും പിടിച്ചെടുത്തു. സംഘടിത കുറ്റകൃത്യമെന്ന വിഭാഗത്തിൽ വരുന്നതിനാൽ അറസ്റ്റ് ചെയ്യപ്പെട്ട 36 പേരിൽ 30 പേരെ കോടതി റിമാന്റ് ചെയ്തു. 2,10,48,800 രൂപയുടെ ഇടപാടുകളാണ് പരിശോധന നടത്തിയ 119 അക്കൗണ്ടുകളിലൂടെ നടത്തിയതായി കണ്ടെത്തിയത്. പ്രധാനമായും യുവാക്കളാണ് തട്ടിപ്പിന്റെ കണ്ണികളായി പ്രവർത്തിച്ചിരുന്നത്. മഞ്ചേരി സബ് ഡിവിഷൻ പരിധിയിൽനിന്ന് 15 പേർ അറസ്റ്റിലായി.
കൽപകഞ്ചേരി-പത്ത്, താനൂർ-ഒൻപത്, വളാഞ്ചേരി-ഒൻപത്, കൊണ്ടോട്ടി -എട്ട് എന്നിങ്ങനെ അറസ്റ്റ് നടന്നു. സൈബർ തട്ടിപ്പിന് ഉപയോഗിക്കുന്ന മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വ്യാഴാഴ്ച ജില്ലയിൽ ഒരേ സമയം വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്.
നാഷണൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ (എൻ.സി.ആർ.പി) സൈബർ തട്ടിപ്പിന് ഉപയോഗിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട ബാങ്ക് എക്കൗണ്ടുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എൻ.സി.ആർ.പിയിൽ ചുരുങ്ങിയത് അഞ്ച് പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ട എക്കൗണ്ടുകളുടെ ഉടമകളെ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഡിജിറ്റൽ അറസ്റ്റ് പോലുള്ള സൈബർ തട്ടിപ്പിലൂടെയും മറ്റും ഇത്തരം എക്കൗണ്ടുകളിൽ എത്തുന്ന പണം ചെക്ക് വഴിയോ എ.ടി.എം വഴിയോ പിൻവലിച്ച് തട്ടിപ്പുകാർക്ക് കൈമാറുകയും അതിന് കമീഷൻ വാങ്ങുകയും ചെയ്ത അക്കൗണ്ട് ഉടമകളെയും സഹകുറ്റവാളികളെയുമാണ് പിടികൂടിയത്.
ജില്ലയിൽ പത്തു മുതൽ 20 വരെ പേർ സംഘങ്ങളായി ഇടപാടിൽ കണ്ണികളായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എ.ടി.എം ഇടപാടിന് പരിധിയുള്ളതിനാൽ കൂടുതൽ പണവും ബാങ്കുകളിൽനിന്നും ചെക്ക് ഉപയോഗിച്ചതാണ് ഇവർ പിൻവലിച്ചിരിക്കുന്നത്. ബാങ്ക് എക്കൗണ്ട് ഉടമകൾക്കും ഇടനിലക്കാർക്കും ഇടപാടിൽ കമീഷനുണ്ട്. മൂന്ന് ലക്ഷം രൂപയുടെ ഇടപാടിന് 5000 രൂപവരെയാണ് കമീഷൻ. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇത്തരം പണമിടപാടുകൾ അധികവും സംഘടിത സ്വഭാവത്തിൽ നടന്നിരിക്കുന്നതെന്ന് എസ്.പി പറഞ്ഞു.
പ്രതികൾക്കെതിരെ ബി.എൻ.എസ് ആക്ട് 112 പ്രകാരം സംഘടിത കുറ്റകൃത്യത്തിന് ജാമ്യമില്ല വകുപ്പ്പ്രകാരമാണ് കേസെടുത്തത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവരാണ് പണം നഷ്ടപ്പെട്ടരിലേറെ പേരും. ഇവരെകൂടി കേസിൽ സാക്ഷികളായി പ്രതികൾക്കെതിരെ വഞ്ചനാകുറ്റം അടക്കം കൂടുതൽ വകുപ്പുകൾ ചുമത്തും. വരും ദിവസങ്ങളിലും സൈബർ തട്ടിപ്പുകൾ കണ്ടെത്താൻ പരിശോധന തുടരുമെന്ന് എസ്.പി അറിയിച്ചു. റെയ്ഡിൽ, ജില്ലയിലെ സബ് ഡിവിഷൻ ചുമതലയുള്ളഡിവൈ.എസ്.പി.മാരും മലപ്പുറം സൈബർ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരും മറ്റു പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.