വേങ്ങര: കെ.എസ്.ഇ.ബി കുന്നുംപുറം സെക്ഷന് കീഴിൽ വട്ടപ്പൊന്തയിൽ സബ് സ്റ്റേഷൻ നിർമാണജോലികൾ വേഗത്തിലാക്കണമെന്ന ആവശ്യമുയരുന്നു. വേനൽ ശക്തി കൂടുന്നതോടെ വൈദ്യുതിയുടെ രാത്രികാല ഉപഭോഗം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇത് താങ്ങാനാവാതെ പലയിടത്തും വൈദ്യുതി വിച്ഛേദിക്കുകയാണ്. എടരിക്കോട്, കിഴിശ്ശേരി, തലപ്പാറ ഫീഡറുകളിൽനിന്നാണ് കുന്നുംപുറത്ത് വൈദ്യുതി വിതരണത്തിനായി എത്തുന്നത്. ഉപഭോഗം അനിയന്ത്രിതമായി വർധിച്ചതിനാൽ ലൈനിൽ താങ്ങാവുന്നതിലധികം ലോഡ് കൂടുകയും അവസാന ഭാഗത്തെ കണക്ഷനുകൾ ഓട്ടോമാറ്റിക് സംവിധാനമുപയോഗിച്ച് ഓഫാക്കുകയുമാണ്. ഇതോടെ രാത്രി പലയിടത്തും വൈദ്യുതി വിതരണം ഇല്ലാതാവുമെന്ന് കെ.എസ്.ഇ.ബി അധികൃതകർ തന്നെ പറയുന്നു.
പ്രശ്നം പരിഹരിക്കാനായി കണ്ണമംഗലത്ത് വട്ടപ്പൊന്തയിൽ സബ്സ്റ്റേഷൻ തുടങ്ങാൻ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് സബ്സ്റ്റേഷന്റെ പണികൾ പൂർത്തീകരിച്ച് വൈദ്യുതി വിതരണം തുടങ്ങിയില്ലെങ്കിൽ അടുത്ത വേനലിൽ ഇതിനേക്കാൾ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരികയെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വകുപ്പുതല പേപ്പർ വർക്കുകൾ പെട്ടെന്ന് പൂർത്തീകരിക്കുമെന്നും ലൈൻ വലിക്കാനും മറ്റും നാട്ടുകാരുടെ സഹകരണം അത്യാവശ്യമാണെന്നും കെ.എസ്.ഇ.ബി കുന്നുംപുറം സെഷൻ എ.ഇ അനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വള്ളിക്കുന്ന്: തീരദേശത്തെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കണ്ട് വള്ളിക്കുന്ന് കെ.എസ്.ഇ.ബി സെക്ഷൻ. 2017ലെ കടലാക്രമണത്തിൽ അരിയല്ലൂർ മുദിയം ബീച്ച് ഭാഗത്ത് 700 മീറ്ററോളം 11 കെ.വി ലൈനും എൽ.ടി ലൈനും പൂർണമായി നശിച്ചിരുന്നു.
ഇതോടെ വള്ളിക്കുന്ന് ബീച്ച്, ആനങ്ങാടി ഭാഗങ്ങളിൽ പരപ്പനങ്ങാടി സബ് സ്റ്റേഷനിൽനിന്നുള്ള 11 കെ.വി ബീച്ച് ഫീഡർ ലഭിക്കാത്തതിനെ തുടർന്ന് ഈ ഭാഗങ്ങളിൽ വലിയ പ്രതിസന്ധി നേരിടുകയായിരുന്നു. മുദിയം ബീച്ച് ഭാഗത്തെ ജനങ്ങളുടെ എതിർപ്പ് കാരണം ഈ ലൈൻ വലിക്കാൻ അനുമതി ലഭിക്കാത്തതിനാൽ ബോർഡിന്റെ തനത് ഫണ്ടിൽനിന്ന് 73 ലക്ഷം രൂപ വകയിരുത്തി അരിയല്ലൂർ ശിവക്ഷേത്രം മുതൽ മുദിയം ബീച്ച് വരെ എ.ബി.സി കേബിൾ വലിച്ചു.
പരപ്പനങ്ങാടി എ.ഇ.ഇയുടെയും വള്ളിക്കുന്ന് എ.ഇ.യുടെയും പ്രയത്നഫലമായി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച ലൈൻ കഴിഞ്ഞ ദിവസം ചാർജ് ചെയ്തു. ഇതോടെ വള്ളിക്കുന്ന് കെ.എസ്.ഇ.ബി പരിധിയിൽ നിരന്തരം ഉണ്ടായിരുന്ന വൈദ്യുതി തടസ്സത്തിന് പരിഹാരമായി. മുദയം ബീച്ച് മുതൽ ആനങ്ങാടി ബീച്ച് വരെ എ.ബി.സി കേബിൾ വലിക്കുന്ന പ്രവൃത്തി അടുത്ത ആഴ്ച പൂർത്തിയാക്കുമെന്ന് അസി. എൻജിനീയർ പറഞ്ഞു. വൈദ്യുതി തകരാറുകൾ വളരെയധികം കുറക്കാൻ ഇത് ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.