ചോക്കാട് നാൽപതു സെന്റ് സന്ദർശിച്ച മുൻ വാർഡ് അംഗം ഷാഹിന ബാനു കുടുംബങ്ങളുമായി സംസാരിക്കുന്നു
കാളികാവ്: ജില്ലയിലെ ഏറ്റവും വലിയ ആദിവാസി ഉന്നതി സ്ഥിതിചെയ്യുന്ന ചോക്കാട് നാൽപതു സെന്റിൽ പോളിങ് ബൂത്ത് വേണമെന്ന ആവശ്യം ശക്തമാകുന്നു. നൂറിലേറെ ആദിവാസി കുടുംബങ്ങൾ അധിവസിക്കുന്ന ആദിവാസിനഗറിൽ ഇരുനൂറോളം വോട്ടർമാരുണ്ട്. എന്നിട്ടും ഇവിടെ ഒരിക്കൽപോലും വോട്ടെടുപ്പ് കേന്ദ്രം ഒരുക്കിയിട്ടില്ല.
ഇവിടെ ആദിവാസികൾക്കായി ആശുപത്രി, എൽ.പി സ്കൂൾ, അംഗൻവാടി എന്നിവയൊക്കെ അനേക വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്.
ചുരുക്കം ചിലരൊഴിച്ച് എല്ലാ കുടുംബങ്ങൾക്കും വീടുകളുമുണ്ട്. ഇപ്പോൾ ഇരുനൂറിലേറെവരുന്ന ആദിവാസികൾക്ക് വോട്ടുചെയ്യണമെങ്കിൽ രണ്ടു കിലോമീറ്റർ നടന്ന് താഴെ പെടയന്താൾ ഗവൺമെന്റ് എൽ.പി സ്കൂളിലെത്തണം. പ്രയാസം കണക്കിലെടുത്ത് അധികപേരും വോട്ടു ചെയ്യാറില്ല. കഴിഞ്ഞ ദിവസം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആദിവാസി നഗറിൽനിന്ന് 40ഓളം പേർ വോട്ട് ചെയ്യാൻ എത്തിയില്ല.
പെടയന്താൾ സ്കൂളിലെ 215ാം നമ്പർ പോളിങ് സ്റ്റേഷനിലാണ് നാൽപതു സെന്റുകാർ വോട്ട് രേഖപ്പെടുത്തിയത്. ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ, കുത്തിവെപ്പുകൾ, മറ്റു സഹായവിതരണങ്ങൾ തുടങ്ങിയുള്ള എല്ലാ കാര്യങ്ങൾക്കും ആദിവാസികളെ അങ്ങോട്ട് ചെന്നുകാണാറാണ് പതിവ്.
കെട്ടുങ്ങൽ, നാൽപത് സെന്റ് മേഖലയിലെ വോട്ടർമാരെ ഉൾപ്പെടുത്തി നാൽപതു സെന്റ് ജി.എൽ.പി സ്കൂളിൽ പോളിങ് സ്റ്റേഷൻ ആരംഭിക്കണമെന്ന് സി.പി.എം ബ്രാഞ്ച് നേതാക്കളായ ഷാഹിന ബാനു, മാനുക്കുട്ടൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.