പെരിന്തൽമണ്ണ: പാണമ്പിയിലെ ഇടിഞ്ഞാടി ആദിവാസി മേഖലയിലെ പത്ത് ആദിവാസി കുടുംബങ്ങൾക്ക് പാണമ്പിക്ക് സമീപം ഏറ്റെടുത്ത ഭൂമിയിൽ വീടുകളുടെ നിർമാണം അന്തിമഘട്ടത്തിൽ. വീടുകളുടെ കോൺക്രീറ്റ് പൂർത്തിയാക്കി. ചുമർ തേക്കുന്ന പ്രവൃത്തിയും മറ്റു സിവിൽ പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. അടുത്ത മാസത്തോടെ പണി പൂർത്തിയാക്കി കൈമാറാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
2018ൽ പ്രളയത്തിന് ശേഷം കലക്ടർ വഴി അനുവദിച്ച ഒരു കോടി രൂപ കൊണ്ട് ഭൂമി ഏറ്റെടുക്കാനും വീടുവെക്കാനും അധികൃതർ വേണ്ടവിധം ശ്രമിക്കാത്തതിനാൽ മുടങ്ങിയ പദ്ധതിയാണ്. പിന്നീട് താഴേക്കോട് പഞ്ചായത്ത് അധികൃതർ റവന്യൂ ഓഫിസുകളിൽ കയറിയിറങ്ങി പദ്ധതി ചലിപ്പിച്ചത്. ഒരു കുടുംബത്തിന് പത്തു ലക്ഷം രൂപവെച്ചാണ് സ്ഥലമെടുക്കാനും വീടുവെക്കാനും അനുവദിച്ചത്. മൊത്തം ഒറ്റ യൂനിറ്റ് ആക്കി പഞ്ചായത്ത് പദ്ധതി ഏറ്റെടുത്ത് പൂർത്തിയാക്കുകയാണ്. പാണമ്പി ഇടിഞ്ഞാടി നഗറിൽ താൽക്കാലിക കൂരകളിൽ പതിറ്റാണ്ടുകളായി കഴിഞ്ഞു വന്ന പത്ത് കുടുംബങ്ങൾക്കാണ് വീട്.
ഈ കുടുംബങ്ങൾ ഇപ്പോഴും പ്ലാസ്റ്റിക് ഷീറ്റ് മറച്ചു കെട്ടിയ താൽക്കാലിക കുടിലുകളിലാണ്. മഴ ശക്തമായി ഉരുൾപൊട്ടൽ ഭീഷണിയുണ്ടാവുമ്പോൾ ഓരോ വർഷവും ഇവരെ മാറ്റി പാർപ്പിക്കാറാണ്. സ്ഥലം കിട്ടാൻ മൂന്നു വർഷം അന്വേഷിച്ച് ഫയൽ മടക്കി വെക്കുകയാണ് അന്നത്തെ സബ് കലക്ടറും ആ ഘട്ടത്തിൽ പെരിന്തൽമണ്ണ താലൂക്കിലുണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥരും ചെയ്തത്.
2021 ജനുവരിയിൽ പഞ്ചായത്ത് അധികൃതർ സബ് കലക്ടറെ കണ്ട് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ശ്രമം തുടങ്ങി. 60 ലക്ഷം രൂപക്ക് ഭൂമി കണ്ടെത്തി. എല്ലാ കുടുംബങ്ങളെയും ഒരേ സ്ഥലത്ത് പുനരധിവസിപ്പിക്കാനാണ് ഭൂമി വാങ്ങിയത്. ശേഷിക്കുന്ന 40 ലക്ഷം കൊണ്ട് പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് വീടുനിർമാണം ആരംഭിച്ചത്. ഇതിനു പുറമെ പട്ടികവർഗ ക്ഷേമ വകുപ്പ് ഒരു കുടുംബത്തിന് രണ്ടു ലക്ഷം വീതം കൂടി അനുവദിച്ചു.
പെരിന്തൽമണ്ണ: താഴേക്കോട് പാണമ്പി, ഇടിഞ്ഞാടി മേഖലകളിൽ ആദിവാസി കുടുംബങ്ങൾക്ക് അംബേദ്കർ പദ്ധതിയും. പദ്ധതിയിൽ പാണമ്പി, ഇടിഞ്ഞാടി മേഖലക്ക് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇടിഞ്ഞാടിയിൽ ഏഴു കുടുംബങ്ങൾക്ക് വീട് നിർമിക്കും. ശേഷിക്കുന്ന തുക പാണമ്പിയിൽ വീടുയരുന്ന ഭാഗത്ത് കുടിവെള്ളമൊരുക്കാനും ചുറ്റുമതിൽ കെട്ടാനും ഉപയോഗിക്കും. അംബേദ്കർ പദ്ധതി അനുവദിച്ചിട്ട് ഒരു വർഷമായി.
പുനരധിവാസ പദ്ധതി പോലെ നീളരുതെന്നാണ് കുടുംബങ്ങളുടെ ആവശ്യം. പഞ്ചായത്ത് നേരിട്ടാണ് വീടുപണി നടത്തുന്നത്. ഇടിഞ്ഞാടിയിൽ ഇവർ കഴിയുന്ന സ്ഥലത്തിന് ഇതുവരെ സർക്കാർ പട്ടയം നൽകിയിട്ടില്ല. ഭൂമിക്ക് പട്ടയം നൽകി ഭൂമി പതിച്ചു നൽകണമെന്നതും ആവശ്യമാണ്. പത്തു വീടുകളുടെ ഗുണഭോക്താക്കളിൽ രണ്ടു പേർ 2019 ൽ ഫണ്ട് അനുവദിച്ച ശേഷം സ്വന്തമായി വീട്ടിൽ അന്തിയുറങ്ങാൻ ഭാഗ്യം ലഭിക്കാതെ മരണപ്പെട്ടു. അവരുടെ ആശ്രിതരെ കണ്ടെത്തി വീടു കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.