അരീക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ കൈപ്പക്കുളം മുതൽ പുത്തലം വരെയുള്ള റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പി.കെ. ബഷീർ എം.എൽ.എയുടെ അടിയന്തര ഇടപെടൽ. യാത്രക്കാരുടെയും വ്യാപാരികളുടെയും യാത്രാദുരിതം കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. തുടർന്നാണ് കുരുക്ക് പരിഹരിക്കാൻ എം.എൽ.എയുടെ താൽക്കാലിക നടപടി ഉണ്ടായത്. നിലവിലെ റോഡിന്റെ അറ്റകുറ്റപ്പണിക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എം.എൽ.എക്കും നാട്ടുകാർക്കും ഉറപ്പ് നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പള്ളി കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന റോഡ് സന്ദർശനത്തിന്റെയും ചർച്ചയുടെയും ഭാഗമായാണ് തീരുമാനം.
വളരെ വേഗത്തിൽ തന്നെ കൈപ്പക്കുളം ഭാഗത്ത് തകർന്ന റോഡിൽ കട്ട വിരിക്കും. നിലവിലെ ഗതാഗത കുരുക്കിന് പരിഹാരമായി പുത്തലം ജുമുഅത്ത് പള്ളിയുടെ മുൻഭാഗത്തെ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടാനും നിലവിലുള്ള പുത്തലം പള്ളിയുടെ കിണർ മൂടി മറ്റൊരു സ്ഥലത്ത് കിണർ നിർമിക്കാനും ധാരണയായി.
കിണർ നിർമാണത്തിന് ആവശ്യമായ സ്ഥലം കണ്ണഞ്ചേരി ബിച്ചുട്ടി മൈത്ര നൽകാമെന്നറിയിച്ചു. സ്ഥലം ലഭ്യമാവുന്ന മുറക്ക് ആവശ്യമായ കിണർ നിർമാണവും മോട്ടോർ സ്ഥാപിക്കലും പൂർത്തിയാക്കാമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അരീക്കോട് യൂനിറ്റ് കമ്മിറ്റി അറിയിച്ചു. വകുപ്പ് ഉദ്യോഗസ്ഥരുമായി എം.എൽ.എ നടത്തിയ ചർച്ചയിലും റോഡ് സന്ദർശനത്തിലും മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി. സഫറുല്ല, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.സി. മുഹമ്മദ് നാണി, സി. സുഹൂദ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.കെ.ടി. അബ്ദുഹാജി, അംഗങ്ങളായ സി.കെ. അഷ്റഫ്, കെ. സാദിൽ, പഞ്ചായത്ത് മുസ്ലിംലീഗ് ജന.സെക്രട്ടറി ഉമ്മർ വെള്ളേരി,കോട്ട മുഹിയുദ്ദീൻ, സാജി പനോളി, എ.കെ. നസീൽ, കെ. ബുഷൈർ, മഹല്ല് കമ്മിറ്റി ഭാരവാഹികളായ യു. നാസർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.